Thursday, October 8, 2009

പുരോഹിത ഭാവനയുടെ ആളി കത്തലുകള്‍

ആര് പറഞ്ഞു കത്തോലിക്കാ പുരോഹിതന്മാര്‍ക്ക് സര്‍ഗാത്മകത ഒക്കെ കുറവാണെന്ന്? രോഗശാന്തി അത്ഭുതങ്ങളും കണ്ണീരൊഴുക്കുന്ന മാതാവിനെ വിവരിക്കുമ്പോലും ഇതൊക്കെ നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍ എന്തെഴുതിയാലും വിശ്വാസികള്‍ ഒന്നും ചോദിക്കാതെ വിശ്വസിക്കും എന്ന് അടിയുറച്ചു വിശ്വസിക്കുന്ന ആധുനിക കത്തോലിക്കാ പാതിരി ഇവിടെയും ഭാവന കൊണ്ടു വിശ്വാസികളെ കോള്‍മയിര്‍ കൊള്ളിക്കുന്ന കാഴ്ച ഒന്നു കാണൂ..

ചോര ചിന്താന്‍ കിട്ടിയ അവസരം ആദ്യം ഉ പയോഗിച്ചത്‌ എഐഎസ്‌എഫ്‌- എഐവൈഎഫ്‌ പ്രവര്‍ത്തകരായിരുന്നു. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ ഇക്കാര്യ ത്തില്‍ മേല്‍ക്കൈ കിട്ടരുതെന്നൊരു വാശികൂടി ഉണ്ടായിരുന്നു അവര്‍ക്ക്‌. അതു നന്നായി അറിയാവുന്ന എസ്‌എഫ്‌ഐ യും ഡിവൈഎഫ്‌ഐയും അവരെ ഇഞ്ചിനു പോലും മുന്നോട്ട്‌ വിടില്ലെന്നായി. സംസ്ഥാന നേതാക്കള്‍ തന്നെ ഇരുകൂട്ടരേയും നയിക്കാന്‍ എത്തിയതിനാല്‍ പ്രവര്‍ത്തകരും കൂറു തെളിയിക്കാന്‍ മല്‍സരിച്ചു.

ഹാ രോമാഞ്ചം. ഇതേ സംഭവത്തില്‍ ആളുകള്‍ എത്തിച്ചേര്‍ന്ന സമയവും സ്ഥിതി വിവര കണക്കും ഒക്കെ മനോരമ പത്രത്തില്‍(ബാംഗ്ലൂര്‍ എഡിഷന്‍) കണ്ടു. അപ്പൊ അച്ചന്റെ തത്സമയ വിവരണം എവിടെ ഒക്കെയോ അങ്ങ് ഒക്കുന്നില്ല. ആദ്യം അവസരം മുതലാക്കിയത് ഇടതുപക്ഷം ആണെന്ന് അച്ഛന്‍ പറയുന്നു. പക്ഷെ മനോരമ വാര്‍ത്ത..

അവര് പറയുന്നു ഇടതു പക്ഷക്കാര്‍ ഉച്ച കഴിഞ്ഞാണ് വന്നതെന്ന്. അപ്പൊ ആര് പറയുന്നതാണ് സത്യം? ബ്ലോഗര്‍ അച്ചന്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി മാത്രം പോസ്ടിടുന്ന ആളാണെന്നു നമുക്കൊക്കെ അറിയാമല്ലോ. ഞാന്‍ മുന്‍പും അച്ചനെ അനുമോദിക്കാന്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. പിന്നെ മനോരമയുടെ ഒരു കാര്യം..

എന്നാലും അച്ചാ എസ് എഫ്‌ ക്കോ ഡി വൈ എഫ്‌ ക്കോ ചുവന്ന കൊടി ഇല്ല എന്ന് അച്ചന് അറിയില്ലേ..

സ്വാശ്രയകോളജുകള്‍ എന്നു കേട്ടാല്‍ കലിതുള്ളുന്ന ഇടതു വിദ്യാര്‍ഥി സംഘടനകള്‍ക്കു തന്നെ മേല്‍ക്കൈ കിട്ടി. ചെങ്കൊടികള്‍ പൊടിതട്ടിയെടുത്ത്‌ രംഗത്തിറങ്ങി.

ഹി ഹി ..

സമരങ്ങള്‍ എന്ന് പറഞ്ഞാല്‍ പാതിരികള്‍ക്ക് എന്നും വെകിളി പിടിക്കും.. സമരം അവര്ക്കു കാശുവരവ് കുറഞ്ഞതിനു അല്ലെങ്കില്‍ മാത്രം. ഇതൊക്കെ അധികാരികളുടെ നാവിനെ ചോദ്യം ചെയ്യുന്നവരുടെ ശബ്ദം ആണല്ലോ.. അത് മാത്രം അവര്ക്കു സഹിക്കാന്‍ കഴിയുന്നതിനും അപ്പുറം ആണല്ലോ. സമരം ചെയ്തു എങ്കിലും കെ എസ് യു വിനെ ന്യായീകരിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന അയാളുടെ മനസ്സും പോസ്റ്റില്‍ വളരെ വ്യക്തം ആണല്ലോ.

ഈ കശാപ്പുശാലകള്‍ അടച്ചു പൂട്ടുന്നതുവരെ വിശ്രമിക്കില്ലെന്നും നേതാക്കള്‍ ആക്രോശിച്ചു. ഇത്‌ തുടക്കം മാത്രമാണെന്ന്‌ മുന്നറിയിപ്പും നല്‍കി. ഇത്രയൊക്കെയായപ്പോള്‍ യൂത്തുകോണ്‍ഗ്രസുകാരും കെഎസ്‌യുക്കാരും എങ്ങനെ അടങ്ങിയിരിക്കും. അവരും കൊടിതോരണങ്ങളുമായെത്തി. പക്ഷേ കാര്യങ്ങള്‍ക്ക്‌ അല്‍പം മയമുണ്ടായിരുന്നെന്നു മാത്രം. അവര്‍ വന്നതുപോലെ മടങ്ങുകയും ചെയ്തു. കോളജിന്റെ ചാരം കണേ്ടമടങ്ങൂ എന്നവാശി ഇടതു സംഘടനകള്‍ക്കായിരുന്നു. അവര്‍ വീണ്ടും ചുരമാന്തിക്കൊണ്ട്‌ നിന്നു.

സാഹിത്യം.. ചുര മാന്തല്‍ എന്താണെന്ന് എനിക്കറിയില്ല. ഹിന്ദി ആയിരുന്നു സെക്കന്ഡ് ലാംഗ്വേജ്. ക്ഷമിക്കുക. സമരത്തിനെ ഞാന്‍ തീര്‍ച്ചയായും ന്യായീകരിക്കും. സമരങ്ങള്‍ നടന്നത് കൊണ്ടു കാര്യങ്ങള്‍ക്ക് ചൂടു വരുന്നതും കേസുകള്‍ പലതും തെളിയുന്നതും ഒക്കെ നമ്മള്‍ മുന്പ് കണ്ടിട്ടുണ്ട്. അടുത്ത കാലത്തു വരെ. മറ്റു പല കേസുകളിലും ആക്ഷന്‍ സമിതിയും ഒക്കെ ഉണ്ടാകുന്നതിനെ ആരും കുറ്റം പറയുന്നതു കേളക്കാറില്ലല്ലോ. സമരം കത്തോലിക്കരുടെ കാശുവരവിനു കുറവുണ്ടാക്കുംപോള്‍ മാത്രം അതിനെ ആഭാസമാക്കുന്ന, സമരം ചെയ്യുന്നവരുടെ ഉദ്ദേശ്യത്തെ വളച്ചൊടിച്ചു മാത്രം ആളുകളെ ബ്രയിന്‍ വാഷ് ചെയ്യുന്ന ഇവരെ പോലുള്ളവര്‍ തന്നെ ആണ് തീര്‍ച്ചയായും കേരളത്തിന്റെ ശാപം. ഒരു വിദ്യാര്ത്ഥി സംഖടനയും ഇവിടെ കത്തോലിക്കരുടെ കോളേജ്‌ ആയതിനാല്‍ അത് അടച്ചു പൂട്ടണം എന്ന് പറഞ്ഞു സമരം ചെയ്തതായി എനിക്കറിയില്ല. പക്ഷെ ചോദ്യം ചെയ്യലുകള്‍ ഒരിക്കലും ഇഷ്ടപ്പെടാത്തവര്‍ ഇങ്ങനെ കുരച്ചുകൊണ്ടേ ഇരിക്കും.

Wednesday, September 23, 2009

കൊതിക്കെറുവും ചീത്തവിളിയും പിന്നെ..

കൊതിക്കെറുവ് എന്ന വാക്കു പൊതുവെ തെക്കന്‍ കേരളത്തില്‍ ആണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. അതായത് എന്തെങ്കിലും വേണം അല്ലെങ്കില്‍ ചെയ്യണം എന്നൊക്കെ വല്ലാതെ ആശിച്ചിട്ടു അത് നടക്കാതെ വരുമ്പോള്‍ തോന്നുന്ന തീവ്രമായ നിരാശ, അതില്‍ നിന്നും ഉയര്ന്നു വരുന്ന ദേഷ്യം, പിന്നെ കണ്ടവരെ ഒക്കെ ചീത്ത വിളിക്കുക.. അങ്ങനെ ഒക്കെ.

ഇതൊന്നും അല്ലെങ്കില്‍ പിന്നെ പവ്വത്തില്‍-റുബിന്‍ കൂട്ടുകെട്ട് ഇങ്ങനെ ഒരു സാഹസത്തിനു നില്‍ക്കുമോ?

നമ്മുടെ വിരമിച്ച മെത്രാന്‍ വെറുതെ ഇരുന്നു മടുത്തപ്പോള്‍ കര്‍ത്താവിന്റെ കരുണയില്‍ വലിയ വെളിപാടുകള്‍ കൊണ്ടു അനുഗ്രതീതന്‍ ആകുകയും, അങ്ങനെ വലിയ അപകടത്തിലേക്ക് പോകുന്ന കേരള വിശ്വാസി - അവിശ്വാസി സമൂഹത്തെ ആകെമാനം രക്ഷിക്കാന്‍ കത്തോലിക്കാ ദൈവം മാത്രം മുന്‍കൈ എടുത്തു തയ്യാറാക്കിയ ഒരു വലിയ പദ്ധതിയില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോ അംഗങ്ങള്‍ക്ക്‌ മാത്രം അറിയാമായിരുന്നതും പദ്ധതിയുടെ രഹസ്യ സ്വഭാവം നിമിത്തം സംസ്ഥാന കേന്ദ്ര കമ്മിറ്റികളെ പോലും അറിയിക്കാതിരുന്നതും ഭൂലോകത്തെ ബ്ലോഗര്‍മാരായ ബ്ലോഗര്‍മാരൊക്കെ, പത്തു തലകള്‍ ഉള്പ്പെടെ ഉള്ളവര്‍ ഒക്കെ തങ്ങള്‍ക്കുള്ള ബുദ്ധി മുഴുവന്‍ ഉപയോഗിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയ മഹാ രഹസ്യം കര്‍ത്താവ്‌ നേരിട്ടു വെളിപ്പെടുത്തി കൊടുത്തിരിക്കുന്നു.
(ഡൂംസ് ഡേ അടുത്തിരിക്കുന്നു എന്നൊക്കെ ലേഖനങ്ങളും വീഡിയോകളും ഒക്കെ കണ്ടു. ൨൦൧൨ ഇല്‍ ആണ് പോലും. അപ്പൊ ഇതൊക്കെ അവസാന കാലത്തിന്റെ എന്ന് പറഞ്ഞ അടയാളങ്ങള്‍ ആയിരിക്കും.)

നമ്മള്‍ വളരെ ചെറിയ ബുദ്ധി മാത്രം ഉള്ള കുറെ ബ്ലോഗര്‍മാര്‍, വരികള്‍ക്കിടയില്‍ വായിക്കാനോ, കൂട്ടി വായിച്ചു അര്ത്ഥം മനസ്സിലാക്കാനോ കഴിവില്ലാത്തവര്‍ ഇനി മുതല്‍ തപസ്സു ചെയ്യേണ്ടാതാകുന്നു. അങ്ങനെ നമുക്കും ബ്രേക്കിംഗ് ആയ വെളിപാടുകള്‍ കിട്ടിയേക്കും..

ഇതിനെ ഞാന്‍ കൊതിക്കെറുവ് എന്ന് വിളിക്കാനുള്ള കാരണം അവിടെ കമന്റില്‍ പറഞ്ഞിട്ടുണ്ട്.

Wednesday, September 16, 2009

അഭയ കേസ്‌: നാര്‍ക്കോ അനാലിസിസ്‌ വീഡിയോകള്‍, ലാഭം ആര്‍ക്കു?

അഭയ കേസിന്റെ നാര്‍ക്കോ അനാലിസിസ്‌ വീഡിയോകള്‍ പുറത്തു വന്നു. ആരാണ് പുറത്തു വിട്ടത് എന്ന് എനിക്കറിയില്ല. ശരി അത് ഞാന്‍ അന്വേഷിക്കുന്നുമില്ല. എന്നാലും ചില പോസ്റ്റുകള്‍ കണ്ടപ്പോള്‍ പുതിയ സാധ്യതകള്‍ തെളിഞ്ഞു വരുന്നതായി തോന്നി. ഒരു ബ്ലോഗറുടെ ആരോപണം ഇന്നലെ വായിച്ചത് പോള്‍ വധക്കേസില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ തല്‍പ്പര കക്ഷികള്‍ ചെയ്തതാണ് വീഡിയോ പുറത്തു വിടല്‍ എന്ന ആരോപണം ശ്രദ്ധയില്‍ പെട്ടു. ലോജിക്കല്‍ ആയി നോക്കിയാല്‍ ഇതു ഒരു സാധ്യത തന്നെ ആണ്. നമ്മുടെ മാധ്യമങ്ങളുടെ പൊതു സ്വഭാവം അനുസരിച്ച് പുതിയ ഒരു വാര്‍ത്ത കിട്ടുമ്പോള്‍ പഴയത് അങ്ങനെ തന്നെ കുഴിച്ചു മൂടുന്ന സ്വഭാവം ദ്രിശ്യവും ആണ്. അഭയ കേസിന്റെ വാര്‍ത്തകള്‍ ഇതിന്റെ തൊട്ടു മുന്‍പ്‌ വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയ സമയത്ത് പലവിധ പ്രശ്നങ്ങള്‍ ഉയര്ത്തി കൊണ്ടുവരാനും, ഭീകര ബഹളങ്ങള്‍ ഉണ്ടാക്കി (പൌവ്വത്തിലിനെ മുന്നില്‍ നിര്‍ത്തി) മാധ്യമ ആക്രമണം ഇടതു പക്ഷത്തിനു നേരെ തിരിക്കാനും കത്തോലിക്കാ സഭക്ക് കഴിഞ്ഞു . ലാവലിന്‍ കേസ് ആളിപ്പടര്‍നപ്പോളും പിന്നെ ഇലക്ഷന്‍ ചൂടും ഒക്കെ ആയപ്പോള്‍ അക്കാര്യങ്ങള്‍ ഒരുവിധം മാധ്യമങ്ങള്‍ ഒക്കെ മറന്നു.
ഇലക്ഷന്‍ സമയത്ത് കണ്ണൂരില്‍ സുധാകരന്‍ ഗുണ്ടകളെ കൊണ്ടുവന്നത് ചെറിയ വാര്‍ത്ത ആയി. ഒരു വിഭാഗം മാധ്യമങ്ങള്‍ പാലിച്ച മനപൂര്‍വമായ മൌനവും കുറ്റാരോപിതനായ പിണറായിയും പാര്‍ടിയിലെ പ്രശ്നങ്ങളും ഒക്കെ വാര്‍ത്തകള്‍ വേഗം തന്നെ മറഞ്ഞു പോകാന്‍ ഇടയാക്കി. അല്ലെങ്കിലും വാര്‍ത്ത ഇടതു പക്ഷതിനെതിരല്ലെകില്‍ അതിന്റെ ആയുസ്സ് വളരെ ചെറുതാണല്ലോ.
ഇപ്പോളത്തെ പ്രധാന വാര്‍ത്തയായ പോള്‍ സംഭവവും ഏതാണ്ട് ആയുസ്സെത്തിയ നിലയില്‍ നില്‍ക്കുമ്പോള്‍ ആണ് വീഡിയോ പ്രശ്നങ്ങള്‍ വരുന്നതു. പ്രതികള്‍ക്ക് പകര്‍പ്പ് നല്‍കിയതിനു ശേഷം ആണ് വീഡിയോ പുറത്തു വന്നത് എന്നും കേട്ട്‌.
വീഡിയോകള്‍ കണ്ട പലരും നാര്‍ക്കോ അനാലിസിസിന്റെ വിശ്വാസ്യതയും അതിന്റെ പല വശങ്ങളും ചര്ച്ച ചെയ്തു. ഡോക്ടര്‍ അടക്കം ഉള്ള ബ്ലോഗര്‍മാര്‍ അതിന്റെ നെഗറ്റീവ് വശവും അതില്‍ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതയും കമന്റുകളില്‍ പ്രകടിപ്പിച്ചു. വാര്‍ത്തകളില്‍ മിക്കവാറും വീഡിയോയില്‍ എഡിറ്റിംഗ് നടന്നത് വ്യക്തമാണെന്ന് നല്ല പ്രാധാന്യം കൊടുത്തു പറയുന്നതും കേട്ട്‌. കൂടിയ നിലയില്‍ സെടെഷന്‍ നല്‍കി കുറ്റസമ്മതം അവരെക്കൊണ്ടു നടത്തിച്ചതാണ് എന്നും, അവര്‍ പറയുന്നതു തുടര്‍ച്ചയായി മയക്കത്തില്‍ അവരെ പറഞ്ഞു പറഞ്ഞു പറയിച്ചതാനെന്നും ഉള്ള നിലയില്‍ പ്രചാരണങ്ങള്‍ ഉണ്ടായി. വീഡിയോയിലെ സംപ്രേക്ഷണം ചെയ്ത ഭാഗങ്ങള്‍ കാണുന്ന ആരും ആദ്യത്തെ ആവേശവും ദേഷ്യവും ഒക്കെ ഒന്നടങ്ങിയ ശേഷം വീഡിയോ ഒന്നുകൂടി കണ്ടാല്‍ പാതിമയക്കത്തില്‍ പിറുപിറുക്കുന്ന സന്യസ്തരുടെ മുഖത്തെ ദൈന്യത്തെ അല്പം അനുഭാവത്തോടെ നോക്കും എന്നതില്‍ സംശയം ഇല്ല. അപ്പൊ അവരോട് നല്ല അടുപ്പം ഉള്ളവര്‍ വീഡിയോകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന മനസ്ഥിതി എന്തായിരിക്കും? ഇവര്‍ കുറ്റക്കാരല്ലെന്ന പ്രചാരണങ്ങള്‍ അങ്ങനെ തന്നെ വിശ്വസിക്കുന്ന തെളിവ് ആവശ്യമില്ലാത്ത ഒരു വലിയ വിഭാഗം ഇതിനെ എങ്ങനെ കാണും? അപ്പോള്‍ ഒരുപക്ഷെ വീഡിയോകള്‍ പുറത്തു വിട്ടവരുടെ ഉദ്ദേശ്യവും ഇതു തന്നെ ആയിരിക്കില്ലേ?
അല്ലെങ്കില്‍ തന്നെ ജനം വായിച്ചു മടുത്തു ആയുസ്സെത്തി നില്ക്കുന്ന പോള്‍ കഥകള്‍ ഇപ്പൊ ആളുകള്‍ക്കിടയില്‍ വലിയ ചലനം ഒന്നും ഉണ്ടാക്കുന്നില്ല. മന്ത്രി പുത്രന്മാര്‍ക്കെതിരെ ഉള്ള ആരോപണങ്ങള്‍ പുതിയ സംഭവവും അല്ലല്ലോ.. അപ്പൊ കൃത്യ സമയത്ത് തന്നെ വീഡിയോ പുറത്തു വന്നു. പോള്‍ വധകെസില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള അടവാണെന്ന് പ്രചാരണവും, കുറ്റാരോപിതരോടുള്ള സഹതാപ തരംഗവും ഒക്കെ കാണുമ്പോള്‍ വീണ്ടും സംശയം വരുന്നു.. ഇപ്പൊ വീഡിയോ പുറത്തു വന്നതില്‍ ശരിക്കും ആര്‍ക്കാ ലാഭം? കാര്യങ്ങള്‍ ഇത്ര തെളിവോടെ നേരിട്ടു കണ്ടല്ലോ ഇനിയെന്താ വേണ്ടത് എന്ന് തെല്ലൊരു അഹങ്കാരത്തോടെ ചിന്തിക്കുന്ന നമ്മള്‍ ഒന്നു കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. അച്ചന്മാരുടെ വികാരപ്രകടനങ്ങള്‍ എന്നും വളരെ പിടിച്ചു കുലുക്കുന്ന ഒരു ദുര്‍ബല മനസ്ഥിതിയുള്ള വിശ്വാസി സമൂഹവും, ഭൂരിപക്ഷം സ്ത്രീ വിശ്വാസികളും ഒക്കെ ഇതിനെ വളരെ സെന്സിടീവ് ആയി കാണും. ന്യായമായും അവരുടെ ചിന്തകള്‍ സി ബി ക്കും സര്‍ക്കാരിനും ഒക്കെ എതിരെ തിരിയും.. ലാഭം.. ലാഭം..
(സ്ത്രീകള്‍ക്ക് ബൈബിളിലും കത്തോലിക്കാ ചരിത്രത്തിലും ഒക്കെ കൊടുത്തിരിക്കുന്ന സ്ഥാനം വളരെ മോശം ആണെങ്കിലും ഇപ്പൊ സ്ത്രീ കൂട്ടയ്മകള്‍ക്കാന് സഭയില്‍ കൂടുതല്‍ പരിഗണന. മാത്രുവെദിയുമ് അങ്ങനെ പലതും. അവരെ വിശ്വാസത്തിന്റെ പേരു പറഞ്ഞു സ്വാധീനിക്കാനും മക്കളുടെ ഭാവി പറഞ്ഞു ഭീഷനിപ്പെടുതാനും, പിന്നെ മൂക്ക് പിഴിഞ്ഞ് കാണിച്ചു സന്കടപ്പെടുതാനും ഒക്കെ എളുപ്പമാണ്. അവരിലൂടെ കുടുമ്പങ്ങളില്‍ നല്ല സ്വാധീനവും ഉണ്ടാക്കാം, പണ്ടു സഭ സ്ത്രീകളെ എങ്ങനെ ട്രീടു ചെയ്തു എന്നോ എന്തെ സ്ത്രീ പൌരോഹിത്യം അനുവദിക്കുന്നില്ല എന്നും ഒന്നും അവര്‍ അന്വേഷിക്കില്ല, പിന്നെ ഇങ്ങനെ ഉള്ള വിഷയങ്ങള്‍ വരുമ്പോള്‍ വേഗം വികാരം കൊള്ളാനും, ഭര്‍ത്താവിനോട് ബഹളമുണ്ടാക്കി മക്കളെയും എടുത്തു പ്രതിഷേധ പെരുന്നാളിന് മുന്നില്‍ നില്‍ക്കാനും അവര്‍ വരും. അപ്പൊ ഇതൊക്കെ ആയിരിക്കില്ലേ കഴിഞ്ഞ കുറെ നാളുകളായി വനിതാ കൂട്ടായ്മകളെ വളര്‍ത്താന്‍ അവര്‍ മുന്‍കൈ എടുക്കുന്നതിലെ കാര്യം? എല്ലാം നന്നായി പ്ലാന്‍ ചെയ്തതാണ് എന്ന് ഞാന്‍ ആരോപിക്കുന്നു. ദീര്‍ഖകാല ഫലങ്ങള്‍ ലക്ഷ്യം വച്ചു കൊണ്ടു.. ഇവിടെ ആരോപണം ഉന്നയിക്കുന്നവന് അത് തെളിയിക്കാന്‍ ബാധ്യത ഒന്നും ഇല്ലല്ലോ..)

Tuesday, September 15, 2009

ഒരു പാതിരിയുടെ വിലാപങ്ങള്‍

ഇതാ റുബിനച്ച്ന്‍് ളോഹയും മടക്കിക്കുത്തി ഇറങ്ങിയിരിക്കുന്നു വീണ്ടും. ഇത്തവണത്തെ വിലാപം നമ്മുടെ പോലീസിനെ കുറിച്ചാണ്. ഞാന്‍ ആദ്യം കരുതി അഭയ കേസോ മറ്റോ തെളിഞ്ഞെന്നു. പിന്നെയാണ് ഓര്‍ത്തത്‌ അത് സി ബി യുടെ കൈയില്‍ ആണല്ലോ എന്ന്. കേരളാ പോലീസിന്റെ ദാസ്യ വൃത്തിയെ പറ്റി ആണ് ഇത്തവണ വിലാപം. കഴിഞ്ഞ ദിവസങ്ങളില്‍ ഇതു വിശ്വാസിയായ ന്യായാധിപനെ ആളുകള്‍ ചീതവിളിക്കുന്നതില്‍ ഉള്ള സങ്കടം ആയിരുന്നു. എല്ലാം ശരി, അച്ചന്‍ പറഞ്ഞാ ആടുകള്‍ (ചെറുതും വലുതും ) ഒക്കെ നിര്‍ബന്ധമായും വിശ്വസിച്ചിരിക്കണം. അപ്പൊ ഇത്തവണ നമ്മള്‍ വിശ്വസിക്കേണ്ടത് ഇതാകുന്നു. . .
"അതീവ രഹസ്യമായ മന്ത്രിസഭാ രേഖകള്‍ പോലും മോഷണം പോവുകയും അവ അത്യുന്നത നേതാക്കളുടെ പേരില്‍ സത്യവാങ്ങ്‌ മൂലത്തി ലൂടെ സുപ്രീംകോടതിയില്‍ വരെ എത്തുകയും ചെയ്യുന്ന വ്യവസ്ഥിതിയില്‍ നിയമവാഴ്ചയുടെ അസ്തിവാരമാണ്‌ ഇളകുന്നത്‌."
ഏതാണ് സംഭവം എന്ന് മനസ്സിലായിക്കാണുമല്ലോ. അപ്പൊ നമ്മള്‍ എന്ത് പറയണം? വിവരാവകാശ നിയമ പ്രകാരം പിണറായി വിജയന് രേഖകള്‍ ലഭിച്ചു എന്ന് പറഞ്ഞപ്പോള്‍ തന്നെ ആവക വിവാദത്തില്‍ മനോരമ പോലും മൌനം പാലിക്കുന്നു. കുമാരേട്ടന്‍ വരെ കാല് മാറി. പക്ഷെ വാര്‍ത്ത ഇതുവരെ വിശുദ്ധ മഞ്ഞാപ്പത്രത്തില്‍ വന്നില്ല എന്ന് തോന്നുന്നു. നാട്ടില്‍ അല്ലാത്തതിനാല്‍ ഇതു ഉറപ്പിക്കാന്‍ വശമില്ല. ആര്‍ക്കെങ്കിലും വല്ല വിവരവും ഉണ്ടെങ്കില്‍ ദയവായി പള്ളിമേടയില്‍ ഒരു കോപി ഇടാന്‍ അപേക്ഷിക്കുന്നു. അപ്പൊ ഇത്രയും വ്യക്തമായി ജനങ്ങള്‍ വിവരങ്ങള്‍ അറിഞ്ഞ ശേഷവും ലജ്ജ, ഉളുപ്പ് തുടങ്ങിയ ഗുണങ്ങള്‍ അശേഷം കാണിക്കാതെ കള്ളം പറയുന്ന പ്രിയ പാതിരിയോടു താങ്ങല്‍ക്കെത്ര തന്തമാരാണ് എന്ന് മാത്രം ചോദിച്ചു ഞാന്‍ വിരമിക്കുന്നു.

Monday, September 14, 2009

ഈ മെത്രാനെ നമ്മള്‍ എന്ത് വിളിക്കും?

ബൂലൊകത്തെ സഹൃദയരേ, ഞാന്‍ ഒരു വാര്‍ത്ത കണ്ടു. അതിന്റെ അവസാനം ലേഖകന്‍ എഴുതിയ കമന്റും വായിച്ചു. അപ്പൊ ഒരു സംശയം, ഈ മെത്രാനെ നമ്മള്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും? വത്തിക്കാന്റെ നടപടികളെ വിമര്‍ശിക്കുന്ന ആളുകള്‍, അവര്‍ ആരായാലും ഒരു പാഠം പഠിക്കും എന്നതായിരുന്നു പണ്ടത്തെ അവസ്ഥ. ഇപ്പോള്‍ ഇതിനുള്ള അവസ്ഥയൊന്നും സിംഹങ്ങല്‍ക്കില്ല. പല്ലൊക്കെ പോയി. കുറെ ഗുണ്ടകള്‍ ഉണ്ടായിരുന്നവരെ ഒക്കെ വിശുദ്ധരാക്കി. ആധുനിക ഗുണ്ടകള്‍ ഒക്കെ കമ്യൂണിസ്റ്റുകാരും ആയിപ്പോയി. പാവങ്ങള്‍ക്ക് ഇപ്പൊ ആകെയുള്ള വജ്രായുധം ഇടയലേഖനവും ആകെ ഉള്ള ഒരു ബഹളക്കാരന്‍ വിരമിച്ച ഒരു മെത്രാനും ആണല്ലോ. പിന്നെ ഒരു വാല്യക്കാരന്‍ ഉണ്ടായിരുന്നത് എപ്പോളും ബ്ലോഗിലും. എഴുതി എഴുതി ഇപ്പൊ ആരും വായിക്കാതെയും കമന്റാതെയും ആയി. എന്നാലും എഴുതുന്നു. അപ്പോളാണ് പുതിയ ചില ആളുകള്‍ ഉള്ളില്‍ നിന്നും ബഹളവും ആയി വരുന്നത്. മാര്‍പ്പാപ്പ യുവജനവുമായി സംവദിക്കാന്‍ എന്നും പറഞ്ഞു യു ടുബും തുറന്നിരിപ്പാണ്. ട്വിട്ടരിലും ഫേസ് ബുക്കിലും ഒക്കെ നോക്കി അങ്ങേരു സമയം കൊല്ലുന്നു. സഭയെ വളര്‍ത്താനും സംരക്ഷിക്കാനും ഇവിടെ പാവം വയസന്മാര്‍ പാടു പെടുന്നതൊക്കെ അങ്ങേര്‍ക്കു കാണാന്‍ സമയം എവിടെ? കഷ്ടം തന്നെ.. ഓരോ മെത്രാന്‍ മാര്‍ ഇങ്ങനെ ഒക്കെ തുടങ്ങിയാല്‍, അതോ ഇനിയിപ്പോ പുതിയ ഒരു സഭയുടെ പിറവി ആണോ വരാന്‍ പോകുന്നത് എന്ന് എനിക്കൊരു സംശയം.. അല്ല ഈ കിട്ടുന്ന അധികാരങ്ങള്‍ പോര എന്ന് തോന്നുമ്പോ (കാശും) പുതിയ സഭ തുടങ്ങി സ്വയം അവരുടെ മാര്‍പ്പാപ്പ ആകുന്ന പരിപാടി ഒക്കെ ഉണ്ടല്ലോ.. ഇനി ഇപ്പൊ അങ്ങനെ വല്ലതും ആണോ? ഈ ആധുനിക കാലത്തെ തീവ്ര വിശ്വാസ സമൂഹമായ ഒപസ് ഡി പോലെ എന്തെങ്ങിലും? എന്തായാലും, ഇനിയിപ്പോ പേജുകള്‍ ഒക്കെ വേഗം കിട്ടാന്‍ തുടങ്ങും, ലക്ഷക്കണക്കിന്‌ ആളുകള്‍ അല്ലെ ഓര്‍ക്കുട്ടും ഫേസ് ബുക്കും യു ടുബും ട്വിട്ടരും ഒക്കെ ബഹിഷ്കരിക്കാന്‍ പോകുന്നത്.. ഹൊ ഇനി വേണം കുറെ സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍..

Friday, August 28, 2009

കത്തോലിക്കാ തീവ്രവാദ വിവാദങ്ങള്‍

കുറേ ദിവസങ്ങള്ക്കു മുന്പ് മാതൃഭൂമിയില് പ്രസിദ്ധീകരിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തില് കത്തോലിക്കാ നേതാക്കന്മാരുടെ ഉറഞ്ഞുതുള്ളലുകള് അങ്ങനെ ബ്ലോഗില് തുടരുകയാണ്. പൌവ്വത്തില് തന്നെ നേരിട്ടു ഇറങ്ങിക്കഴിഞ്ഞു. സഹിക്കാന്‍ പറ്റുന്നില്ല കാലാകാലങ്ങളായി കൈയില് വന്നുകൊണ്ടിരിക്കുന്ന കാശിനാണ് ചിലരൊക്കെ തുരങ്കം വക്കാന് നോക്കുന്നത്. പതിവുപോലെ സിദ്ധാന്തക്കാരെ കുറേ ചീത്തയും വിളിച്ചപ്പോള് കിളവനു സമാധാനം. പോസ്റ്റു ചെയ്യുന്ന പുത്തന് കത്തനാര്ക്ക് നിര്വൃതി. അല്ല കത്തനാരെ പത്രത്തില് ആരോ ഒരു ലേഖനം എഴുതിയതിന് ഇവിടത്തെ കമ്യൂണിസ്റ്റുകള് എന്ത് പിഴച്ചു? തെറ്റ് ലേഖകന്റെ ഭാഗത്ത് അല്ലെ അല്ല , അതൊക്കെ ഇടതു പക്ഷക്കാരുടെ തലയില് തന്നെ. സിദ്ധാന്തക്കാര് എന്നാണു പുതിയ വാക്കു. ലേഖനം, പത്രത്തില് വന്ന ലേഖനം, അത്ര നീളമുള്ള ലേഖനം ഒന്നുമായിരുന്നില്ല. അതില് ചോദിച്ചിരിക്കുന്ന ചോദ്യങ്ങള് പലപ്പോഴും ഞാനടക്കം പലരും ചോദിച്ചിട്ടുള്ളത് തന്നെ ആണു. എങ്കിലും കുറച്ചുകൂടി വിശദമായി ചോദിയ്ക്കാന് ഒരു ആഗ്രഹം.
ഹിന്ദു ക്ഷേത്രങ്ങള് ദേവസ്വം ബോര്ഡിന്റെ കീഴില് വരുന്നു. അവിടെ നിന്നും കിട്ടുന്ന വരുമാനം പൊതു ഖജനാവിലേക്ക് പോകുന്നു. മുസ്ലിം വ്യക്തി നിയമ ബോര്ഡ് തുടങ്ങി ഇസ്ലാം മതത്തിന്റെ പ്രവര്ത്തനങ്ങളെ നിരീക്ഷിക്കുന്ന ഒന്നിലധികം കമ്മിറ്റികള് ഇവിടെ ഉണ്ട്. പക്ഷെ ക്രിസ്തിയാനികളെ നിയന്ത്രിക്കാന് മാത്രം ഒരു നിയമവും ഇല്ല. മെത്രാന് ബ്ലോഗില് എഴുതിയിട്ടുള്ളത് ന്യൂനപക്ഷ അവകാശം എന്നത് കല്പാന്തകാലം വരെ നില നില്ക്കുന്ന ഒന്നാണെന്നും ഒക്കെ ആണു. പിന്നെ എഴുത്തില് ചില സത്യങ്ങള് കൂടി അങ്ങേര് അറിയാതെ കടന്നു വന്നിട്ടുണ്ട്.
"നമ്മുടെ ഭരണഘടനാപരമായ മതേതരത്വം ഒരു മതത്തിനുവേണ്ടി മാത്രമായിരുന്നില്ല. എല്ലാ മതങ്ങളോടും തുല്യസമീപനം പുലര്ത്താന് വേണ്ടിയായിരുന്നു."
വേണ്ടി ആയിരുന്നു.. ആണ് എന്നല്ല. എല്ലാ മതങ്ങള്ക്കും തുല്യ അവകാശം എന്നതിന് ഇവര് എന്തെങ്കിലും വില കൊടുക്കുന്നുണ്ടോ എന്ന കാര്യം നമ്മള് എല്ലാവര്ക്കും നന്നായി അറിയാം. എന്തിലും ഇതിലും തങ്ങള്ക്കു ലാഭമുള്ളത് മാത്രം എടുത്ത ശേഷം ബാക്കിയെല്ലാം മഹാ പാപം എന്ന മനോഭാവം ഇവര് എന്നും കൊണ്ടു നടക്കുന്നു. മാതൃഭൂമിയില് വന്ന ലേഖനത്തില് ലേഖകന് ഒരു ചെറിയ പ്രസ്താവന നടത്തിയിരുന്നു. അധ്യാപക നിയമനത്തിന് കാശ് വാങ്ങാന് മാനേജമെന്റും അവര്ക്കു ശമ്പളം കൊടുക്കാന് സര്ക്കാറും എന്ന ഭ്രാന്ത് ഇവിടെ അല്ലാതെ വേറെ എവിടെയും കാണില്ല എന്നാണ് ലേഖകന് പറഞ്ഞത്. ഇതു ശരിയല്ലേ എന്ന് ചോദിക്കുന്നവര്ക്കുള്ള മറുപടി മൌനമോ അല്ലെങ്കില് ചീത്തവിളിയോ ആകുകയാണ് പതിവു. കാരണം തങ്ങളുടെ കാശുവരവിന് തടസ്സം വരുന്നത് മാത്രം ആണ് മെത്രാന്മാര്ക്ക് സഹിക്കാന് പറ്റാത്ത ഒരേ ഒരു കാര്യം. ഇക്കാര്യം ഒറീസ്സ സംഭവങ്ങള് നടന്ന കാലത്തും ഇവിടെ വായിക്കപ്പെട്ട ഇടയ ലേഖനങ്ങള് ഊട്ടി ഉറപ്പിക്കുന്നുണ്ടല്ലോ.
ബ്ലോഗില് നിന്നും മറ്റൊരു ഭാഗം : "ന്യൂനപക്ഷാവകാശം കേവലം വിദ്യാഭ്യാസ അവകാശം മാത്രമാണ്. എന്നാല് സംവരണം വിദ്യാഭ്യാസരംഗത്തും സര്ക്കാര് ഉദ്യോഗങ്ങളിലും എല്ലാമുള്ള പ്രത്യേക പരിഗണനയാണ്. അതുപോലെ, ന്യൂനപക്ഷാവകാശം ഭാഷാമതന്യൂനപക്ഷങ്ങള് തങ്ങളുടെ പണംമുടക്കി സ്ഥാപിച്ചുനടത്തുന്ന വിദ്യാലയങ്ങളില് പരമാവധി അവരുടെ വിദ്യാര്ത്ഥികളെ പ്രവേശിപ്പിക്കാനും തങ്ങളുടെ അധ്യാപകരെ നിയമിച്ചുനടത്തിക്കൊണ്ടുപോകുവാനുമുള്ള അവകാശമാണ്".
ദയവായി ഒന്നുകൂടി ഇതു വായിക്കുക. എനിക്കിതു ശരിക്കും മനസ്സിലായില്ല. ഇതിന്റെ അവസാനത്തെ ഭാഗത്തില് ആണ് ചോദ്യത്തിനുള്ള ഉത്തരം. പക്ഷെ തങ്ങളുടെ അധ്യാപകരെ കാശ് വാങ്ങി നിയമിക്കാനുള്ള അവകാശം എന്നേതായാലും പറഞ്ഞിട്ടില്ല. സമാധാനം. ഇതിന്റെ അവസാന ഭാഗം വിദ്യാലയങ്ങളുടെ ന്യൂന പക്ഷ പദവി സംബന്ധിച്ച വിവാദങ്ങള് നടക്കുമ്പോള് കേട്ട കുരകളുമായി ഒന്നു ചേര്ത്തു വായിക്കേണ്ടതാണ്.
ക്രോസ് സബ്സിഡി പാടില്ല എന്ന കോടതി വിധി ഇവര് പാടി നടക്കാറുണ്ട്. അതിന്റെ അവരുടെ ഭാഷയിലെ വിശദീകരണം ഇങ്ങനെയാണ്. ഒരു സമുദായത്തിലെ കുട്ടികളുടെ ചെലവില് മറ്റു സമുദായത്തിലെ കുട്ടികള് പഠിക്കരുത്. ഞാന് പറഞ്ഞതില് തെറ്റുണ്ടോ ? ഇതുതന്നെ ആണ് അവര് വിശ്വാസികളെ ഇളക്കി വിടാനും പറഞ്ഞിരുന്നത്. ഓരോ കത്തോലിക്കനും തങ്ങളുടെ മക്കള്ക്കൊപ്പം രണ്ടു അന്യ മതക്കാരായ കുട്ടികളെക്കൂടി പഠിപ്പിക്കേണ്ടി വരും എന്ന്. അത് പറയുമ്പോളും ഇവിടെ കാലാ കാലങ്ങളായി നടന്നു വരുന്ന ഒരു ക്രോസ് സബ്സിഡി അവര് മനപൂര്വ്വം മറക്കുന്നു. ഇവിടത്തെ ന്യൂന പക്ഷത്തിന്റെ അവകാശപ്പെരുമഴയില് അവരെ എന്നും പോറ്റുക എന്ന കടമ ഏറ്റെടുക്കേണ്ടി വന്ന ഭൂരിപക്ഷത്തെ കുറിച്ച്. വിദേശത്ത് നിന്നും വരുന്നതടക്കം ഇവിടത്തെ കത്തോലിക്കാ പള്ളികളിലെ വരുമാനം ആരും പരിശോധനകള്ക്ക് വിധേയമാക്കാറില്ല. പള്ളികളില് നേര്ച്ചയായി കിട്ടുന്ന പണവും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില് നിന്നും ലഭിക്കുന്ന ഫീസും പിന്നെ അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങുന്ന കാശും ഒക്കെ പോകുന്നതു എങ്ങോട്ടാണെന്ന് ആര്ക്കറിയാം ? സാധാരണ വിശ്വാസി നിശ്ചിത തുക പള്ളിക്ക് നല്കണം. ഇതും അട്യാപകരോട് നിയമന സമയത്തു വാങ്ങുന്ന കൈക്കൂലിയും ഒക്കെ സ്ഥാപനങ്ങളില് ശമ്പളം കൊടുക്കാനാണ് എന്ന് ഇവര് ഒരു നല്ല വിഭാഗം വിശ്വാസികളെയും പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുന്നു. എന്നാല് കൈക്കൂലി മാനേജ് മെന്റിനും ശമ്പളം കൊടുക്കുന്നത് സര്ക്കാരും ആണെന്ന് ഇവര് ഇന്നും പരസ്യമായി സമ്മതിക്കാറില്ല. ശബരിമലയില് നിന്നും ഗുരുവായൂര് നിന്നും ഒക്കെ കിട്ടുന്ന പണം അങ്ങനെ അധ്യാപകര്ക്ക് ശമ്പളമായി കിട്ടുന്നു.. കത്തോലിക്കരായ അധ്യാപകര് അതില് ഒരു പങ്ക് പള്ളിയില് കൊടുക്കണം.. അങ്ങനെ കാശ് മുഴുവന് പീഡിത മര്ദ്ദിത അവശ ന്യൂനപക്ഷത്തിനു വന്ന് ചേരുന്നു. എന്നാല് പണം കൊണ്ടു സാധാരണ വിശ്വാസികള്ക്ക് എന്തെങ്കിലും ഉപകാരം ഉണ്ടെന്നു ആരും വിചാരിക്കണ്ട.

കത്തോലിക്കരുടെ സ്വാശ്രയ കോളേജ് കളില് അവര് പാവപ്പെട്ട വിദ്യാര്ഥികളെ സൌജന്യമായി പഠിപ്പിക്കുന്നു എന്ന അവകാശവാദവും പച്ചക്കള്ളമാണ്. ഫീസുകൊടുക്കാന് വശമില്ല എങ്കില് അവര് അവരുടെ പേരില് വിദ്യാഭ്യാസ വായ്പ എടുക്കാറുണ്ട്. അല്ലാതെ സൌജന്യമായി ആരെയും ഇവര് പഠിപ്പിക്കുന്നില്ല. കള്ളം പറയുകയും അത് വിശ്വാസികളെ നിര്ബന്ധിച്ചു വിശ്വസിപ്പിക്കുകയും ചെയ്യുന്നത് ഇവര് ഒന്നാം നൂറ്റാണ്ട് മുതല് തന്നെ തുടര്ന്ന് വരുന്ന ഒരു കാര്യം ആണല്ലോ. മത്തായി ചാക്കോ അന്ത്യ കൂദാശ സ്വീകരിച്ചാണ് മരിച്ചതെന്ന് വെളിപാടുണ്ടായ കഥയൊക്കെ വിശ്വാസികള് അപ്പൊ തന്നെമറക്കുമല്ലോ .. ഇല്ലെങ്കില്‍ മറക്കണം എന്നൊരു ഇടയ ലേഖനവും വായിക്കാം. കാര്യം കഴിഞ്ഞു .

ഇങ്ങനെ അധികാരത്തിന്റെ മത്തുപിടിച്ച് ആകാശത്ത് നോക്കി ഓലിയിടുന്ന പിതാക്കന്മാരും അവര്‍ക്ക് ഓശാന പാടാന്‍ നടക്കുന്ന രുബിനെ പോലുള്ള പുത്തന്‍ പാതിരികളും ആണ് ക്രിസ്തിയാനികളുടെ ശബ്ദം എന്നൊക്കെ തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ ഒരീസ്സകള്‍ ഇനിയും ഉണ്ടാകും. എതിര്‍ക്കുന്നവരെ ഒന്നടങ്കം കൊന്നൊടുക്കി ശീലിച്ചവര്‍ എതിര്‍പ്പുകള്‍ക്ക് മറുപടി പറയാന്‍ ഇല്ലാതെ വരുമ്പോള്‍ എതിര്‍ക്കുന്നവര്‍ക്ക് നേരെ വിഷം ചീറ്റുകയും എന്നും തലയാട്ടി ശീലിച്ച വിശ്വാസികളെ തെരുവിലിറക്കി ഭീഷണി മുഴക്കുകയും ചെയ്യുന്നതിനെ തീവ്രവാദം എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്? എത്ര കിട്ടിയാലും മതിയാകാതെ മുഴുവനും തങ്ങള്‍ക്കു തന്നെ വേണം എന്ന് വാശി പിടിക്കുന്നതിനെ ദൈവ വിശ്വാസത്തിന്റെ വിശേഷ രൂപം എന്നാണോ വിളിക്കേണ്ടത് ? അവരുടെ ബ്ലോഗു വായിക്കുന്നവര്‍ അതിന്റെ വശങ്ങളില്‍ എഴുതി വച്ചവയും പോസ്റ്റുകളിലെ ഉള്ളടക്കവും മെത്രാന്മാരുടെ ആനുകാലിക നിലപാടുകളും ഒന്നു താരതമ്യം ചെയ്യുന്നത് ഒരു ദിവസത്തേക്ക് ചിരിക്കാനുള്ള വക ഉണ്ടാക്കിത്തരും.

ചൈനയെ കുറിച്ചുള്ള ആശങ്കകളും വിമര്‍ശനങ്ങളും ബ്ലോഗില്‍ ഒരുപാടു കാണാന്‍ കഴിയും. ഇതിന്റെ കാരണം ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കവും ഒന്നും ആണെന്ന് തെറ്റിദ്ധരിക്കരുതേ.. അതിന്റെ കാരണം വേറെ ആണ്. ചൈനയില്‍ രണ്ടു വിഭാഗം ക്രിസ്തിയാനികള്‍ ഉണ്ട്. ഒന്നു ചൈനയോടും ദൈവത്തോടും പിന്നെ ക്രിസ്തീയതയോടും കൂറ് പുലര്‍ത്തുന്നവരും മറ്റൊന്ന് വത്തിക്കാനോടും അവരുടെ ധാര്‍ഷ്ട്യതോടും കൂറ് പുലര്‍ത്തുന്നവരും. രണ്ടാമത്തെ വിഭാഗത്തില്‍ സാധാരണ കത്തോലിക്കാ അധികാരികളില്‍ പ്രകടമായ ദേശസ്നേഹം ഇല്ലായ്മ നന്നായി ഉണ്ട്. ആദ്യത്തെ വിഭാഗം ചൈനീസ്‌ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആണ്. അവരിലെ മെത്രാന്മാരെ നിയമിക്കുന്നത് സര്‍ക്കാര്‍ ആണ്. വത്തിക്കാന്റെ കൂറുകാര്‍ക്ക് ചോറും പ്രത്യേക അവകാശങ്ങളും കൊടുക്കുന്ന ഇന്ത്യയെക്കാള്‍ നില മെച്ചം തന്നെ അല്ലെ? ഇതു വത്തിക്കാന് സഹിക്കാന്‍ കഴിയില്ല. അവരുടെ കാലുനക്കികള്‍ക്കും. ഇല്ലെങ്കില്‍ ലക്ഷക്കണക്കിന്‌ ആളുകളെ കൂട്ടക്കൊല ചെയ്ത ചരിത്രം ഉള്ള കത്തോലിക്കര്‍ ചൈനയിലെ ജനാധിപത്യ ധ്വംസനങ്ങളെ പറ്റി കണ്ണീരോഴുക്കുന്നതിന്റെ കാര്യം മറ്റെന്താണ് ? വിശ്വാസികള്‍ മരിച്ചാല്‍ ഇനിയും ഉണ്ടാക്കാമെന്നും പള്ളി തകര്‍ത്താല്‍ വേറെ പണിയാമെന്നും പറഞ്ഞവരാണ് ഇതും പറയുന്നതു എന്നോര്‍ക്കണം.
കൊന്നു തള്ളി പ്രശ്നങ്ങള്‍ തീര്‍ത്തിരുന്ന സിംഹങ്ങള്‍ പല്ലു കൊഴിഞ്ഞപ്പോള്‍ പട്ടിയെപോലെ കുരക്കുന്നതിനെ നമ്മള്‍ എന്ത് വിളിക്കും?

Wednesday, August 5, 2009

പത്തു തലകളും വില്പനയ്ക്ക് ..

കമന്റ് മോഡറേഷന്‍ വഴി നമ്മുടെ ജീര്‍ണലിസ്റ്റുകള്‍ സ്തുതിപാഠകരുടെ കീര്‍ത്തനങ്ങളും കേട്ട് സുഖിച്ചു ജീവിക്കുന്നു. അവരുടെ തെണ്ടിത്തരം തുറന്നു കാട്ടിയവര്‍ പര തെണ്ടികളായി അവശേഷിക്കുന്നു. പാവം സൂരജണ്ണന്‍.. വെറുതെ വീട്ടുകാരെയും ചീത്ത കേള്‍പിച്ചു. മാരീചനും റോബിയും ഒക്കെ നോട്ടപ്പുള്ളികളായി. മൂര്‍ത്തി അനഭിമതരുടെ പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു. മരത്തലയന് എന്ത് പ്രശ്നം.. കാല്‍കുലെടറിന്റെ ബാറ്ററി കുറെ തീര്‍ന്നു.
വ്യക്തിപരമായ ആരാധനകള്‍ ഇല്ലാത്തവനും മലീമസമാകാത്ത മനസാക്ഷിയുടെ ഉടമയും സര്‍വോപരി സമൂഹ മനസ്സാക്ഷിയുടെ കൂട്ടിക്കൊടുപ്പ്.. അയ്യോ.. കൂട്ടിവയ്പ്പ്കാരനും ഒക്കെ ആയ മെര്‍ക്ക് മഹാന്‍ ഇതാ ലങ്കയില്‍ വിരാജിക്കുന്നു. അസത്യവാദികള്‍, വെള്ളപൂശിയ ജീവിച്ചിരിക്കുന്ന ശവകുടീരങ്ങള്‍ തുടങ്ങിയ അഭിനവ രാമന്മാരെ ലങ്കയുടെ നാലയലത്ത്‌ അടുപ്പിക്കാതെ നോക്കാന്‍ ഗൂഗിള്‍ കനിഞ്ഞു നല്കിയ മോഡറേഷന്‍ പവറിനെയും പിന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത സഹൃദയ വായനക്കാരെയും കാവല്‍ നിര്‍ത്തി അദ്ദേഹം ഉറഞ്ഞു തുള്ളുകയാണ്.
രാവണന്‍ എന്ന പഴയ രാജാവിന് അമളികള്‍ അധികമൊന്നും പറ്റിയതായി ജയ്‌ ഹനുമാനില്‍ ഒന്നും കണ്ടതായി ഓര്‍ക്കുന്നില്ല. സീതയെ കണ്ടു, ഇഷ്ടപ്പെട്ടു.. പിടിച്ചോണ്ട് പോന്നു. ആണുങ്ങള്‍ പോയി കഥയും കഴിച്ചു. എന്നാലും ആ രാവണന്‍ ഒന്നു യുദ്ധം ചെയ്തുതന്നെയാണ് മരിച്ചത്. നമ്മുടെ രാവണന് ഗറില്ല യുദ്ധം ആണ് വശം. കമന്റുകളുമായി ഓരോരുത്തരും ലങ്കക്കുള്ളില്‍ നുഴഞ്ഞു കയറുമ്പോള്‍ ഉടനെ തലക്കടിച്ചു വീഴ്ത്താം. ഈ രാവണന്‍ മേനോന്‍ ആണെന്ന് തോന്നുന്നു. കാരണം ഒരു കമന്റില്‍ ജാതിപ്പേര് വിളി ആണോ എന്ന് സംശയിച്ച് ഒന്നു ഗര്‍ജ്ജിച്ചു നോക്കി നാണം കേട്ട ചരിത്രവും ഉണ്ടായിട്ടുണ്ട്. മേനോന്‍ മാര്‍ അങ്ങനെ ആണെന്നല്ല ഞാന്‍ പറഞ്ഞതു. ദയവായി ക്രൂശിക്കരുത്. ഇങ്ങനെ തെറ്റിദ്ധാരണയുടെ പേരില്‍ വരെ ജാതിയെ കുറിച്ച് ഓര്‍ത്ത് ആകുലനാകുന്ന, വര്‍ഗീയ വാദി അല്ലെന്നു പ്രഖ്യാപിച്ച, കേരള രാജ്യത്തെ ബ്ലോഗര്‍മാരായ ബ്ലോഗര്‍മാരെ ഒക്കെ മര്യാദയും പെരുമാറ്റവും ചട്ടങ്ങളും പഠിപ്പിക്കുന്ന മഹാനായ സത്യസന്ധന്റെ അമളി കണ്ടു ഒന്നു ചിരിച്ചത് മാത്രം.
വ്യക്തിപരമായ അധിക്ഷേപം മഹാന്റെ മുഖമുദ്രയാണ്. ഇക്കാര്യം ഒന്നു ചൂണ്ടിക്കാണിക്കുന്നത് പോലും അദ്ദേഹത്തിന് സഹിക്കാത്ത കാര്യമാണ്. എവെആ സൂരജിനോടാണ് ദേഷ്യം ഒക്കെ തീര്‍ത്തത്. അങ്ങനെ ഇരിക്കുമ്പോളാണ് പുതിയ ചിന്ത ഉദിച്ചത്. കുറെ അവന്മാര്‍ കമ്യൂണിസ്റ്റ്‌ നേതാക്കളായി വിലസുന്നുണ്ട്. പത്തു തല ഉള്ളതുകൊണ്ട് രാഷ്ട്രീയ ചായ്‌വ് ഉള്ള കമ്യൂണിസ്റ്റ്‌ ബ്ലോഗര്‍മാര്‍ ഒരു വിഷയമേ അല്ല. പിന്നെ ഈ ചീള് കേസുകളോട് എന്തിന് വായിട്ടലക്കണം ? അപ്പൊ കൊടുക്കാം ഒരു പ്ലേറ്റ്, വലിയ നേതാവിനിട്ടു തന്നെ. അങ്ങനെ പ്രകാശ്‌ കാരാട്ടിന്റെ ജീവ ചരിത്രം ഒന്നു മാന്തി നോക്കി. കിളുന്തു ചെക്കന്‍.. അയ്യേ.. വേണ്ടത് തന്നെ കിട്ടി. കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ വലിയ പ്രശ്നം കാരാട്ടിന്റെ ജീവ ചരിത്രമാണ്. ഇതിലൂടെ അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്താണെന്ന് മനസ്സിലായില്ല. ചിലപ്പോ വ്യക്തി ആരാധന സമ്മാനിച്ച അന്ധത്വം തന്നെ ആയിരിക്കും കാരണം. കമന്റുകള്‍ എഴുതിയവര്‍ക്കൊക്കെ കാര്യങ്ങള്‍ നന്നായി മനസ്സിലായിട്ടുണ്ട്. പലരും കമ്യൂണിസ്റ്റ്‌ പാര്‍ടി വലിയ ആപത്തില്‍ ആണെന്നും എന്തൊക്കെയോ സ്വപ്നങ്ങള്‍ കരിഞ്ഞു പോയിട്ടുണ്ടെന്നും ഒക്കെ പറയുന്നു. വി എസിനെ കുറിച്ചു മെര്‍ക്ക് പോലും കണ്ണീര്‍ ഒഴുക്കുന്നു. കണ്ടു നില്ക്കുന്ന എനിക്കും കരച്ചില്‍ വരുന്നു. ഇതിനൊക്കെ കാരണം ? കാരാട്ട് ലണ്ടനില്‍ പോയി പഠിച്ചു. റങ്കൂണില് ജനിച്ചു. ജനന തീയതി തെറ്റായി നല്കി. മണിയടി നടത്തി. അങ്ങനെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ആകെ അപകടത്തിലായി. അതിന്റെ സ്വാധീനത്തില്‍ കുറവ് വന്നതില്‍ രാവണന് സംങ്കടം സഹിക്കാന്‍ കഴിയുന്നില്ല.
മഹാനായ വി എസിനെ പാര്‍ടി ചവിട്ടി താഴ്തുകയാണ്. സമൂഹ മനസ്സാക്ഷിയുടെ കൂട്ടിക്കൊടുപ്പുകാരന്‍ ഇതാ അര മുറുക്കി രംഗത്ത് എത്തിക്കഴിഞ്ഞു. ഇനി വി എസിന് ഒന്നും പേടിക്കാനില്ല. പാര്‍ടിയില്‍ സംഭവിച്ചതിന്റെ ഒക്കെ കാരണം എല്ലാവര്ക്കും മനസ്സിലായിക്കഴിഞ്ഞു. ഇനിയെന്ത് ? രാവണന്‍ കാരാട്ടിനോട് ഒരു വലിയ കരുണ കൂടി കാണിച്ചു. ചെറുപ്പത്തില്‍ നിക്കര്‍ മാത്രം ഇട്ടുനടന്ന കാലം ഒരു വലിയ ഇഷ്യൂ ആക്കി കാരാട്ട് ഒരു ബോഡി ബില്‍ടരും മോഡലും ഐടം ഡാന്‍സ് കാരനും ഒന്നും ആണെന്ന് സ്ഥാപിച്ചില്ല. രാവണന്‍ എങ്ങാനും പറഞ്ഞു പോയാല്‍ പിന്നെ മാറ്റമുണ്ടോ ? എതിര്‍ത്ത് പറയാനുള്ള തലയും വിവരവും നമ്മള്‍ക്ക് ആര്‍ക്കെങ്ങ്കിലും ഉണ്ടോ? പറഞ്ഞെങ്ങാനും പോയാല്‍ പിന്നെ വീട്ടിലുള്ളവര്‍ക്ക് സമാധാനം കിട്ടുമോ? ഹൊ ആശ്വാസം. ആ വലിയ മനസ്സു ഒന്നു കാണാന്‍ നമ്മള്‍ ആരെങ്ങ്കിലും ഇതുവരെ ശ്രമിച്ചോ ?
മേര്ക്കുവണ്ണാ എനിക്കൊരു സംശയം, ഈ പരിപാടിയുടെ പ്രായോജകര്‍ ആരാണ്? പണ്ടൊക്കെ കത്തോലിക്കാ സഭ യുവാക്കളെ ഇളക്കി വിടുമ്പോള്‍ പറയാറുണ്ടായിരുന്നു പോലും ഒരു കമ്യുണിസ്റ്റ്‌ കാരനെ എങ്കിലും കൊന്നാല്‍ അവനെ ദൈവം അനുഗ്രഹിക്കും എന്ന് (പ്രധാനമായും യൂറോപ്പിലും അമേരിക്കയിലും). ഇനിയിപ്പോ അങ്ങനെ വല്ലതും ആണോ? അല്ല ആദ്യം പറഞ്ഞതാണ് കാര്യമെങ്ങ്കില്‍ ഒരു രാവണനെ ജീവചരിത്രം കുഴിച്ച് ഒന്നു ചെളി തേക്കാന്‍ ഉണ്ടായിരുന്നു. എങ്ങനെ ആണ് കാര്യങ്ങള്‍? പല നിക്ഷ്പക്ഷ മാധ്യമ പ്രമുഖരുടെയും സത്യസന്ധതയുടെ പ്രായോജകര്‍ പുറത്തായിട്ടുണ്ട്. അപ്പൊ ഇവിടത്തെ ഉദ്ദേശ്യം..

Saturday, July 18, 2009

സ്വവർഗ്ഗ രതിയും മത വിശ്വാസങ്ങളും പിന്നെ നമ്മളും..

സ്വവർഗ്ഗ രതി ദില്ലി ഹൈക്കോടതി ശരി വച്ചപ്പോൾ മുതൽ തുടങ്ങിയതാണ്‌ മത നേതാക്കന്മാരുടെ ബഹളം. നമ്മുടെ പ്രചാരകനെ പോലെ ഉള്ളവരും പിന്നെ കത്തോലിക്കാ സഭയുടെ ബ്ലോഗും ഒക്കെ ലോകം അവസാനിക്കാൻ പോകുന്നതുപോലെ ആണ്‌ മുറവിളി കൂട്ടുന്നത്‌. അങ്ങനെ പ്രകൃതി വിരുദ്ധ ലൈംഗികത എന്നത്‌ കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഏറ്റവും അധികം കേൾക്കുന്ന വാക്കും ആയി. അങ്ങനെ ഇരിക്കുമ്പോളാണ്‌ എനിക്കൊരു സംശയം വന്നത്‌. എന്താണ്‌ പ്രകൃതി വിരുദ്ധം എന്നത്‌ കൊണ്ട്‌ ഉദ്ദേശ്ശിക്കുന്നത്‌? പ്രകൃതി എന്ന വാക്ക്‌ പ്രധാനമായും രണ്ട്‌ അർത്ഥത്തിൽ ഉപയോഗികാറുണ്ട്‌ . ഒന്ന്‌ അത്‌ നമ്മുടെ ചുറ്റുപാടും കാണുന്നവയെ ( അതായത്‌ മരങ്ങളും മറ്റുള്ളവരും വിവിധ ജന്തുക്കളും ഒക്കെ അടങ്ങിയ ആ സംഭവം ) പൊതുവായി പ്രതിനിധീകരിക്കുന്ന വാക്ക്‌. മറ്റേ അർഥം പെരുമാറ്റ ശീലം എന്നൊക്കെ പറയുന്ന ആ അത്‌. പക്ഷെ രണ്ടാമത്തേതിനുള്ള ശരിയായ വാക്ക്‌ പ്രകൃതം എന്നാണല്ലോ. ആ നിലയിൽ പ്രകൃതി വിരുദ്ധം എന്നതു കൊണ്ട്‌ എന്തായിരിക്കും അർഥമാക്കുന്നത്‌? ന്യായമായും അത്‌ ആദ്യം പറഞ്ഞ ആ സംഭവത്തിന്‌ മൊത്തത്തിൽ കേടുപാടുകൾ വരുത്തുന്ന എന്തെങ്കിലും കാര്യം ആയിരിക്കില്ലേ?
ആണെന്നു തന്നെ ഞാൻ കരുതുന്നു. അനിയന്ത്രിതമായ മരം മുറിക്കൽ, മണൽ വാരൽ, കുന്ന്‌ നികത്തൽ ഇവയൊക്കെ തീർച്ചയായും പ്രകൃതി വിരുദ്ധം ആണെന്ന്‌ ഞാൻ കരുതുന്നു. ഈ സ്വവർഗ്ഗ രതി എങ്ങനെ പ്രകൃതി വിരുദ്ധമാകുന്നു എന്നത്‌ എനിക്കിനിയും മനസ്സിലാകാത്ത ഒരു കാര്യമാണ്‌. ചിലർ പറയുന്നു അത്‌ പ്രകൃതിയുടെ ആ ഒരു ഒഴുക്കിനും നിയമങ്ങൾക്കും വിരുദ്ധമാണെന്ന്‌. അതിപ്പൊ എങ്ങനെ പറയാൻ സാധിക്കും എന്നതാണ്‌ എന്റെ സംശയം. ഈ പറയുന്നവരുടെ അവകാശവാദം അനുസരിച്ച്‌ ബൈബിളും ഖുറാനും ആണ്‌ ഇതൊക്കെ തീരുമാനിക്കുന്നത്‌. ശാസ്ത്രത്തെക്കുറിച്ച്‌ പ്രത്ത്യേകിച്ച്‌ അവബോധം ഒന്നും ഇല്ലാതിരുന്ന കാലത്ത്‌ എഴുതപ്പെട്ടതും അന്നത്തെ ആളുകളുടെ ജീവിത രീതികളും സാമൂഹിക വ്യവസ്ഥിതികളും അനുസരിച്ച്‌ ചിട്ടപ്പെടുത്തിയതുമായ ഈ മത ഗ്രന്ഥങ്ങളുടെ ഇന്നത്തെ പ്രസക്തി ചോദ്യം ചെയ്ത്‌ വികാരങ്ങളെ വ്രണപ്പെടുത്തി ഒരു പ്രശ്നം ഉണ്ടാക്കാൻ എനിക്ക്‌ തൽക്കാലം ആഗ്രഹമില്ല. പക്ഷെ ഈ ഗ്രന്ഥങ്ങൾ അനുസരിച്ച്‌ വേണം ഒരു മതേതര രാജ്യത്തെ നിയമനിർമ്മാണം നടത്തേണ്ടതെന്ന്‌ വാശി പിടിക്കുന്നവരുടെ വാദത്തിലുള്ള ന്യായം എന്താണെന്ന്‌ എനിക്കിനിയും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച്‌ വായ തോരാതെ സംസാരിക്കുന്നവർ ഈ ലൈംഗിക ന്യൂനപ്ക്ഷത്തിന്റെ കാര്യത്തിൽ മാത്രം ഇങ്ങനെ ഒരു സമീപനം എടുക്കുന്നതിലെ ഉദ്ദേശ്യം ഏതായാലും നല്ലതാകാൻ വഴിയില്ല.
സ്വവർഗ്ഗ ലൈംഗികതയെ എതിർത്ത്‌ കത്തോലിക്കരുടെ ബ്ലോഗിൽ വന്ന പോസ്റ്റ്‌ പണ്ടൊരു കത്തോലിക്കൻ ആയിരുന്ന എന്നെ ആശയക്കുഴപ്പത്തിലാക്കിയ ഒന്നാണ്‌. മത പഠന ക്ലാസ്സുകളിൽ ഞങ്ങളേയൊക്കെ പഠിപ്പിച്ചതും പുസ്തകങ്ങളിൽ പറയുന്നതും പ്രകാരം ലൈംഗികത സന്താനോൽപാദനം ഉദ്ദേശിച്ചുള്ള ഒരു പ്രക്രിയ മാത്രമാണ്‌. ഇതിനെ സുഖാസ്വാദനത്തിനു വേണ്ടി ഉപയോഗിക്കുന്നത്‌ മാരകമായ പാപമാണെന്നും ആണ്‌. ഏഴാം ക്ലാസ്സിൽ ഇത്‌ കേൾക്കുന്ന കുട്ടികൾ ന്യായമായും പേടിച്ചു പോകും. ഇതിൽ വിവാഹേതരം എന്നോ വൈവാഹിക ബന്ധത്തിൽ ഉള്ളതെന്നോ ഒന്നും വ്യത്യാസം ഇല്ലെന്നാണ്‌ അന്നു പറഞ്ഞത്‌. പക്ഷെ ആ ബ്ലോഗിൽ ലേഖകൻ പറയുന്നത്‌ ലൈംഗികത ജീവിതത്തിന്റെ വിവിധ ഭാഗങ്ങളെയും ആസ്വാദ്യകരമാക്കുന്നു എന്നാണ്‌. പാപം! ഇതിനെ ന്യായീകരിക്കാൻ നൽകിയ ബൈബിൾ റഫറൻസുകൾ ഒന്നും തന്നെ സ്വവർഗ്ഗ ലൈംഗികത പ്രകൃതി വിരുദ്ധമാണെന്നോ പാപമാണെന്നോ പറയുന്നില്ല. ഞാൻ വായിച്ചിട്ടുള്ളാ ബൈബിൾ ഒന്നും ഇതിനെ പാപം എന്ന്‌ വിളിക്കുന്നുമില്ല. വ്യഭിചാരത്തിന്റെ പഴയനിയമത്തിലോ പുതിയ നിയമത്തിലോ ഉള്ള നിർവചനങ്ങൾ ഒന്നും സ്വവർഗ്ഗ രതിയിൽ ബാധകമാകുന്നില്ല. ഒരുപക്ഷെ ദൈവം ബൈബിൾ ഫാക്സ്‌ അയച്ചു കൊടുത്തപ്പോൾ അത്‌ വഴിയിൽ വീണു പോയതായിരിക്കും. ഏതായാലും അത്‌ വ്യഭിചാരത്തിന്റെ പരിധിയിൽ വരാത്തതിനാൽ (ബൈബിൾ പ്രകാരം) ദൈവ കൽപനകളുടെ ലംഖനവും നടക്കുന്നില്ല.
അപ്പോൾ ഈ സംഭവം എങ്ങനെ പാപവും പ്രകൃതി വിരുദ്ധവും ആയി? ആ ബ്ലോഗിൽ തന്നെ ഇക്കാര്യം ഏതോ മാർപ്പാപ്പ തീരുമാനിച്ചെന്ന മട്ടിലാണ്‌ കണ്ടത്‌. അത്‌ കുടുംബ ബന്ധങ്ങളുടെ പവിത്രത തകർക്കുമെന്നും സന്താനോൽപാദനകരം അല്ലാത്തതിനാൽ ലൈംഗികതയെക്കുറിച്ചുള്ള ക്രിസ്തീയ പ്രബോധനത്തിന്‌ നിരക്കാത്തത്താണെന്നും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ഈ മാർപ്പാപ്പ വത്തിക്കാനിലേയോ മറ്റോ എന്തൊ രാജാവൊക്കെയണ്‌ എന്നറിയാം. സ്വവർഗരതി നിയമവിധേയമാക്കിയ മറ്റു രാജ്യങ്ങളോടൊന്നും ഈ രാജാവ്‌ യുദ്ധം ഒന്നും ചെയ്തതായി അറിയില്ല. അപ്പൊ വത്തിക്കാനിലെ രാജാവിനെ അനുസരിക്കാൻ ഇന്ത്യക്കാർക്കുള്ള കടപ്പാട്‌ എന്താണെന്നും എനിക്കറിയില്ല. ഈ പ്രവണത അത്യന്തം അപകടകരമാണ്‌.
ഒരാൾക്ക്‌ ലൈംഗികമായ താത്പര്യം അയാളുടെ തന്നെ വർഗ്ഗത്തിൽ പെട്ട ആളൊടാണെങ്കിൽ അയാൾക്ക്‌ ഒരു സാധാരണ വിവാഹ ജീവിതം സാധ്യമാകില്ല എന്നുള്ളത്‌ എല്ലാവർക്കും അറിയാം. പിന്നെ പണ്ടു പറയാറുള്ളത്‌ പോലെ ഒരു കല്യാണം കഴിപ്പിച്ചാൽ നന്നായേക്കും എന്ന ലൈനാണെങ്കിൽ എനിക്കൊന്നും പറയാനില്ല.
അപ്പോൾ ബൈബിളിൽ ഉള്ള ചെറിയൊരു ഭാഗം ഓർമ്മ വന്നു. ഒരിക്കൽ അന്ധനോ മുടന്തനോ എന്നൊർമ്മയില്ല, ആയ ഒരാളെ കണ്ടപ്പോൾ ശിഷ്യന്മാർ യേശുവിനോട്‌ ചോദിച്ചു ആരുടെ പാപം നിമിത്തമാണ്‌ ഇയാൾ ഇങ്ങനെ ആയതെന്ന്‌. അയാളെ സുഖപ്പെടുത്തിക്കൊണ്ട്‌ യേശു പറഞ്ഞു, ഇത്‌ ആരുടേയും പാപം നിമിത്തം സംഭവിച്ചതല്ല, മറിച്ച്‌ ദൈവത്തിന്റെ പ്രവർത്തികൾ ഇവനിലൂടെ പ്രകടമാകുവാൻ വെണ്ടിയാകുന്നു. That hits it.. ബൈബിൾ അനുസരിച്ചാണെങ്കിൽ ഇത്‌ ദൈവത്തിന്റെ നേരം പോക്ക്‌ മാത്രം. എന്നിരുന്നാലും എതിർ ലിംഗത്തിൽ പെട്ട ഒരാളെ ആസക്തിയോടെ നോക്കുന്നതുവരെ വ്യഭിചാരം ആണെന്നു പറയുന്നവരുടെ ഇടയിൽ ഈ പാപത്തിനെ ചെറുത്ത്‌ തോൽപ്പിച്ച്‌ സ്വ ലിംഗവർഗ്ഗത്തിൽ പെട്ട ഒരാളിലേക്ക്‌ തന്റെ താത്പര്യത്തെ വഴി തിരിച്ചു വിടുന്നതു വഴി Defined ആയ പാപങ്ങൾ ഒന്നും ചെയ്യാതിരിക്കാൻ ചിലരെയങ്കിലും അനുഗ്രഹിച്ച പരമ കാരുണികനായ ദൈവത്തോട്‌ നന്ദി പറയുന്നതിനു പകരം അവർക്ക്‌ രോഗമാണെന്നും അവരെ ചികിത്സിക്കണം എന്നും ഒക്കെ പറയുന്നത്‌ ദൈവത്തിന്റെ ഇഷ്ടത്തിന്‌ വിരുദ്ധമല്ലേ? പരമസത്യവും കാലങ്ങൾക്കവസാനം വരേയും മാറ്റമില്ലാതെ തുടരുന്നതുമായ വിശുദ്ധ ഗ്രന്ധം തെറ്റാണെന്ന്‌ പറയാത്ത ഒരു കാര്യം മനുഷ്യ സഹജമായ സകല ബലഹീനതകളും ഉള്ള മാർപ്പാപ്പ എന്ന സാധാരണക്കാരൻ തെറ്റാണെന്ന്‌ പറയുന്നതേങ്ങനെ? അല്ല മെത്രാന്മാർ സദാ കാലുമാറുകയും പറഞ്ഞത്‌ മാറ്റിപ്പറയുകയും ചെയ്യുന്നതുപോലെ ഇതും അങ്ങ്‌ പറഞ്ഞേക്കാമെന്നോ? അവർക്ക്‌ വേണ്ടതുപോലെ ബൈബിൾ മാറ്റി എഴുതാമെന്നോ? ദിസ്‌ ഈസ്‌ ചീറ്റിംഗ്‌..
സഭ ഗർഭനിരോധനത്തെ എത്തിർക്കുന്നതിന്റെ പ്രധാന കാരണം പണ്ട്‌ ഏദൻ തോട്ടത്തിൽ നിന്ന്‌ ആദത്തേയും ഹൗവ്വായേയും പുറത്താക്കിയ ദൈവം അവരേ ഭൂമിയിലേക്കയച്ചപ്പോൾ പറഞ്ഞു.. "പെരുകി വർദ്ധിക്കുവിൻ.. ഭൂമിയിൽ നിറഞ്ഞ്‌ അതിനെ കീഴ്പ്പെടുത്തുവിൻ". അപ്പോൾ ദൈവഹിതം അനുസരിക്കാൻ അത്യന്തം കടപ്പെട്ടവരായ പുരൊഹിത വർഗ്ഗത്തിന്‌ ബ്രഹ്മചര്യം നിർബന്ധമാക്കിയത്‌ ഒരു വിരോധാഭാസമല്ലേ? കൽപനകൾ അനുസരിക്കാത്തത്‌ഇന്റെ പേരിലുള്ള ദൈവകോപം അനുഭവിച്ചത്‌ പാവം അഭയയും മറ്റും. ഇവർക്കിതോക്കെ ആകാമായിരുന്നെങ്കിൽ അഭയ ചിലപ്പോ രക്ഷപ്പെടുമായിരുന്നു. പാവം. ഈ പറയുന്ന സ്നേഹനിധിയും പരമ കാരുണികനുമായ ദൈവം, തന്റെ ഏക പുത്രനെ മനുഷ്യനു നൽകാൻ തക്കവണ്ണം അവനെ സ്നേഹിച്ച ദൈവത്തിന്‌ ആദത്തോടും മറ്റും ഒന്ന്‌ ക്ഷമിച്ചാലും മതിയായിരുന്നു. ഇത്രയധികം വിരോധാഭാസങ്ങൾ ഉള്ള ഒരു പഴയ കഥാപുസ്തകമാണല്ലോ പലരുടെയും നിയമ നിർമ്മാണത്തിനു വരെയുള്ള റഫറൻസ്‌ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.
നമ്മുടെ പ്രചാരകന്റെ പോസ്റ്റിന്‌ ഞാൻ മറുപടി എഴുതുന്നില്ല. കാരണം ആയിരത്തൊന്നു രാവുകൾ ഞാനും വായിച്ചിട്ടുണ്ട്‌. കാസർഗോഡെ ബ്ലാക്ക്മെയിലിംഗ്‌ കഥയും മറ്റും അറിയുകയും ചെയ്യാം. നമ്മൾ സ്വവർഗ്ഗ രതിക്കാരോട്‌ സഹാനുഭൂതി ഉള്ള കുറെ സംസ്കാര ശൂന്യർ. സമൂഹത്തിലെ സംസ്കാര സമ്പന്നരുടെ വാതിലിനു പിന്നിലെ കഥകൾ ഇങ്ങനെ ജെസ്മിയിലൂടെയും അഭയയിലൂടെയും ഒക്കെ പുറത്തുവരുമ്പൊ നമ്മൾക്ക്‌ മൂക്കിൽ വിരൽ വയ്ക്കാമോ ആവോ.. എന്തായാലും ഒന്ന്‌ ഞാൻ പറയാം, ഒരു മതേതര രാജ്യത്തിന്റെ നിയമ നിർമ്മാണം ഒരു ന്യൂനപക്ഷത്തിന്റെ പഴംകഥാ പുസ്തകത്തിനെ അടിസ്ഥാനമാക്കി വേണം എന്നൊക്കെ വന്നാൽ.. പിന്നെ ജീവിച്ചിരിക്കുന്നതിൽ കാര്യമില്ല..