Monday, October 1, 2012

ശിഥിലമായിട്ടില്ലാത്ത ചില ചിന്തകള്‍

ആദ്യമേ‌ പറയാം. ഇത് വ്യക്തിഹത്യ ഉദ്ദേശിച്ചുള്ള എഴുത്തല്ല. ചില ആളുകളുടെ അഭിപ്രായം കാണുമ്പോള്‍ ഇങ്ങനെയും മനുഷ്യരോ എന്ന് അദ്‌‌ഭുതപ്പെടുന്നതിനെ വ്യക്തിഹത്യ ആയി കൂട്ടാന്‍ സാധിക്കില്ല. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാവരും  മനസ്സില്‍ അല്പ‌‌സ്വല്പം എലീറ്റിസം ഒക്കെ കൊണ്ടുനടക്കുന്നവരായിരിക്കും. എന്നെ ഞാനെങ്കിലും  പൊക്കിപ്പറഞ്ഞില്ലെങ്കില്‍ ആര് പറയാന്‍ എന്നൊരു തോന്നല്‍ മനസ്സിലുള്ളത് കൊണ്ട് ഞാന്‍ എന്നെത്തന്നെ ഇടക്കിടക്ക് പൊക്കിപ്പറയാറുണ്ട്. എന്നാലും  ഇതുപോലെയുള്ള പരസ്യമായ കാര്യങ്ങള്‍ക്ക് നില്ക്കുന്നവര്‍ വളരെ കുറവാണെന്ന് തോന്നുന്നു.

ആദ്യത്തെ പോസ്റ്റ്: https://plus.google.com/u/0/111077734329263556337/posts/KVRVXSuyUN8
  
ഗ്യാസ് സിലിണ്ടര്‍ ആണ് ഇന്നത്തെ ചിന്താവിഷയം. വര്‍ഷത്തില്‍ ആറ് സിലിണ്ടറിന് മാത്രം സബ്‌സിഡി എന്നും പിന്നെയും വാങ്ങുന്ന സിലിണ്ടറിന് സബ്‌സിഡി ഇല്ല എന്നും പറയുമ്പോഴേക്കും ഭാരത് ബന്ദായി. അപ്പോള്‍ 9 സിലിണ്ടറിന് സബ്‌സിഡി ആക്കാമെന്നായി. ഇവിടെ സ്ഥിരമായി ആറോ ഒന്‍പതോ സിലിണ്ടര്‍ സ്ഥിരമായി എത്ര പേര്‍ക്ക് കിട്ടുന്നുണ്ടാകും? ഈ 9 സിലിണ്ടറിന് സബ്‌സിഡി നല്‍കിയാല്‍ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും 9 സിലിണ്ടര്‍ കൃത്യമായി ഗ്യാസ് ഏജന്‍സികള്‍ നല്‍കും എന്ന് സര്‍ക്കാരിന് ഉറപ്പ് വരുത്താന്‍ കഴിയുമോ?

സബ്‌സിഡി ഉള്ളത്കൊണ്ടാണ് ഏജന്‍സികള്‍ക്ക് സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ കഴിയുന്നത്. എത്രയോ ഏജന്‍സികളില്‍ ഗ്യാസ് സിലിണ്ടറിന് ബുക്ക് ചെയ്താല്‍ രണ്ടോ മൂന്നോ മാസം കാത്തിരിക്കണം. എന്നാല്‍ ബ്ലേക്കില്‍ വാങ്ങാന്‍ തയ്യാറുള്ളവന് ഫോണ്‍ വിളിച്ചാല്‍ അപ്പോള്‍ തന്നെ സിലിണ്ടര്‍ ലഭിക്കും. ആവശ്യത്തിന് സിലിണ്ടര്‍ ലഭിക്കാതെ എത്രയോ ഉപഭോക്താക്കള്‍ ഇപ്പോള്‍ കഷ്ടപ്പെടുന്നുണ്ട്. സബ്‌സിഡി ഉള്ളത്കൊണ്ടാണ് ഈ പ്രശ്നം. സബ്‌സിഡി നിര്‍ത്തലാക്കിയാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും കൃത്യമായി സിലിണ്ടര്‍ ലഭിക്കുമായിരുന്നു.

പാചകത്തിന് മറ്റേത് ഇന്ധനത്തേക്കാളും ലാഭം സബ്‌സിഡി ഇല്ലാതെ തന്നെ എല്‍.പി.ജി.സിലിണ്ടറുകളാണ്. വിറകിനൊക്കെ എന്താ വില? അതും സംഘടിപ്പിക്കാന്‍ എന്ത് പാടാണ്. മറ്റെന്തും എത്ര വില കൊടുത്തും ആളുകള്‍ വാങ്ങുമ്പോള്‍ സര്‍ക്കാര്‍ സംബന്ധപ്പെട്ട സാധനങ്ങള്‍ക്ക് വില ഉയര്‍ത്തുമ്പോഴാണ് ബന്ദും ഹര്‍ത്താലും ഉണ്ടാക്കുന്നത്. അതാണല്ലൊ സൌകര്യവും. ആളുകളുടെ ക്രയശേഷി ഇന്ന് വളരെ വര്‍ധിച്ചിട്ടുണ്ട്. ഉപഭോഗ സാധനങ്ങളുടെ ലഭ്യതയും കൂടിയിട്ടുണ്ട്. എല്‍.പി.ജി. ഇത്രയും സാര്‍വ്വത്രികമാകാത്ത സമയം, ഒരു പതിനഞ്ച് കൊല്ലം മുന്‍പ് വരെ ഗ്യാസ് കണക്‍ഷന്‍ ലഭിക്കാന്‍ അപേക്ഷ കൊടുത്ത് രണ്ടും മൂന്നും വര്‍ഷങ്ങള്‍ കാത്തിരിക്കണമായിരുന്നു.

കേരളത്തില്‍ ബി.പി.എല്‍.കാര്‍ക്ക് 9 സിലിണ്ടറിന് സബ്‌സിഡി നല്‍കും എന്ന് പറയുന്നു. അത് ഏജന്‍സിക്കാരന് നല്ല ഒരു അവസരമാണ് തുറന്നുകൊടുക്കുന്നത്. കേരളത്തില്‍ എത്ര ബി.പി.എല്‍.കാര്‍ഡുടമകള്‍ വര്‍ഷത്തില്‍ 9 സിലിണ്ടര്‍ വാങ്ങും? ഏജന്‍സികള്‍ക്ക് ബ്ലാക്കില്‍ വില്‍ക്കാന്‍ കഴിയുന്ന സിലിണ്ടറുകളുടെ എണ്ണം കൂടുകയാണ് ഇത് മൂലം ചെയ്യുക. സിലിണ്ടറുകള്‍ കൃത്യമായി ലഭിക്കാത്തത്കൊണ്ട് നാട്ടില്‍ എപ്പോഴും പ്രശ്നമാണ്. എന്നാല്‍ ഫലപ്രദമായ പരിഹാരം കാണാന്‍ സര്‍ക്കാരിനോ ജില്ലാഭരണകൂടങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് വിവാദങ്ങളെ ഭയന്ന് സര്‍ക്കാര്‍ തുഗ്ലക്ക് മോഡലില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് വേണ്ടത് കൃത്യസമയത്ത് സിലിണ്ടറുകള്‍ ലഭിക്കലായിരുന്നു. സബ്‌സിഡി ഇല്ലെങ്കിലും കുഴപ്പമില്ലായിരുന്നു. ശരിക്ക് പറഞ്ഞാല്‍ ഗ്യാസ് ഉപയോഗിക്കുന്നവര്‍ക്ക് എന്തിനാണ് സബ്‌സിഡി? മറ്റെന്തെല്ലാം സാധനങ്ങള്‍ ചോദിക്കുന്ന വില കൊടുത്ത് ആളുകള്‍ വാങ്ങി വരുന്നു! നാട്ടിലെ ഗ്യാസ് ഏജന്‍സിക്കാരനുമായി ഞാന്‍ എപ്പോഴും വഴക്കിലാണ്. എത്രയോ പ്രാ‍വശ്യം പരാതികള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും അടുത്ത സിലിണ്ടര്‍ എപ്പോള്‍ കിട്ടും എന്ന് ഒരു നിശ്ചയവുമില്ല. ഇത് ചോദിക്കാനും പറയാനും ഒരു രാഷ്ട്രീയക്കാരനുമില്ല. അത്കൊണ്ട് ഈ ശപിക്കപ്പെട്ട സബ്‌സിഡി ഒഴിവാ‍യെങ്കില്‍ ആവശ്യത്തിന് സിലിണ്ടര്‍ കിട്ടുമല്ലോ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്!
 
ഉള്ളത് പറയുമ്പോള്‍ ഉറിയും ചിരിക്കും എന്നാണല്ലൊ. നാട്ടില്‍ ഇപ്പോള്‍ അഞ്ഞൂറും അതിന് മേല്‍പ്പെട്ടും ആണ് കൂലി. അതും ഓഫീസ് സമയം. ഈ തുകയൊന്നും ഒരു വീട്ടിലും എത്തുന്നില്ല. വൈകുന്നേരം ആകുമ്പോള്‍ വെള്ളം അടിക്കാന്‍ മുന്നൂറും നാനൂറും ചെലവാക്കുന്നു. അവനൊക്കെ തിന്നുന്ന അരിക്കും പാചകം ചെയ്യുന്ന ഗ്യാസിനും സബ്‌സിഡിയില്ലാതെ മുഴുവന്‍ തുകയും കൊടുക്കണം എന്ന് പറഞ്ഞാല്‍ പിന്തിരിപ്പനാകും.

ഹൈലറ്റുകള്‍:
1) സബ്‌സിഡി ഉള്ളത്കൊണ്ടാണ് ഏജന്‍സികള്‍ക്ക് സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ കഴിയുന്നത്

2) കേരളത്തില്‍ ബി.പി.എല്‍.കാര്‍ക്ക് 9 സിലിണ്ടറിന് സബ്‌സിഡി നല്‍കും എന്ന് പറയുന്നു. അത് ഏജന്‍സിക്കാരന് നല്ല ഒരു അവസരമാണ് തുറന്നുകൊടുക്കുന്നത്. കേരളത്തില്‍ എത്ര ബി.പി.എല്‍.കാര്‍ഡുടമകള്‍ വര്‍ഷത്തില്‍ 9 സിലിണ്ടര്‍ വാങ്ങും? ഏജന്‍സികള്‍ക്ക് ബ്ലാക്കില്‍ വില്‍ക്കാന്‍ കഴിയുന്ന സിലിണ്ടറുകളുടെ എണ്ണം കൂടുകയാണ് ഇത് മൂലം ചെയ്യുക.

3) ഉപഭോക്താക്കള്‍ക്ക് വേണ്ടത് കൃത്യസമയത്ത് സിലിണ്ടറുകള്‍ ലഭിക്കലായിരുന്നു. സബ്‌സിഡി ഇല്ലെങ്കിലും കുഴപ്പമില്ലായിരുന്നു. ശരിക്ക് പറഞ്ഞാല്‍ ഗ്യാസ് ഉപയോഗിക്കുന്നവര്‍ക്ക് എന്തിനാണ് സബ്‌സിഡി? മറ്റെന്തെല്ലാം സാധനങ്ങള്‍ ചോദിക്കുന്ന വില കൊടുത്ത് ആളുകള്‍ വാങ്ങി വരുന്നു!

4)‌ നാട്ടില്‍ ഇപ്പോള്‍ അഞ്ഞൂറും അതിന് മേല്‍പ്പെട്ടും ആണ് കൂലി. അതും ഓഫീസ് സമയം. ഈ തുകയൊന്നും ഒരു വീട്ടിലും എത്തുന്നില്ല. വൈകുന്നേരം ആകുമ്പോള്‍ വെള്ളം അടിക്കാന്‍ മുന്നൂറും നാനൂറും ചെലവാക്കുന്നു. അവനൊക്കെ തിന്നുന്ന അരിക്കും പാചകം ചെയ്യുന്ന ഗ്യാസിനും സബ്‌സിഡിയില്ലാതെ മുഴുവന്‍ തുകയും കൊടുക്കണം എന്ന് പറഞ്ഞാല്‍ പിന്തിരിപ്പനാകും.

ഇതൊക്കെ കേട്ട് ആ വീട്ടിലെ ഉറി ചിരിച്ചോ കരഞ്ഞോ എന്നെനിക്കറിയില്ല. വീട്ടില്‍ ഗ്യാസ് കണക്ഷന്‍ ഉള്ളവര്‍ ബി പി എല്‍ ലിസ്റ്റില്‍ നിലനില്‍ക്കുമോ എന്നുള്ളതൊന്നും  ചോദ്യമല്ല. നാട്ടില്‍ കുടിക്കാതെ വീടുനോക്കുന്ന കൂലിപ്പണിക്കാര്‍ ഇല്ലല്ലോ, അപ്പപ്പിന്നെ പറഞ്ഞതൊക്കെ ഗംഭീരന്‍ ലോജിക്ക് തന്നെ. രണ്ടാമത്തെ പോസ്റ്റ് കൂടി ആയാലേ ഇതിന്റെ പിന്നിലെ വികാരം ക്രിത്യമായി മനസ്സിലാകൂ. https://plus.google.com/u/0/111077734329263556337/posts/gVzajyxxcNn

ഗ്യാസ് സിലിണ്ടറിന് ഇന്നത്തെ വിലനിലവാരം അനുസരിച്ച് ഒരു സിലിണ്ടറിന് സര്‍ക്കാര്‍ 344. 17 രൂപ സബ്‌സിഡി അനുവദിക്കുന്നു എന്നാണ് കണക്ക്. ഇപ്പോള്‍ സബ്‌സിഡി അനുവദിക്കുന്ന സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ 6 ആയി സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് വര്‍ഷത്തില്‍ 344.17 X 6 = 2065.02 രൂപ നമുക്ക് സബ്‌സിഡി കിട്ടും എന്നര്‍ത്ഥം. ഇത് ഒരു ദിവസത്തേക്ക് കണക്ക് കൂട്ടിയാല്‍ കിട്ടുന്ന സബ്‌സിഡി 5രൂപ 65 പൈസയാണ്. ഈ പിച്ചക്കാശ് സര്‍ക്കാരില്‍ നിന്ന് വാങ്ങേണ്ടെന്ന് ഞാന്‍ മക്കളോട് പറഞ്ഞിട്ടുണ്ട്. ദിവസവും എത്ര പൈസ അനാവശ്യമായി ചെലവാക്കുന്നു. കച്ചവടക്കാര്‍ എത്ര പൈസ നമ്മളോട് ദിവസവും കൊള്ളലാഭം എടുക്കുന്നു.

അത്കൊണ്ട് ഓരോ ദിവസത്തേക്കും സര്‍ക്കാരിന്റെ വക നക്കാപ്പിച്ചയായി 5രൂപയും 65പൈസയും വേണ്ട. മുഴുവന്‍ വിലയും കൊടുത്താലെങ്കിലും ഏജന്‍സിക്കാരന്റെ കാല് പിടിക്കാതെ സിലിണ്ടര്‍ ബുക്ക് ചെയ്ത ഉടനെ എത്തിച്ചു തരുന്നതിന് സര്‍ക്കാരിന് നടപടി സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ ഉപകാരമായിരുന്നു. ദിവസവും സബ്‌സിഡി ഇനത്തില്‍ ഈ പിച്ചക്കാശ് സ്വീകരിക്കുന്ന പണക്കാരുടെ കാര്യം അവര്‍ അവരുടെ മാനം മര്യാ‍ദ അനുസരിച്ച് തീരുമാനിക്കട്ടെ!

അത്കൊണ്ട് ഓരോ ദിവസത്തേക്കും സര്‍ക്കാരിന്റെ വക നക്കാപ്പിച്ചയായി 5രൂപയും 65പൈസയും വേണ്ട. മുഴുവന്‍ വിലയും കൊടുത്താലെങ്കിലും ഏജന്‍സിക്കാരന്റെ കാല് പിടിക്കാതെ സിലിണ്ടര്‍ ബുക്ക് ചെയ്ത ഉടനെ എത്തിച്ചു തരുന്നതിന് സര്‍ക്കാരിന് നടപടി സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ ഉപകാരമായിരുന്നു. ദിവസവും സബ്‌സിഡി ഇനത്തില്‍ ഈ പിച്ചക്കാശ് സ്വീകരിക്കുന്ന പണക്കാരുടെ കാര്യം അവര്‍ അവരുടെ മാനം മര്യാദ അനുസരിച്ച് തീരുമാനിക്കട്ടെ!

ഏകദേശ രൂപം മനസ്സിലായിക്കാണുമല്ലോ. ഇന്ന് ഫേസ്‌‌ബുക്കിലോ പ്ലസ്സിലോ പ്രതികരിക്കുന്നവരില്‍, സബ്‌‌സിഡീകള്‍ക്ക് വേണ്ടി വാദിക്കുന്നവരില്‍ ബി പി എല്‍ കാര്‍ഡുള്ള എത്ര ആളുണ്ടെന്നോ കിട്ടുന്ന ശമ്പളം കൊണ്ട് സബ്‌‌സിഡികള്‍ ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത എത്ര പേരുണ്ടെന്നോ എനിക്കറിയില്ല. അദ്ദേഹത്തിന് അറിയാമോ എന്നും  എനിക്കറിയില്ല. എല്ലാവരും  ഒരു കാര്യത്തിനുവേണ്ടി വാദിക്കുന്നത് അവനവന് ആര്‍മാദിക്കാനാണല്ലോ. വീട്ടിലെ കോഴിക്ക് കൊടുക്കാന്‍ റേഷന്‍ സബ്‌‌സിഡീ വേണം എന്ന് പറയുന്നത് പോലെ. കയ്യില്‍ ജീവിക്കാന്‍ കാശുണ്ടായിക്കഴിഞ്ഞാല്‍, വിശപ്പിന്റെ കാലം കഴിഞ്ഞ് തീറ്റ എല്ലില്‍ കുത്താന്‍ തുടങ്ങിയാല്‍ സാമൂഹിക പ്രതിബദ്ധത തീരുകയും  പിച്ചക്കാരനെക്കണ്ടാല്‍ മൂക്ക് പൊത്തുകയും  ചെയ്യുന്നത് മനുഷ്യന്റെ പൊതുസ്വഭാവമാണോ അതോ ജീനുകളിലൂടെ പകര്‍ന്ന് കിട്ടുന്നതാണോ എന്നെനിക്കറിയില്ല.

വേദനിക്കുന്ന കോടീശ്വരന്മാരെ കളിയാക്കാനല്ലാതെ കാശുകാരെ ബഹുമാനിക്കാന്‍ നീയൊക്കെ എന്നാടാ തെണ്ടികളേ പഠിക്കാന്‍ പോകുന്നത്? കണ്ട തെണ്ടികളൊക്കെ സബ്‌‌സിഡിക്ക് ഗ്യാസ് വാങ്ങി കഞ്ഞിവച്ച് തിന്നാ ഞങ്ങക്ക് പിന്നെ സിലിണ്ടര്‍ ആര് തരും? നമ്മക്ക് സമയത്ത് കഴിച്ചില്ലേ ഗ്യാസ് വരും. വല്ലപ്പോഴും  കഴിക്കുന്നവന് ഇതൊക്കെ അറിയണോ.. അല്ലെങ്കിലും  പിച്ചക്കാരും  ഗ്യാസ് സിലിണ്ടറും  തമ്മില്‍ എന്ത് ബന്ധം..

Tuesday, March 27, 2012

വിശ്വാസിയുടെ സ്വാഭാവിക അസഹിഷ്ണുത പ്രകടമാക്കി മാര്‍പ്പാപ്പയും സോഷ്യലിസ്റ്റിന്റെ സഹിഷ്ണുതയുമായി ക്യൂബയും.

വേറെ ഒരു മതം കാലഹരണപ്പെട്ടതാണ് എന്നും പറഞ്ഞു ആ മതത്തിനു വലിയ സ്വാധീനമുള്ള ഒരു സ്ഥലത്തേക്ക് കയറി ചെന്നാല്‍ വിവരം അറിയും. അത് മതങ്ങളുടെ സഹജമായ അസഹിഷ്ണുത. ഇവിടെ മാര്‍പ്പാപ്പയുടെ വിവരക്കേടിനു മാന്യത കൊണ്ടും സഹിഷ്ണുത കൊണ്ടും മറുപടി കൊടുത്ത ക്യൂബ ഒരു നല്ല സംസ്കാരം തന്നെ കാണിച്ചു. പഴയ നാസി പട്ടാളക്കാരന്‍ (പവ്വത്തിലിന്റെ ഭാഷയില്‍   മഹാ പണ്ഡിതന്‍, ചക്കര കുട്ടന്‍) ക്യൂബയിലെ വിപ്ലവ ചത്വരത്തില്‍ കുര്‍ബാന നടത്തി. പരമ്പരാഗത മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന് വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളോടു പ്രതികരിക്കാനാവുന്നില്ലെന്ന്  ഉള്ള വലിയ കണ്ടുപിടുത്തം നടത്തി വന്ന പണ്ഡിതനെ വര്‍ഷങ്ങളായി മുതലാളിത രാഷ്ട്രങ്ങളുടെ ഉപരോധത്തിന് മുന്നില്‍ പിടിച്ചു നിന്ന ഒരു ജനത, അതും ആകെ ജനസംഖ്യയുടെ പത്തുശതമാനം പോലും കത്തോലിക്കര്‍ ഇല്ലാത്ത ഒരു നാട്ടില്‍ മുഖത്ത് തുപ്പാതെ സ്വീകരിച്ചതു ഇനിയെങ്കിലും മഹാ പണ്ഡിതരെ ഒന്ന് ചിന്തിപ്പിക്കും എന്ന് കരുതുന്നു. ക്യൂബയില്‍ ഇപ്പൊ കത്തോലിക്കാ വോട്ടു കിട്ടാന്‍ ഇലക്ഷന്‍ ഒന്നും നടക്കാനില്ലാത്ത സാഹചര്യത്തില്‍ അവര്‍ കാണിച്ച മാന്യത കമ്യൂണിസ്റ്റ്  സഹജമായ മനുഷ്യത്വം ആയി തന്നെ കാണണം. ഇനി മാര്‍പ്പാപ്പയെ ചീത്ത പറഞ്ഞാല്‍ നരകത്തില്‍ പോകും എന്ന് പേടിച്ചാണ് അവര്‍ അങ്ങനെ ചെയ്തത് എന്ന് പറയാനാണെങ്കില്‍ ഒരു നല്ല നമസ്കാരം. 

ആധുനിക ലോകത്തിനു വളരെ ഒത്തു പോകാവുന്ന ഒരു സംഭവം ആണ് കത്തോലിക്കാ വിശ്വാസം എന്ന കാര്യം മാര്‍പ്പാപ്പ കഴിഞ്ഞ തവണത്തെ കൃത്രിമഗര്‍ഭധാരണ രീതികളോടുള്ള സമീപനം വ്യക്തമാക്കിയത് വഴി എല്ലാവര്ക്കും മനസ്സിലാക്കി കൊടുത്തതാണ്. കാര്യം ശരിയാണ്. അബോര്‍ഷന്‍ ദൈവ ഇഷ്ടത്തിന് വിരുദ്ധമാണെങ്കില്‍ ഐ വി എഫും എന്തിനു, രോഗത്തിന് ചികിത്സ തേടുന്നത് വരെ ദൈവ വിരുദ്ധം തന്നെ ആണ്. സര്‍വ്വ ശക്തനായ ദൈവം അവന്റെ ഇഷ്ട പ്രകാരം മനുഷ്യന് കൊടുക്കുന്ന രോഗത്തെ ചികിത്സിക്കാന്‍ പരമ പുഴു ആയ മനുഷ്യന് എന്തവകാശം? എന്തോ കേരളത്തിലെ പണ്ഡിതന്മാര്‍ ഒന്നും ഇതിനെ പറ്റി അഭിപ്രായം പറഞ്ഞുകണ്ടില്ല. ചെലപ്പോ ഇലക്ഷന്‍ ബഹളത്തില്‍ മുങ്ങിക്കാണും. (അതോ ഇനി വിശ്വാസികള്‍ തന്നെ മുഖത്ത്  തുപ്പിയാലോ എന്ന് പേടിച്ചാകാനും മതി. സ്വന്തം തൊഴിലും മാന്യതയും ഒക്കെ ആര്‍ക്കാണ് വിലയില്ലാത്തത്). പ്രാര്‍ഥനയുടെ ശക്തി കൊണ്ട് ശത്രുക്കളുടെ ആക്രമണം വരെ ഒഴിവായ കഥകള്‍ വലിയ വായില്‍ പ്രഘോഷിച്ച്  എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു ഭയമില്ലാതെ ജീവിക്കാനും വിശ്വാസത്തിന്റെ ശക്തിയില്‍ അപകടങ്ങള്‍ തനിയെ മാറുമെന്നും രോഗങ്ങള്‍ ഭേദമാകുമെന്നും വിളിച്ചു കൂവി നാവു വായിലിട്ട ഉടനെ നാലിഞ്ചു കനത്തില്‍ ബുള്ളറ്റ്പ്രൂഫ്‌  കവചത്തിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങുന്ന വലിയ ഇടയന്‍ തീര്‍ച്ചയായും വലിയ വിശ്വാസി തന്നെ ആയിരിക്കണം. ഒരു സാധാരണ വിശ്വാസി പോലും ഒന്ന് അറിഞ്ഞു വിളിച്ചാല്‍ നേരിട്ട് വന്നു സഹായിക്കുന്ന ദൈവം കോടിക്കണക്കിനു വിശ്വാസികളുടെ ഇടയനെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ മിനിമം ആയുധധാരികളായ രണ്ടു മാലാഖമാരെ എങ്കിലും വിട്ടു കൊടുക്കില്ലേ?

ആരും അബോര്‍ഷന്‍ നടത്താത്ത, ഗര്‍ഭനിരോധന ഉറകള്‍ക്ക്  സ്ഥാനമില്ലാത്ത, കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ അതിന്റെ പേരില്‍ ദൈവത്തിനു നന്ദി പറഞ്ഞു ജീവിക്കുന്ന, കുഴപ്പമൊന്നും ഇല്ലാത്തവര്‍ നൂറു കണക്കിന് സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന, ആയുധങ്ങള്‍ വെടിഞ്ഞു ആള്‍ക്കാര്‍ പ്രാര്‍ത്ഥന കൊണ്ട് ശത്രുക്കളെ അകറ്റി നിര്‍ത്തുന്ന, രോഗങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറഞ്ഞു മരുന്ന് വാങ്ങാതെ ഇരിക്കുന്ന, വര്‍ഗ്ഗീയ വിഷം തുപ്പി ആരാലും തെരഞ്ഞെടുക്കപ്പെടാതെ വിശ്വാസികളെ ഭരിക്കാനും  ആ വിശ്വാസിയുടെ വിയര്‍പ്പുകൊണ്ട്  മേലനങ്ങാതെ ജീവിക്കാന്‍ അധികാരവുമുള്ള ഇടയന്മാരെ എല്ലാ കാലവും തീറ്റി പോറ്റുകയും ചെയ്യുന്ന സമത്വസുന്ദരമായ കത്തോലിക്കാ ലോകം എത്രയും വേഗം വരട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു. ഇത് മാത്രമാണ് ആധുനിക ലോകത്തിനു യോജിച്ചത് .

Friday, July 16, 2010

അങ്ങനെ തീരുമാനമായി - സ്ത്രീകള്‍ വീട്ടിലിരുന്നാ മതി.

ആംഗ്ലിക്കന്‍ സഭ ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഒരു സമയമായിരുന്നു ഇത്. അവര്‍ സ്ത്രീകള്‍ക്ക് ബിഷപ്പ് പദവി വരെ നല്‍കാന്‍ തീരുമാനിച്ചു. പൊതുവെ എല്ലാ സഭകളും കാലാ കാലങ്ങളായി സ്ത്രീകളോടു കാണിച്ചു വരുന്ന അവഗണനയും അവരെ പൊതുവെ രണ്ടാം തരക്കാരായി പരിഗണിക്കുന്ന നിലയും ഇതൊടെ പരിശോധനകള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമാകും എന്ന ഒരു പ്രതീക്ഷ ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ എല്ലാം തകിടം മറിച്ചുകൊണ്ട് വത്തിക്കാന്‍ തീരുമാനം എടുത്തു കഴിഞ്ഞു.. സ്ത്രീകള്‍ പുറത്തിരുന്നാല്‍ മതി.
വാര്‍ത്ത ഇവിടെ.

"Federico Lombardi, the Vatican spokesman, underscored how the ordination of women is “a crime against sacraments,” while
paedophilia should be considered a “crime against morals” and both would fall under the jurisdiction of the CDF. The organisation, which was once known as the Holy Office of the Inquisition, was previously headed by the current Pope when he was Cardinal Joseph Ratzinger." മാര്‍പ്പാപ്പ ആയിട്ടും പഴയ പീഡന ഓഫീസിന്റെ സുഖം അങ്ങ് വിട്ടിട്ടില്ല എന്ന് തോന്നുന്നു.

The new rules put attempts at ordination of women among the "most serious crimes," along with paedophilia, updating a 2007 CDF decree according to which those who attempt to ordain women — and the women concerned — are subject to automatic excommunication.
സ്ത്രീ പൌരോഹിത്യം എന്ന മഹാ പാപത്തിനെ എന്തിനോടു ആണ് താരതമ്യം ചെയ്തു തുല്യ പദവി കൊടുത്തിരിക്കുന്നത്‌ എന്ന് കണ്ടു ഉണ്ടായ നടുക്കം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

അപ്പൊ അങ്ങനെ ആണ് സംഭവം. സ്ത്രീകള്‍ ബഹളം ഉണ്ടാക്കതിരിക്കാനാണ് ഞങ്ങള്‍ കുറേ ഏറെ ചര്‍ച്ചകള്‍ നടത്തി മറിയം കന്യക ആണെന്ന് തീരുമാനിക്കുകയും അത് വിശ്വാസ സത്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളത്. വല്ലതും പറയാനുണ്ടെങ്കില്‍ അങ്ങോട്ട്‌ പറഞ്ഞു മിണ്ടാതെ ഇരിക്കണം. ഇവിടം ഭരിക്കുന്നത്‌ ഞങ്ങള്‍ തന്നെ ആണ്. കാര്യം ഇടവക വികാരി ഇടവകക്കാരുടെ ശമ്പളക്കാരന്‍ ഒക്കെ ആയിരിക്കും. പക്ഷെ നിങ്ങള്‍ വിശ്വാസികള്‍ ഒന്നിനും പ്രാപ്തി ഇല്ലാത്തവരാണ്. ആയതിനാല്‍ നിങ്ങളുടെ കാശ് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള പള്ളിയും പള്ളിക്കൂടവും പള്ളിമേടയും ഒക്കെ ഞങ്ങള്‍ മാത്രം അനുഭവിച്ചു കൊള്ളും. ഞങ്ങള്‍ ഭരിക്കും. നിങ്ങളുടെ ചെലവില്‍ എന്നും ജീവിക്കുകയും രാഷ്ട്രീയം മുതല്‍ കിടപ്പറ വരെ നിങ്ങളുടെ എല്ലാ കാര്യത്തിലും ഞങ്ങള്‍ തീരുമാനം എടുക്കുകയും ചെയ്യും. നിങ്ങള്‍ അനുസരിക്കുകയും ഞങ്ങള്‍ക്കെതിരെ ആരെങ്കിലും മിണ്ടിയാല്‍ തെരുവിലിറങ്ങുകയും മാത്രം ചെയ്താല്‍ മതി. അല്ലാതെ സംഭാവന കൊടുത്തു എന്ന് പറഞ്ഞു കോളേജില്‍ മക്കള്‍ക്ക്‌ സീറ്റ് ചോദിക്കുകയോ പെണ്ണുങ്ങളെ പട്ടക്കാരി ആക്കണമെന്ന് പറയുകയോ ഞങ്ങളെ ചോദ്യം ചെയ്യുകയോ ഒന്നും വേണ്ട. ഞങ്ങള്‍ സ്വയം തെരഞ്ഞെടുക്കപ്പെട്ടവരും നിങ്ങളെ എക്കാലവും ഭരിക്കാനുള്ള അധികാരം ജന്മനാ കിട്ടിയവരും ആണ്. ഞങ്ങള്‍ ഉണ്ടാക്കുന്ന നിയമം അനുസരിച്ചാല്‍ ഇവിടെ മര്യാദക്ക് ജീവിക്കാം. അല്ലെങ്കില്‍ മക്കളുടെ കല്യാണം ബന്ധുക്കളുടെ ശവമടക്ക് ഒക്കെ ഞങ്ങള്‍ തടഞ്ഞു കളയും. പരലോകത്ത് നിങ്ങള്‍ ജീവിക്കുകയോ ജീവിക്കാതിരിക്കുകയോ ചെയ്യ്. പിന്നെ ഞങ്ങള്‍ മാത്രമാണ് മര്യാദക്കാര്‍. ആയതിനാലാണ് നിങ്ങള്‍ വിശ്വാസികളുടെ സ്വത്ത് കൈകാര്യം ചെയ്യാനും അത് വത്തിക്കാന്റെ അടിയിലാക്കാനും ഞങ്ങള്‍ നിന്നിട്ടും ഗവണ്‍മെന്റ് പോലും ഒന്നും ചോദിക്കുകയോ ദേവസ്വം ബോര്‍ഡ് പോലെ ഒന്നും ഉണ്ടാക്കുകയോ ചെയ്യാത്തത്. അതുകൊണ്ട് പറയുന്ന കേട്ടാ മതി. ചോദ്യം വേണ്ട.

എന്നിട്ടും മിണ്ടാന്‍ മടിക്കാത്ത വിശ്വാസീ നിന്നെ കുറിച്ചോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു.

Saturday, April 24, 2010

ഹാക്കിങ്ങും ക്രാക്കിങ്ങും

പോസ്റ്റ്‌ കണ്ടപ്പോള്‍ ഒരു ചെറിയ മനപ്രയാസം തോന്നി. ഹാക്കിങ്ങും ക്രാക്കിങ്ങും ഇപ്പോള്‍ പൊതുവേ ഒരേ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കപ്പെടുന്ന രണ്ടു വാക്കുകള്‍ ആണ്. എന്നാല്‍ ഇത് രണ്ടും ഒരിക്കലും ഒന്നല്ല എന്ന് മാത്രമല്ല തമ്മില്‍ നൈതികമായ വലിയ വ്യത്യാസങ്ങള്‍ ഉണ്ടുതാനും.

ആദ്യമേ തന്നെ ക്രാക്കിംഗ് എന്താണെന്ന് പറയാം. ഈ പരിപാടി പൊതുവേ ചെയ്യുന്നവര്‍ അവരെ തന്നെ ഹാക്കര്‍മാര്‍ എന്ന് വിളിക്കുന്നതുകാരണം ഈ വാക്ക്‌ പൊതുവേ ഉപയോഗിക്കപ്പെടുന്നില്ല. ഒരു ക്രാക്കര്‍ പൊതുവേ:
  1. മറ്റുള്ളവരെ ഉപദ്രവിക്കുക എന്നാ ഉദ്ദേശ്യത്തോടെ കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറുകയും വിവരങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്നു.
  2. ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെയും മറ്റും വിവരങ്ങള്‍ കരസ്ഥമാക്കുകയും പണം മോഷ്ടിക്കുകയും ചെയ്യുന്നു.
  3. ഓര്‍ക്കുട്ടിലും ഫെയിസ് ബുക്കിലും മെയിലുകളിലും മറ്റും നുഴഞ്ഞു കയറി അവയിലെ യഥാര്‍ത്ഥ അക്കൌണ്ട് ഉടമകള്‍ക്ക്‌ അപകീര്‍ത്തികരമായ രീതിയില്‍ വ്യക്തിപരമായ വിവരങ്ങള്‍ (പലപ്പോഴും തെറ്റായവ) നല്‍കുകയും അവരുടെ മെയില്‍ അക്കൌണ്ടുകള്‍ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു.
  4. പണം നല്‍കി വാങ്ങേണ്ടുന്ന സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകള്‍ റിവേഴ്സ് എങ്ങിനീയറിംഗ് വഴി ഉണ്ടാക്കുകയോ പണം നല്‍കാതെ തന്നെ അവയെ ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റുകയോ ചെയ്യുന്നു.
  5. വ്യാജമായ വെബ്‌ പേജുകള്‍ ഉണ്ടാക്കി വിവരങ്ങള്‍ വഴി തിരിച്ചു വിടുന്നു. (വ്യാജമായ ലോഗിന്‍, ഷോപ്പിംഗ്‌ പേജുകള്‍ )
  6. കീ ലോഗര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് പാസ്‌വേഡ് പോലെ ഉള്ള വിവരങ്ങള്‍ ചോര്‍ത്തി എടുക്കുകയും അവ ദുരുപയോഗം ചെയ്യുകയും ചെയ്യുക.
ഇവ കൂടാതെ വയര്‍ലെസ്സ്‌ നെറ്റ്വര്‍ക്കുകളുടെ പാസ്‌വേഡ് കണ്ടുപിടിക്കുകയും അവ അനധികൃതമായി ഉപയോഗിക്കുകയും ചെയ്യുക എന്നതൊക്കെ ഇതില്‍ പെടും. മറ്റുള്ളവരെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് പൊതുവേ നടത്തുന്ന ആക്രമണങ്ങള്‍ ആണ് ഇവ. ഈ അടുത്ത കാലത്ത്‌ ചൈനയിലെ ഗൂഗിള്‍ സെര്‍വറുകളില്‍ നടന്ന നുഴഞ്ഞു കയറ്റങ്ങള്‍ ഒക്കെ ഇവയില്‍ പെടും. ഇതിനെ ഒക്കെ ഹാക്കിംഗ് എന്ന് വിളിക്കുന്നത്‌ ഒരു വലിയ സമൂഹത്തിനോട് ചെയ്യുന്ന ക്രൂരമായ അപമാനം ആണ്.

A cracker is someone who breaks into someone else's computer system, often on a network; bypasses passwords or licenses in computer programs; or in other ways intentionally breaches computer security. A cracker can be doing this for profit, maliciously, for some altruistic purpose or cause, or because the challenge is there. Some breaking-and-entering has been done ostensibly to point out weaknesses in a site's security system.

The term "cracker" is not to be confused with "hacker". Hackers generally deplore cracking. However, as Eric Raymond, compiler of The New Hacker's Dictionary notes, some journalists ascribe break-ins to "hackers." ( from http://searchsecurity.techtarget.com)

ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങള്‍ ആണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്. ഹാക്കര്‍ ആകുവാന്‍ കമ്പ്യൂട്ടറില്‍ ആഴത്തിലുള്ള അറിവ്‌ അത്യാവശ്യമാണ്. ഒരു കണക്കിന് പറഞ്ഞാന്‍ ഓപ്പണ്‍ സോഴ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും ഹാക്കര്‍മാര്‍ ആണ്. റിച്ചാര്‍ഡ്‌ സ്റ്റാള്‍മാന്‍, ലിനസ്‌ ടോര്‍വാള്‍ഡ്സ് ഒക്കെ. നിലവിലുള്ള ഒരു സംവിധാനത്തെ ആഴത്തില്‍ പഠിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അതിനെ പരിഷ്കരിക്കുകയും ഒക്കെ ഹാക്കര്‍മാരുടെ പ്രവര്‍ത്തികളില്‍ പെടുന്നു. ഒരു കമ്പനി അവരുടെ ഉല്‍പന്നങ്ങളെ പറ്റിരഹസ്യമായി വയ്ക്കുന്ന പല കാര്യങ്ങളും ഇവര്‍ കണ്ടെത്തി പുറത്തു കൊണ്ടുവരുന്നു. ഇതില്‍ ആ ഉല്പന്നത്തിന്റെ സുരക്ഷാ പാളിച്ചകളും ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്ക് മേലെ ഉള്ള കടന്നുകയറ്റങ്ങളും ഒക്കെ ഉണ്ടാകും. ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഉണ്ടായിരുന്ന റ്റി എസ് ആര്‍ സംവിധാനം പുറത്തു കൊണ്ടുവന്നത് ഹാക്കര്‍മാര്‍ ആയിരുന്നു. മൈക്രോസോഫ്റ്റ്‌ ഒരു പ്രിന്‍റ് സ്പൂളറിനു മാത്രം ആദ്യം ഉപയോഗിച്ചിരുന്ന ഈ സംവിധാനം ഡോസില്‍ പിന്നീട് ഉപയോഗപ്രദമായ പല പ്രോഗ്രാമുകളും ഉണ്ടാകുന്നതിന് വഴിവച്ചു. ഇതുകൊണ്ട് മൈക്രോസോഫ്റ്റിന് നഷ്ടങ്ങള്‍ ഒന്നും ഉണ്ടായതായി ആരും പറഞ്ഞു കേട്ടില്ല.

ഹാക്കിങ്ങിനെയും ഹാക്കര്‍മാരെയും പറ്റി കൂടുതല്‍ അറിയാന്‍ ഇത് കൂടി വായിക്കുക. ഒരു നല്ല സംസ്കാരത്തെ അതിന്റെ ഭാഗമെന്നു സ്വയം അവകാശപ്പെടുന്ന ഒരു കൂട്ടം വക്ര ബുദ്ധികളുടെ തന്തയില്ലായ്മ കാരണം വെറുക്കരുത്. ഹാക്കര്‍മാര്‍ തങ്ങളുടെ പരിജ്ഞാനവും കഴിവുകളും ഒരു സമൂഹത്തിന്റെ നന്മക്കും മെച്ചപ്പെടുതലുകള്‍ക്കും വേണ്ടി ഉപയോഗിക്കുന്നവര്‍ ആണ്. നെറ്റ്വര്‍ക്കുകളുടെ സുരക്ഷാ പരിശോധനകള്‍ക്കായി അവര്‍ തയ്യാറാക്കിയ പല പ്രോഗ്രാമുകളും ആണ് ക്രാക്കര്‍ മാരുടെആയുധം എന്നുകൂടി അറിയുക. എയര്‍ക്രാക്കും വയര്‍ഷാര്‍ക്കും ഒക്കെ ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നവയില്‍ മുന്‍പിലാണ്. മറ്റുള്ളവരുടെ നല്ല പ്രവര്‍ത്തികള്‍ സ്വന്തം ലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്ന ഒരു സമൂഹത്തെ ആദ്യത്തെ ആളുകളുടെ ഗണത്തില്‍ പെടുത്തി എല്ലാവരെയും ഒരുമിച്ചു വെറുക്കുന്ന ഈ ഒരു അവസ്ഥ മാറേണ്ടത് തന്നെ ആണ്.