Friday, July 16, 2010

അങ്ങനെ തീരുമാനമായി - സ്ത്രീകള്‍ വീട്ടിലിരുന്നാ മതി.

ആംഗ്ലിക്കന്‍ സഭ ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഒരു സമയമായിരുന്നു ഇത്. അവര്‍ സ്ത്രീകള്‍ക്ക് ബിഷപ്പ് പദവി വരെ നല്‍കാന്‍ തീരുമാനിച്ചു. പൊതുവെ എല്ലാ സഭകളും കാലാ കാലങ്ങളായി സ്ത്രീകളോടു കാണിച്ചു വരുന്ന അവഗണനയും അവരെ പൊതുവെ രണ്ടാം തരക്കാരായി പരിഗണിക്കുന്ന നിലയും ഇതൊടെ പരിശോധനകള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമാകും എന്ന ഒരു പ്രതീക്ഷ ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ എല്ലാം തകിടം മറിച്ചുകൊണ്ട് വത്തിക്കാന്‍ തീരുമാനം എടുത്തു കഴിഞ്ഞു.. സ്ത്രീകള്‍ പുറത്തിരുന്നാല്‍ മതി.
വാര്‍ത്ത ഇവിടെ.

"Federico Lombardi, the Vatican spokesman, underscored how the ordination of women is “a crime against sacraments,” while
paedophilia should be considered a “crime against morals” and both would fall under the jurisdiction of the CDF. The organisation, which was once known as the Holy Office of the Inquisition, was previously headed by the current Pope when he was Cardinal Joseph Ratzinger." മാര്‍പ്പാപ്പ ആയിട്ടും പഴയ പീഡന ഓഫീസിന്റെ സുഖം അങ്ങ് വിട്ടിട്ടില്ല എന്ന് തോന്നുന്നു.

The new rules put attempts at ordination of women among the "most serious crimes," along with paedophilia, updating a 2007 CDF decree according to which those who attempt to ordain women — and the women concerned — are subject to automatic excommunication.
സ്ത്രീ പൌരോഹിത്യം എന്ന മഹാ പാപത്തിനെ എന്തിനോടു ആണ് താരതമ്യം ചെയ്തു തുല്യ പദവി കൊടുത്തിരിക്കുന്നത്‌ എന്ന് കണ്ടു ഉണ്ടായ നടുക്കം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

അപ്പൊ അങ്ങനെ ആണ് സംഭവം. സ്ത്രീകള്‍ ബഹളം ഉണ്ടാക്കതിരിക്കാനാണ് ഞങ്ങള്‍ കുറേ ഏറെ ചര്‍ച്ചകള്‍ നടത്തി മറിയം കന്യക ആണെന്ന് തീരുമാനിക്കുകയും അത് വിശ്വാസ സത്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളത്. വല്ലതും പറയാനുണ്ടെങ്കില്‍ അങ്ങോട്ട്‌ പറഞ്ഞു മിണ്ടാതെ ഇരിക്കണം. ഇവിടം ഭരിക്കുന്നത്‌ ഞങ്ങള്‍ തന്നെ ആണ്. കാര്യം ഇടവക വികാരി ഇടവകക്കാരുടെ ശമ്പളക്കാരന്‍ ഒക്കെ ആയിരിക്കും. പക്ഷെ നിങ്ങള്‍ വിശ്വാസികള്‍ ഒന്നിനും പ്രാപ്തി ഇല്ലാത്തവരാണ്. ആയതിനാല്‍ നിങ്ങളുടെ കാശ് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള പള്ളിയും പള്ളിക്കൂടവും പള്ളിമേടയും ഒക്കെ ഞങ്ങള്‍ മാത്രം അനുഭവിച്ചു കൊള്ളും. ഞങ്ങള്‍ ഭരിക്കും. നിങ്ങളുടെ ചെലവില്‍ എന്നും ജീവിക്കുകയും രാഷ്ട്രീയം മുതല്‍ കിടപ്പറ വരെ നിങ്ങളുടെ എല്ലാ കാര്യത്തിലും ഞങ്ങള്‍ തീരുമാനം എടുക്കുകയും ചെയ്യും. നിങ്ങള്‍ അനുസരിക്കുകയും ഞങ്ങള്‍ക്കെതിരെ ആരെങ്കിലും മിണ്ടിയാല്‍ തെരുവിലിറങ്ങുകയും മാത്രം ചെയ്താല്‍ മതി. അല്ലാതെ സംഭാവന കൊടുത്തു എന്ന് പറഞ്ഞു കോളേജില്‍ മക്കള്‍ക്ക്‌ സീറ്റ് ചോദിക്കുകയോ പെണ്ണുങ്ങളെ പട്ടക്കാരി ആക്കണമെന്ന് പറയുകയോ ഞങ്ങളെ ചോദ്യം ചെയ്യുകയോ ഒന്നും വേണ്ട. ഞങ്ങള്‍ സ്വയം തെരഞ്ഞെടുക്കപ്പെട്ടവരും നിങ്ങളെ എക്കാലവും ഭരിക്കാനുള്ള അധികാരം ജന്മനാ കിട്ടിയവരും ആണ്. ഞങ്ങള്‍ ഉണ്ടാക്കുന്ന നിയമം അനുസരിച്ചാല്‍ ഇവിടെ മര്യാദക്ക് ജീവിക്കാം. അല്ലെങ്കില്‍ മക്കളുടെ കല്യാണം ബന്ധുക്കളുടെ ശവമടക്ക് ഒക്കെ ഞങ്ങള്‍ തടഞ്ഞു കളയും. പരലോകത്ത് നിങ്ങള്‍ ജീവിക്കുകയോ ജീവിക്കാതിരിക്കുകയോ ചെയ്യ്. പിന്നെ ഞങ്ങള്‍ മാത്രമാണ് മര്യാദക്കാര്‍. ആയതിനാലാണ് നിങ്ങള്‍ വിശ്വാസികളുടെ സ്വത്ത് കൈകാര്യം ചെയ്യാനും അത് വത്തിക്കാന്റെ അടിയിലാക്കാനും ഞങ്ങള്‍ നിന്നിട്ടും ഗവണ്‍മെന്റ് പോലും ഒന്നും ചോദിക്കുകയോ ദേവസ്വം ബോര്‍ഡ് പോലെ ഒന്നും ഉണ്ടാക്കുകയോ ചെയ്യാത്തത്. അതുകൊണ്ട് പറയുന്ന കേട്ടാ മതി. ചോദ്യം വേണ്ട.

എന്നിട്ടും മിണ്ടാന്‍ മടിക്കാത്ത വിശ്വാസീ നിന്നെ കുറിച്ചോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു.

Saturday, April 24, 2010

ഹാക്കിങ്ങും ക്രാക്കിങ്ങും

പോസ്റ്റ്‌ കണ്ടപ്പോള്‍ ഒരു ചെറിയ മനപ്രയാസം തോന്നി. ഹാക്കിങ്ങും ക്രാക്കിങ്ങും ഇപ്പോള്‍ പൊതുവേ ഒരേ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കപ്പെടുന്ന രണ്ടു വാക്കുകള്‍ ആണ്. എന്നാല്‍ ഇത് രണ്ടും ഒരിക്കലും ഒന്നല്ല എന്ന് മാത്രമല്ല തമ്മില്‍ നൈതികമായ വലിയ വ്യത്യാസങ്ങള്‍ ഉണ്ടുതാനും.

ആദ്യമേ തന്നെ ക്രാക്കിംഗ് എന്താണെന്ന് പറയാം. ഈ പരിപാടി പൊതുവേ ചെയ്യുന്നവര്‍ അവരെ തന്നെ ഹാക്കര്‍മാര്‍ എന്ന് വിളിക്കുന്നതുകാരണം ഈ വാക്ക്‌ പൊതുവേ ഉപയോഗിക്കപ്പെടുന്നില്ല. ഒരു ക്രാക്കര്‍ പൊതുവേ:
  1. മറ്റുള്ളവരെ ഉപദ്രവിക്കുക എന്നാ ഉദ്ദേശ്യത്തോടെ കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറുകയും വിവരങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്നു.
  2. ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെയും മറ്റും വിവരങ്ങള്‍ കരസ്ഥമാക്കുകയും പണം മോഷ്ടിക്കുകയും ചെയ്യുന്നു.
  3. ഓര്‍ക്കുട്ടിലും ഫെയിസ് ബുക്കിലും മെയിലുകളിലും മറ്റും നുഴഞ്ഞു കയറി അവയിലെ യഥാര്‍ത്ഥ അക്കൌണ്ട് ഉടമകള്‍ക്ക്‌ അപകീര്‍ത്തികരമായ രീതിയില്‍ വ്യക്തിപരമായ വിവരങ്ങള്‍ (പലപ്പോഴും തെറ്റായവ) നല്‍കുകയും അവരുടെ മെയില്‍ അക്കൌണ്ടുകള്‍ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു.
  4. പണം നല്‍കി വാങ്ങേണ്ടുന്ന സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകള്‍ റിവേഴ്സ് എങ്ങിനീയറിംഗ് വഴി ഉണ്ടാക്കുകയോ പണം നല്‍കാതെ തന്നെ അവയെ ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റുകയോ ചെയ്യുന്നു.
  5. വ്യാജമായ വെബ്‌ പേജുകള്‍ ഉണ്ടാക്കി വിവരങ്ങള്‍ വഴി തിരിച്ചു വിടുന്നു. (വ്യാജമായ ലോഗിന്‍, ഷോപ്പിംഗ്‌ പേജുകള്‍ )
  6. കീ ലോഗര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് പാസ്‌വേഡ് പോലെ ഉള്ള വിവരങ്ങള്‍ ചോര്‍ത്തി എടുക്കുകയും അവ ദുരുപയോഗം ചെയ്യുകയും ചെയ്യുക.
ഇവ കൂടാതെ വയര്‍ലെസ്സ്‌ നെറ്റ്വര്‍ക്കുകളുടെ പാസ്‌വേഡ് കണ്ടുപിടിക്കുകയും അവ അനധികൃതമായി ഉപയോഗിക്കുകയും ചെയ്യുക എന്നതൊക്കെ ഇതില്‍ പെടും. മറ്റുള്ളവരെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് പൊതുവേ നടത്തുന്ന ആക്രമണങ്ങള്‍ ആണ് ഇവ. ഈ അടുത്ത കാലത്ത്‌ ചൈനയിലെ ഗൂഗിള്‍ സെര്‍വറുകളില്‍ നടന്ന നുഴഞ്ഞു കയറ്റങ്ങള്‍ ഒക്കെ ഇവയില്‍ പെടും. ഇതിനെ ഒക്കെ ഹാക്കിംഗ് എന്ന് വിളിക്കുന്നത്‌ ഒരു വലിയ സമൂഹത്തിനോട് ചെയ്യുന്ന ക്രൂരമായ അപമാനം ആണ്.

A cracker is someone who breaks into someone else's computer system, often on a network; bypasses passwords or licenses in computer programs; or in other ways intentionally breaches computer security. A cracker can be doing this for profit, maliciously, for some altruistic purpose or cause, or because the challenge is there. Some breaking-and-entering has been done ostensibly to point out weaknesses in a site's security system.

The term "cracker" is not to be confused with "hacker". Hackers generally deplore cracking. However, as Eric Raymond, compiler of The New Hacker's Dictionary notes, some journalists ascribe break-ins to "hackers." ( from http://searchsecurity.techtarget.com)

ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങള്‍ ആണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്. ഹാക്കര്‍ ആകുവാന്‍ കമ്പ്യൂട്ടറില്‍ ആഴത്തിലുള്ള അറിവ്‌ അത്യാവശ്യമാണ്. ഒരു കണക്കിന് പറഞ്ഞാന്‍ ഓപ്പണ്‍ സോഴ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും ഹാക്കര്‍മാര്‍ ആണ്. റിച്ചാര്‍ഡ്‌ സ്റ്റാള്‍മാന്‍, ലിനസ്‌ ടോര്‍വാള്‍ഡ്സ് ഒക്കെ. നിലവിലുള്ള ഒരു സംവിധാനത്തെ ആഴത്തില്‍ പഠിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അതിനെ പരിഷ്കരിക്കുകയും ഒക്കെ ഹാക്കര്‍മാരുടെ പ്രവര്‍ത്തികളില്‍ പെടുന്നു. ഒരു കമ്പനി അവരുടെ ഉല്‍പന്നങ്ങളെ പറ്റിരഹസ്യമായി വയ്ക്കുന്ന പല കാര്യങ്ങളും ഇവര്‍ കണ്ടെത്തി പുറത്തു കൊണ്ടുവരുന്നു. ഇതില്‍ ആ ഉല്പന്നത്തിന്റെ സുരക്ഷാ പാളിച്ചകളും ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്ക് മേലെ ഉള്ള കടന്നുകയറ്റങ്ങളും ഒക്കെ ഉണ്ടാകും. ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഉണ്ടായിരുന്ന റ്റി എസ് ആര്‍ സംവിധാനം പുറത്തു കൊണ്ടുവന്നത് ഹാക്കര്‍മാര്‍ ആയിരുന്നു. മൈക്രോസോഫ്റ്റ്‌ ഒരു പ്രിന്‍റ് സ്പൂളറിനു മാത്രം ആദ്യം ഉപയോഗിച്ചിരുന്ന ഈ സംവിധാനം ഡോസില്‍ പിന്നീട് ഉപയോഗപ്രദമായ പല പ്രോഗ്രാമുകളും ഉണ്ടാകുന്നതിന് വഴിവച്ചു. ഇതുകൊണ്ട് മൈക്രോസോഫ്റ്റിന് നഷ്ടങ്ങള്‍ ഒന്നും ഉണ്ടായതായി ആരും പറഞ്ഞു കേട്ടില്ല.

ഹാക്കിങ്ങിനെയും ഹാക്കര്‍മാരെയും പറ്റി കൂടുതല്‍ അറിയാന്‍ ഇത് കൂടി വായിക്കുക. ഒരു നല്ല സംസ്കാരത്തെ അതിന്റെ ഭാഗമെന്നു സ്വയം അവകാശപ്പെടുന്ന ഒരു കൂട്ടം വക്ര ബുദ്ധികളുടെ തന്തയില്ലായ്മ കാരണം വെറുക്കരുത്. ഹാക്കര്‍മാര്‍ തങ്ങളുടെ പരിജ്ഞാനവും കഴിവുകളും ഒരു സമൂഹത്തിന്റെ നന്മക്കും മെച്ചപ്പെടുതലുകള്‍ക്കും വേണ്ടി ഉപയോഗിക്കുന്നവര്‍ ആണ്. നെറ്റ്വര്‍ക്കുകളുടെ സുരക്ഷാ പരിശോധനകള്‍ക്കായി അവര്‍ തയ്യാറാക്കിയ പല പ്രോഗ്രാമുകളും ആണ് ക്രാക്കര്‍ മാരുടെആയുധം എന്നുകൂടി അറിയുക. എയര്‍ക്രാക്കും വയര്‍ഷാര്‍ക്കും ഒക്കെ ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നവയില്‍ മുന്‍പിലാണ്. മറ്റുള്ളവരുടെ നല്ല പ്രവര്‍ത്തികള്‍ സ്വന്തം ലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്ന ഒരു സമൂഹത്തെ ആദ്യത്തെ ആളുകളുടെ ഗണത്തില്‍ പെടുത്തി എല്ലാവരെയും ഒരുമിച്ചു വെറുക്കുന്ന ഈ ഒരു അവസ്ഥ മാറേണ്ടത് തന്നെ ആണ്.

Sunday, April 11, 2010

ഉബുണ്ടു 10.04 വരവായി

ലോകമാകമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ തോതിലുള്ള സ്വീകാര്യത നേടിക്കഴിഞ്ഞ ഒരു ലിനക്സ് അധിഷ്ഠിത ഓപറേറ്റിംഗ് സിസ്റ്റം ആണ് ഉബുണ്ടു ലിനക്സ്. ആദ്യ പതിപ്പ്‌ പുറത്ത്‌ ഇറങ്ങിയത് മുതല്‍ ലിനക്സ് ഉപഭോകതാക്കളുടെ ഇഷ്ട ഡിസ്ട്രിബ്യൂഷന്‍ ആകാന്‍ ഉബുണ്ടുവിന് സാധിച്ചു. ലിനക്സ് അധിഷ്ഠിതമായ മറ്റ് പല ഓപറേറ്റിംഗ് സിസ്റ്റങ്ങളെയും ഉബുണ്ടു സ്വീകാര്യതയുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. എല്ലാ വേര്‍ഷനുകളും എന്നും സൌജന്യം ആയിരിക്കും എന്ന വാഗ്ദാനവുമായി വന്ന ഉബുണ്ടു ഇത് എന്നും പാലിക്കാറും ഉണ്ട്. പന്ത്രണ്ടാമത്തെ പതിപ്പ്‌ പുറത്തിറക്കുമ്പോളെക്കും നിലവിലുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ഓപറേറ്റിംഗ് സിസ്റ്റങ്ങളുമായി സ്ഥിരതയുടെ കാര്യത്തിലായാലും ഉപയോഗക്ഷമതയുടെ കാര്യത്തിലായാലും ഒട്ടും പിന്നില്‍ അല്ല ഇന്ന്‍ ഉബുണ്ടു. സജ്ജീകരിക്കപ്പെട്ടതിനു ശേഷം നെറ്റ് വര്‍ക്ക്‌ , ഡിസ്പ്ലേ തുടങ്ങിയവ പ്രവര്‍ത്തനക്ഷമം ആക്കുക എന്നതിലെ വിഷമങ്ങള്‍ ലിനക്സ് അധിഷ്ഠിത ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണക്കാര്‍ക്ക് ഒരു പരിധി വരെ വിഷമം ആക്കി തീര്‍ത്തിരുന്നു. എന്നാല്‍ വിന്‍ഡോസ് പോലെയുള്ള ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ ചെയ്യുന്നത് പോലെ സ്വമേധയാ ഉപഭോക്താവിനായി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ന് ഉബുണ്ടുവിനു കഴിയുന്നു. ഉദാഹരണത്തിന് കുറച്ചു കാലം മുന്‍പ് വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കുന്നത് ലിനക്സ് അധിഷ്ഠിത സംവിധാനങ്ങളില്‍ വിഷമം പിടിച്ചതും ഈ മേഖലയില്‍ പരിചയം ഉള്ള ആളുകള്‍ക്ക് മാത്രം പൊതുവേ സാധിക്കുന്ന ഒന്ന് മാത്രവും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉബുണ്ടുവില്‍ ഇതിനു വേണ്ടി ചെയ്യേണ്ടത് മൊബൈല്‍ ഫോണ്‍ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുകയും അപ്പോള്‍ തുറന്നു വരുന്ന മെനുവില്‍ നിന്നും വേണ്ട സെറ്റിങ്ങുകള്‍ തെരഞ്ഞെടുക്കുകയും മാത്രമാണ്. വിന്‍ഡോസില്‍ ചെയ്യുന്നത് പോലെ ഡ്രൈവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ പി സി സ്യൂട്ട് പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യേണ്ട ആവശ്യം ഇല്ല.

ഒരു അടിസ്ഥാന സജ്ജീകരണത്തിന് ശേഷം പൊതുവേ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് ഡ്രൈവറുകള്‍ സജ്ജീകരിക്കുകയും ഓഫീസ് സോഫ്റ്റ്‌വെയര്‍ സജ്ജീകരിക്കുകയും ഒക്കെ ചെയ്യേണ്ടി വരിക സാധാരണയാണ്. എന്നാല്‍ ഉബുണ്ടു ലിനക്സിന്റെ അടിസ്ഥാന സജ്ജീകരണം തന്നെ ഒരു സാധാരണ ഉപഭോക്താവിന് ആവശ്യമായ എല്ലാ സോഫ്റ്റ് വെയറുകളും ഉള്‍ക്കൊള്ളുന്നതാണ്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എല്ലാം തന്നെ പ്രത്യേക ഡ്രൈവറുകള്‍ ഒന്നും ഇല്ലാതെ തന്നെ ലിനക്സില്‍ പ്രവര്തിക്കുന്നവയും ആണ്. ഇതിനു ഉള്ള ചില അപവാദങ്ങള്‍ conexant modem, broadcom wireless cards, nvidia ATI graphics cards തുടങ്ങിയവ മാത്രം ആണ്. ഇവക്കുള്ള ഡ്രൈവറുകള്‍ ഉബുണ്ടു തന്നെ ആധികാരികമായി നല്‍കുന്നുമുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ പാക്കേജ് മാനേജര്‍ സംവിധാനം വഴി ഇവ സജ്ജീകരിക്കാന്‍ സെക്കന്റുകള്‍ മതിയാകും. സാധാരണ ഉബുണ്ടു പതിപ്പുകള്‍ പുറത്തിറങ്ങിയ ശേഷം ഒരു വര്‍ഷം വരെ ആണ് സൌജന്യമായി സപ്പോര്‍ട്ട് ചെയ്യപ്പെടുക. എന്നാല്‍ 8.04,10.04 തുടങ്ങിയ ലോങ്ങ്‌ ടേം സപ്പോര്‍ട്ട് എഡിഷനുകള്‍ അഞ്ചു വര്‍ഷം വരെ സൌജന്യമായി സപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിനു പുറമേ ഉബുണ്ടുവിന് ഒരു വളരെ വലിയ ഉപഭോക്തൃ സമൂഹം ഉണ്ട്. ഇത് ഒരു പതിപ്പിലെ പിഴവുകള്‍ വേഗം തന്നെ കണ്ടെതപ്പെടുന്നതിനും അവ വേഗത്തില്‍ പരിഹരിക്കപ്പെടുന്നതിനും സഹായകമാണ്. പൊതുവേ ഉബുണ്ടു ഉപയോഗിക്കുന്നവര്‍ അതിന്റെ ഫിലോസഫി കൂടി മനസ്സില്‍ സൂക്ഷിക്കുകയും ഇത് ഉപയോഗിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കുകയും ചെയ്യാറുണ്ട്. പുതിയ ഉപഭോക്താക്കളുടെ സംശയങ്ങളും വിഷമങ്ങളും വേഗത്തില്‍ പരിഹരിക്കപ്പെടാന്‍ ഇത് സഹായിക്കുന്നു. ഡെബിയന്‍ ലിനക്സ് അധിഷ്ഠിതമായി പുറത്തിറക്കപ്പെട്ട ഉബുണ്ടുവിനെ അടിസ്ഥാനമാക്കി ഇന്ന് കുറെ ഏറെ പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഈ മേഖലയില്‍ പോലും മതങ്ങള്‍ അതിന്റെ അപകടകരമായ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ തെളിവെന്നോണം ക്രിസ്ത്യന്‍ പതിപ്പുകളും മുസ്ലീം പതിപ്പുകളും വരെ ഇറങ്ങിക്കഴിഞ്ഞു.

ഓരോ പതിപ്പുകളിലും പുതുമയുമായി ആണ് ഉബുണ്ടു വരാറുള്ളത്. ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പതിപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ എന്നും കാനോനിക്കല്‍ ഫൌണ്ടേഷന്‍ ശ്രദ്ധിച്ചു പോരുന്നു. ഇതിനു പുറമേ ആധുനിക സങ്കേതങ്ങളായ ക്ലൌഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയവ കൂടി ഉബുണ്ടുവിന്റെ സെര്‍വര്‍ എഡിഷനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിനു ആളുകള്‍ തങ്ങളുടെ ആവശ്യങ്ങളും ആശയങ്ങളും ഉബുണ്ടു ബ്രെയിന്‍ സ്റ്റോമിലൂടെ നിര്‍മ്മാതാക്കളെ അറിയിക്കുന്നു. ഓരോ പതിപ്പിനും നിര്‍മ്മാതാക്കള്‍ ഉബുണ്ടുവിന് നല്‍കുന്ന പേരുകള്‍ വരെ രസകരമാണ്. മൃഗങ്ങളുടെ പേരുകള്‍ ആണ് സാധാരണയായി നല്കപ്പെടാറുള്ളത്. എന്നാല്‍ ഈ പേരുകള്‍ പ്രാസമൊപ്പിച്ചു തന്നെ നല്‍കിയിരിക്കുന്നത് മുകളിലെ ലിങ്കില്‍ കാണാം.

ഏറ്റവും പുതിയ ലിനക്സ് കെര്‍ണല്‍ , പുതുക്കിയ തീമുകള്‍ ,നിറങ്ങള്‍ ഒക്കെ പുതിയ പതിപ്പില്‍ ഉണ്ട്. ഇത് കൂടാതെ കുറഞ്ഞ ഇന്‍സ്റ്റാലേഷന്‍ , സ്റ്റാര്‍ട്ട് അപ് സമയം, മലയാളം ഉള്‍പ്പെടെ അനവധി ഭാഷകളില്‍ ടൈപ്പ്‌ ചെയ്യാന്‍ സഹായിക്കുന്ന ഐ-ബസ്‌ തുടങ്ങിയവ പുതിയ പതിപ്പുകളില്‍ ഉണ്ട്. ഐ ബസ്‌ കാര്‍മിക് പതിപ്പില്‍ തന്നെ വന്നിരുന്നു. ഗ്നോം, ഓപ്പണ്‍ ഓഫീസ്‌ തുടങ്ങിയവയുടെ പുതിയ പതിപ്പുകള്‍, ആകര്‍ഷകമായ വാള്‍ പേപ്പറുകള്‍ എന്നിവയും ലഭ്യമാണ്. വി എല്‍ സി മീഡിയ പ്ലയര്‍ , അമറോക്ക് ഓഡിയോ പ്ലയര്‍, മോസില്ല ഫയര്‍ ഫോക്സ്, ഓപറ തുടങ്ങി പ്രസിദ്ധമായ എല്ലാ സോഫ്റ്റ്‌വെയറുകളും ലഭ്യമാണ്. അടിസ്ഥാന സജ്ജീകരണത്തില്‍ ഇല്ലാതാവ സിനാപ്റ്റിക് പാക്കേജ്‌ മാനേജര്‍ സോഫ്റ്റ്‌വെയര്‍ സെന്‍റര്‍ തുടങ്ങിയവ വഴി എളുപ്പത്തില്‍ ക്രമീകരിക്കാവുന്നതാണ്. ട്വിറ്ററും ഫെയിസ് ബുക്കും ഒക്കെ ഡെസ്ക്ടോപ്പില്‍ നിന്ന് തന്നെ ഉപയോഗിക്കാനായി ഗ്വിബ്ബര്‍ എന്ന സംവിധാനം ലൂസിഡിന്റെ പ്രധാന ആകര്‍ഷകത്വം ആണ്. ഗൂഗിള്‍ ടോക്ക്‌, യാഹൂ മെസ്സഞ്ചര്‍ തുടങ്ങി അനവധി പ്രോട്ടോക്കോളുകള്‍ ലഭ്യമായ എമ്പതി, Pidgin തുടങ്ങിയ പ്രോഗ്രാമുകള്‍ പതിവുപോലെ ഇതില്‍ ഉണ്ട്. കൂടാതെ ഒരു വീഡിയോ എഡിറ്ററും. ജിമ്പ് ലൂസിഡില്‍ ഇല്ല.

മലയാളം ഉള്‍പ്പെടെ അനേകം ഭാഷകളില്‍ ഉബുണ്ടു ഉപയോഗിക്കാം. ഇതിനെ നമ്മുടെ മാതൃഭാഷയിലേക്ക്‌ തര്‍ജ്ജിമ ചെയ്യുന്നതിന് ആര്‍ക്കു വേണമെങ്കിലും സഹായിക്കാവുന്നതാണ്. ഇതിനായി ഒരുവിധ സാങ്കേതിക ജ്ഞാനവും ആവശ്യമില്ല. മലയാളം നന്നായി അറിയണം, പിന്നെ ഇംഗ്ലീഷില്‍ തന്നിരിക്കുന്നത് മലയാളത്തില്‍ ആക്കി ഒന്ന് ടൈപ്പ് ചെയ്‌താല്‍ മതി. ഗൂഗിള്‍ ഇന്‍ഡിക്, വരമൊഴി, ഐ ബസ്‌ തുടങ്ങിയ എന്ത് വേണമെങ്കിലും ഉപയോഗിക്കാം.

പ്രവര്‍ത്തന മികവുകൊണ്ട് വിന്‍ഡോസിനെ വരെ കവച്ചു വക്കാന്‍ പ്രാപ്തിയുള്ള ഉബുണ്ടുവും പിന്നെ എണ്ണിയാലൊടുങ്ങാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഈ രംഗത്തെ കുത്തകകളുടെ നേരെ വലിയ വെല്ലുവിളികളായി മാറിക്കഴിഞ്ഞു. വിലയുടെ കാര്യത്തിലായാലും മികവിന്റെയും സഹായ ലഭ്യതയുടെ കാര്യത്തില്‍ ആയാലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മികച്ചു നില്‍ക്കുന്ന കാഴ്ചകള്‍ ആണ് ഇന്ന് കാണുന്നത്. ഈ ഒരു സാഹചര്യത്തില്‍ ഈ മുന്നേറ്റങ്ങളില്‍ പങ്കാളികള്‍ ആകാതെ ഇരിക്കുന്നതും ഫ്രീ ആയ ആള്‍ട്ടര്‍നെറ്റിവുകള്‍ ഉള്ളപ്പോള്‍ കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കായി ആയിരങ്ങള്‍ ചെലവിടുന്നതും മണ്ടത്തരങ്ങള്‍ ആയിപ്പോകുമെന്നതില്‍ സംശയമില്ല.

Saturday, February 6, 2010

ദൈവവിളിയും കരി ഓയിലും കമ്യൂണിസവും

കുര്യാക്കോസ്‌ കുമ്പളക്കുഴി ആരാണ്‌ എന്ന്‌ എനിക്കറിയില്ല. അങ്ങനെ ഒരാൾ ഉണ്ടോ അതോ അത്‌ വെറിമൂത്ത ഏതെങ്കിലും പുരോഹിതന്റെ തൂലികാ നാമം ആണോ എന്നും എനിക്ക്‌ സംശയം ഉണ്ട്‌. ഇങ്ങനെ ഉള്ള സംശയങ്ങൾ മുൻപേ ഇല്ലായിരുന്നു. ചില പോസ്റ്റുകളിൽ കമന്റിടുമ്പോൾ ഒരൊരുത്തർ ഞാൻ ഞാനല്ല എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ തുടങ്ങിയ സശയം ആണ്‌. പിന്നെ കാളിദാസൻ പേരു മാറി എഴുതിയതാണ്‌ എന്ന്‌ പറഞ്ഞതു കൊണ്ട്‌ ചെറിയ സമാധാനം.. വല്ല കെ പി സുകുമാരൻ എന്നോ മറ്റോ വിളിച്ചിരുന്നെങ്കിൽ.. ഹോ.. എങ്ങനെ സഹിച്ചേനെ..

അതല്ല പ്രശ്നം.. കുര്യാക്കോസ്‌ കുമ്പളക്കുഴി എന്ന ഒരാൾ ഉണ്ട്‌. മിക്കവാറും വ്യക്തികളുടെ ആത്മകഥകൾ അയാൾക്ക്‌ മനപാഠമാണ്‌. ജീവചരിത്രം എഴുതുന്ന ആളുകൾ അടുത്ത പരിചയക്കാരും. അങ്ങനെ ആരും കേൾക്കാത്ത കുറേ ഏറെ കഥകൾ ഇദ്ദേഹത്തിന്‌ മനപാഠമാണ്‌. ഈ കഥകൾ കേരളത്തിലെ കത്തോലിക്കരെ ആകമാനം നല്ല വഴി കാണിച്ച്‌ ഉടലോടെ സ്വർഗ്ഗത്തിൽ എത്തിക്കാൻ കച്ച കെട്ടി ഇറങ്ങിയ അച്ചന്‌ ചുളുവിലക്ക്‌ നൽകി മേൽപ്പറഞ്ഞ കത്തോലിക്കരെ നരകത്തിനർഹരാക്കുന്ന, സർവ്വ്വോപരി പുരോഹിതന്മാരെ തീരെ ബഹുമാനമില്ലാത്ത കമ്യൂണിസ്റ്റുകളിൽ നിന്നും അവരെ മോചിപ്പിക്കുന്ന പുണ്യകർമ്മത്തിൽ മേൽപ്പടിയാൻ ആവേശപൂർവ്വ്വം പങ്കു ചേരുന്നു.

കുമ്പളക്കുഴി രാവിലേ ഉണരും. അന്ന്‌ ഫ്രൈ ചെയ്യണ്ട കമ്യൂണിസ്റ്റ്‌ നേതാവിനെ നറുക്കിട്ടെടുക്കും. പിന്നെ ഒരു ചിന്തയാണ്‌. ദൈവ വിളി എന്നൊക്കെ പറയുന്ന ഒരു സംഭവം അപ്പൊ ഉണ്ടാകും. അശരീരികൾ കൊണ്ട്‌ അന്തരീക്ഷം ആകെ നിറയും.. അങ്ങനെ ഇന്ദിരാ ഗാന്ധിയോട്‌ ജ്യോതി ബസുവിന്‌ ഉണ്ടായിരുന്ന ഒരു വല്ലാത്ത അറ്റാച്ച്‌മന്റ്‌, ഇ എം എസ്‌ തന്റെ സ്വത്ത്‌ നഷ്ടപ്പെടാതെ ഭാര്യയുടെ പേരിലാക്കി രഹസ്യ സമ്പാദ്യം കൈക്കലാക്കി വച്ച കഥകൾ.. ഹോ വായിക്കണം.. ക്രൈമിൽ പോലും വരില്ല ഇതൊക്കെ. നേരത്തെ പറഞ്ഞ ജ്യോതി ബസു കഥ ഒന്ന്‌ ഇരുത്തി വായിച്ചാൽ ഒരു ഉത്തരാധുനിക മഞ്ഞമസാല ആണ്‌ കേട്ടൊ..

"അഭിജാത വംശത്തിൽ ജനിച്ചുവളർന്ന്‌, വിദേശത്തുപോയി ഉന്നത വിദ്യാഭ്യാസം നേടി മടങ്ങിയെത്തിയ അദ്ദേഹം ഉള്ളിന്റെയുള്ളിൽ പാവങ്ങളുമായി താദാത്മ്യം പ്രാപിച്ചിരുന്നുവോ? അതല്ല, വിപ്ലവാഭിമുഖ്യവും നിസ്വവർഗ പ്രണയവും ഒരലങ്കാരംപോലെ എടുത്തണിഞ്ഞതേയുള്ളോ!
"

"അദ്ദേഹം സൂചിപ്പിക്കുന്ന 'ദ്വന്ദ്വഭാവം' സത്യസന്ധമായ ഒരു വ്യക്തി കമ്യൂണിസ്റ്റായിരിക്കാൻ നിർബന്ധിതനാകുമ്പോൾ നിരന്തരം അനുഭവിക്കേണ്ടിവരുന്ന ആത്മസംഘർഷത്തിന്റെ അടയാളമാണ്‌."

ഹൊ.. എന്താല്ലേ.. ഇതൊക്കെ നമ്മൾ ആരെങ്കിലും അറിഞ്ഞതാണോ? ദൈവവിളി ഇതായിരിക്കുമോ?

അപ്പോ കുമ്പളക്കുഴി ഒരു കമ്യൂണിസ്റ്റ്‌ വേട്ടക്കാരൻ മാത്രമാണ്‌. ടിയാൻ കമ്യൂണിസ്റ്റ്‌ നേതാക്കളുടെ അല്ലാതെ ആരുടെയും ജീവചരിത്രമോ ആത്മകഥയോ വായിക്കാറില്ല. ഗാന്ധിയുടെ ആത്മകഥയോ ബൈബിളൊ കണ്ടിട്ടു പോലുമില്ല. അല്ല, അതൊക്കെ വായിക്കുന്നുണ്ടേൽ അവരെ ആരേം കുറ്റം പറഞ്ഞ ലേഖനങ്ങളും കാണണ്ടതല്ലേ? ആത്മകഥയിൽ ഗാന്ധി തന്നെ കുമ്പളക്കുഴിക്ക്‌ മസാലക്ക്‌ വക നൽകാൻ ഇഷ്ടം പോലെ സംഭവങ്ങൾ എഴുതിയിട്ടുണ്ടല്ലോ.. പണ്ട്‌ ഏതൊ പെണ്ണുങ്ങൾക്ക്‌ ഗാന്ധി വസ്ത്രങ്ങൾ ഒക്കെ നൽകിയ സംഭവം ഒരു രഹസ്യ പുടവ കൊടുക്കൽ ഒക്കെ ആക്കാൻ കുഴിസാറിന്‌ ഒരു പ്രയാസവും ഉണ്ടാകില്ലല്ലോ.. പിന്നെ ചെകുത്താന്റെ പരീക്ഷണ സമയത്ത്‌ മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്‌ അതിന്‌ വചനം ആയാലും മതി എന്ന്‌ പറഞ്ഞ ജീസസ്‌ അയ്യായിരം പേരെ ഒന്നിച്ച്‌ കണ്ടപ്പോൾ അവർക്കെല്ലാം അപ്പം കൊടുത്തത്‌ ഒറ്റയടിക്ക്‌ ഹീറോ ആകാനാണെന്നും പറഞ്ഞു കണ്ടില്ല. അല്ലെങ്കിൽ തന്റെ പ്രസംഗം കേട്ട്‌ ബോറടിച്ച്‌ ആളുകൾ പിരിഞ്ഞുപോകാതെ ഇരിക്കാനാണെന്നത്‌ ഒരു നല്ല ന്യായം ആകുമായിരുന്നു. അദ്ഭുതം കാണിച്ച്‌ ആളെ ഞെട്ടിച്ച്‌ നേതാവാകുന്ന സ്വഭാവം അങ്ങേർക്കുണ്ടായിരുന്നെങ്കിൽ അങ്ങേർ കുരിശിൽ നിന്ന്‌ ഇറങ്ങി വന്ന്‌ ഒറ്റയടിക്ക്‌ ലോകം മുഴുവനേയും വിശ്വാസികൾ ആക്കില്ലായിരുന്നോ? അല്ലാതെ ആരും കാണാതെ ഉയർക്കുകയും ഒളിച്ചും പാത്തും സ്വർഗ്ഗത്തിലേക്ക്‌ മുങ്ങി അവിശ്വാസികൾക്ക്‌ അവിശ്വസിക്കാൻ ഒരു കാരണം കൊടുക്കാൻ മെനക്കെടുമോ? പക്ഷേ ഇതൊക്കെ വായിച്ചാൽ ഷെവലിയാർ ആകാൻ കുടുമ്പത്തിൽ നിന്നും കാശു കൊടുക്കണ്ട അവസ്ഥ വരും. മേലനങ്ങാതെ സ്വയം നേതാക്കന്മാരായി തിന്നു കുടിച്ച്‌ ആർമാദിക്കുന്നവന്റെ കാലുനക്കാൻ ഒരു കാശു ചെലവും ഇല്ലെന്ന്‌ മാത്രമല്ല പലവിധ ആനുകൂല്യങ്ങൾ കിട്ടുകയും ചെയ്യും. അൽമായരുടെ ഇടയിൽ ചാരപ്പണി ചെയ്യുന്നവന്‌ അരമനയിൽ സ്ഥാനം വലതു വശത്ത്‌ തന്നെ ആണ്‌. അല്ലാത്തവന്‌ തൊലിച്ചുകൊണ്ട്‌ എച്ചിലു തിന്നാം. അതായത്‌ ളോഹയിട്ടാൽ അധികാരം സുഖജീവിതം. അൽമായ ചാരന്മാർക്ക്‌ കത്തോലിക്കർ എന്ന പേര്‌. അല്ലാത്ത വിശ്വാസിക്ക്‌ എല്ലാം കാണാം ബാക്കി വല്ലതും ഉണ്ടെങ്കിൽ നക്കാം.. എതിർക്കുന്നവർക്ക്‌ സലിം കുമാർ പറഞ്ഞ പോലെ അൽ ഫത്തലൂ.. അതായത്‌.. തീ നരകം..

ചുമ്മാ അല്ല കാർന്നോന്മാർ പറയുന്നത്‌ കാശുള്ളവൻ ക-ത്തോലിക്കൻ, കാ ഇല്ലെങ്കിൽ വെറും തൊലിക്കാൻ..


Friday, January 29, 2010

ഇനിയും അവസാനിക്കാത്ത അടിമത്തം

ലോകത്തിൽ അനേകം സ്വേച്ഛാതിപതികൾ ഉണ്ടായിരുന്നു. ഇന്ന്‌ അവരെല്ലാം ചരിത്രമായി കഴിഞ്ഞു. തങ്ങളുടെ ഭരണാധികാരികളെ ജനങ്ങൾ തന്നെ തെരഞ്ഞെടുക്കുന്ന വ്യവസ്ഥിതി വ്യാപകമായി കഴിഞ്ഞു, ചുരുക്കം ചില രാജ്യങ്ങളിൽ ഒഴികെ. എന്നാൽ തങ്ങളാൽ തെരഞ്ഞെടുക്കപെടുന്ന നേതാക്കളാൽ നയിക്കപ്പെടാൻ ഒരിക്കലും ഭാഗ്യം ലഭിക്കാത്ത ഒരു വിഭാഗമാണ്‌ കത്തോലിക്കർ. തങ്ങൾ കയ്യാളുന്ന അധികാരം ദൈവദത്തമാണ്‌ എന്ന്‌ എക്കാലവും വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിച്ച്‌ കാൽച്ചുവട്ടിലാക്കി ഒരു അധികാരി വർഗ്ഗം തന്നെ വിശ്വാസികളുടെ ചെലവിൽ സുഖിച്ച്‌ താമസിക്കുന്നു. സാധാരണ വിശ്വാസിക്ക്‌ തങ്ങളിലൂടെ അല്ലാതെ ദൈവവുമായി നേരിട്ട്‌ ഒരിടപാടും സാധ്യമല്ല എന്ന്‌ ആവർത്തിച്ച്‌ പറഞ്ഞ്‌ അവർ തങ്ങളുടെ സ്ഥാനമാനങ്ങൾ സംരക്ഷിച്ച്‌ നിർത്തിപ്പോരുന്നു. ഇവരോട്‌ മറുത്ത്‌ പറയാൻ വിശ്വാസികൾക്ക്‌ ഇന്നും ഭയമാണ്‌ അങ്ങനെ ആളുകളെ ഭീഷണിപ്പെടുത്തി വാങ്ങിയെടുക്കുന്ന ബഹുമാനവുമേറ്റ്‌ അവർ സസുഖം വാഴുന്നു, സധാരണ വിശ്വാസികൾ അവർക്ക്‌ വേണ്ടി അടിമവേല നിരന്തരം ചെയ്യുന്നു. സാധാരണ വിശ്വാസികൾ എന്ന്‌ എടുത്ത്‌ പറയാൻ കാര്യമുണ്ട്‌. സമ്പന്ന വിശ്വാസികൾക്ക്‌ അധികാരികളുടെ മുന്നിൽ പ്രത്യേക സ്ഥാനം തന്നെ ഉണ്ട്‌. ഇങ്ങനെ രൂപപ്പെടുന്ന ഒരു അധികാര കേന്ദ്രത്തിന്റെ അടിയിൽ ആണ്‌ സാധാരണ വിശ്വാസികളുടെ സ്ഥാനം. അവരുടെ മേലെ ഒരു ന്യൂനപക്ഷത്തിന്റെ തീരുമാനങ്ങൾക്ക്‌ എന്നും കയ്യടിക്കാനുള്ള ബാധ്യത അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നു.

എന്റെ ഒരു പഴയ പോസ്റ്റിൽ കത്തോലിക്കാ സഭയിലും ബൈബിളിലും സ്ത്രീകൾക്ക്‌ കൊടുത്തിരിക്കുന്ന വളരെ മോശമായ പരിഗണനയെക്കുറിച്ച്‌ പരാമർശം ഉണ്ടായപ്പോൾ ഞാൻ പിച്ചും പേയും പറയുന്നു എന്ന മട്ടിൽ സഭയിലെ വിശുദ്ധകളുടെ സെൻസസും ഒക്കെ ആയി ചിലർ മുന്നോട്ട്‌ വന്നിരുന്നു. എന്നാൽ സ്ത്രീകളെ എന്നും രണ്ടാം നിരയിൽ മാത്രം കാണുന്ന കത്തോലിക്കാ അധികാരികൾ അടിച്ചമർത്തപ്പെട്ട മുറുമുറുപ്പുകൾക്ക്‌ ശബ്ദം കൂടി വരുന്നത്‌ തിരിച്ചറിഞ്ഞ്‌ സ്ത്രീ ശാക്തീകരണ പരിപാടികളുമായി കുറെ നാളുകൾക്കു മുൻപേ മുതൽ തന്നെ വിശ്വാസികളുടെ കണ്ണിൽ പൊടി ഇടാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. 2008 ഫെബ്രുവരിയിൽ തന്നെ സ്ത്രീ ശാക്തീകരണത്തിനുള്ള നിരവധി തീരുമാനങ്ങൾ സി ബി സി ഐ കൈക്കൊണ്ടിരുന്നു. കുടുംബത്തിലും സമൂഹത്തിലും സഭയിലും ലിംഗ തുല്യത എന്നതായിരുന്നു തീരുമാനങ്ങളുടെ കാതൽ. ഇതിലെ നിർദ്ദേശങ്ങളിൽ ഇങ്ങനെയും പറഞ്ഞിരിക്കുന്നു: സ്ത്രീകളെ എല്ലാവിധ പ്രവർത്തനങ്ങളിലും അംഗമാക്കുക, പുരുഷന്മാരുടെയും സ്ത്രീകളുടെയും മനസ്സിൽനിന്നും ലിംഗ വേർതിരിവ്‌ മാറ്റി എടുക്കുക. സഭയിൽ തീരുമാനങ്ങൾ എടുക്കുന്ന എല്ലാ വിഭാഗത്തിലും സ്ത്രീകൾക്ക്‌ തുല്യ പങ്കാളിത്തം നൽകുക, ബൈബിളിൽ സ്ത്രീകളെ താഴ്ത്തിക്കെട്ടി പറയുന്ന ഭാഗങ്ങൾ പള്ളിയിലെ വായനകളിൽ നിന്ന്‌ ഒഴിവാക്കുക,വൈദികരും സന്യസ്തരും സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന വിധത്തിൽ പ്രസംഗിക്കുകയും പെരുമാറുകയും ചെയ്യുക അങ്ങനെ ധാരാളം. (അവലംബം:13 ജനുവരി 2010 ലെ സത്യദീപത്തിൽ വന്ന ഗ്രേയ്സ്‌ മങ്കുഴിക്കരി തേറാട്ടിലിന്റെ ലേഖനം)

സ്ത്രീ ശാക്തീകരണത്തിന്‌ ലോകത്തെമ്പാടും ഉള്ള ഗവൺമെന്റുകൾ പല രീതിയിലും ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്നെ ആണ്‌ ഇതും നടക്കുന്നത്‌. എന്നാൽ ശുപാർശകളോ തീരുമാനങ്ങളോ അധികാരികൾ കണ്ടിട്ടില്ല എന്നു വേണം മനസ്സിലാക്കാൻ. ഇന്നും സ്ത്രീകളുടെ അവസ്ഥ അങ്ങനെ തന്നെ. മേലെ പ്രതിപാദിച്ച ലേഖനത്തിൽ ഇടവക ട്രസ്റ്റികൾ പുരുഷന്മാർ മാത്രം ആകുന്നതിനെയും ശുശ്രൂഷികളായി ആൺകുട്ടികളെ മാത്രം തെരഞ്ഞെടുക്കുന്നതിനെയും വിൻസെന്റ്‌ ഡി പോൾ തുടങ്ങിയവയിൽ സ്ത്രീകൾക്ക്‌ അംഗത്വം നൽകാത്തതിനെയും പള്ളികളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ആരാധന നടത്തുന്നതിന്‌ വെവ്വേറെ സ്ഥലങ്ങൾ തീരുമാനിച്ചിട്ടുള്ളതിനെയും ഒക്കെ ലേഖിക വിമർശിച്ചിട്ടുണ്ട്‌. സ്ത്രീ പൗരോഹിത്യം സ്വപ്നം പോലും കാണാൻ സാധിക്കാത്തതിനാൽ ആണെന്നു തോന്നുന്നു അവർ അത്‌ പരാമർശിച്ച്‌ കണ്ടില്ല. പക്ഷെ ലേഖികയെപ്പോലെ ചിന്തിക്കാൻ ശ്രമിക്കാത്ത സ്ത്രീകളൊട്‌ ആരാഞ്ഞാൽ അവരുടെ അഭിപ്രായം വ്യത്യസ്തമാകാൻ സാധ്യത ഉണ്ട്‌. ഇതിന്റെ കാരണം വളരെ മനോഹരമായി ആസൂത്രണം ചെയ്ത്‌ അവതരിപ്പിക്കപ്പെട്ട ഒരു നാടകമാണ്‌. സ്ത്രീകളുടെ നോട്ടത്തിൽ മാതൃവേദി തുടങ്ങിയ സംഘടനകൾ പള്ളികൾ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നുണ്ട്‌. മദ്യസ്ഥയായി കന്യകാ മറിയം ഉണ്ട്‌ ( കന്യകാ മറിയത്തിന്റെ കന്യകാത്വം എന്നത്‌ കുറെ നാളുകൾക്ക്‌ മുൻപെ കത്തോലിക്കാ സഭ വിശ്വാസ സത്യം ആയി അംഗീകരിച്ചതാണ്‌. കുറേ ഏറെ ചർച്ചകൾക്ക്‌ ശേഷം. ഇതിന്റെ കാരണം തന്നെ പുരുഷ മേധാവിത്തം മടുത്ത്‌, മന്ത്രവാദിനി വേട്ടയിലും ഒക്കെ മനം നൊന്ത്‌ അകന്ന്‌ പോയിക്കൊണ്ടിരുന്ന സ്ത്രീ വിശ്വാസികളെ തിരിച്ച്‌ കൊണ്ടുവരാൻ വേണ്ടി ആയിരുന്നു എന്നൊരു വാദവും ഉണ്ട്‌ ). പക്ഷെ മാതൃവേദി പോലുള്ള സംഘടനകൾ അൽമായ സ്ത്രീകൾക്ക്‌ വീണ്ടൂം അടിമത്തം തന്നെ ആണ്‌. ഇതിന്റെ സർവ്വാധികാരി വീണ്ടും പുരോഹിതൻ തന്നെ ആണ്‌. സ്ത്രീകളുടെ തുറന്ന ചിന്തകൾക്ക്‌ അവസരം കൊടുക്കാതെ അവരിലൂടെ അധികാരികളുടെ പുതിയ തീരുമാനങ്ങൾ കുടുംബങ്ങളിൽ എളുപ്പത്തിൽ എത്തിക്കാൻ സാധിക്കും. പ്രതിഷേധ പ്രകടനങ്ങൾ, വിശ്വാസ പ്രഘോഷണ പരിപാടികൾ തുടങ്ങിയവയിൽ പുരുഷന്മാരെ പങ്കെടുപ്പിക്കാൻ സ്ത്രീകൾ വിചാരിച്ചാൽ എളുപ്പം സാധിക്കും, അതിന്‌ പുരുഷനെ നിർബന്ധിക്കാൻ ഒറ്റപ്പെടുത്തൽ പോലെ ഉള്ള്‌ കാര്യങ്ങളും മക്കളുടെ പഠനത്തിനും വിവാഹത്തിനും ഒക്കെ തടസ്സം ഉണ്ടാകുമെന്നും പ്രത്യക്ഷമല്ലാത്ത ഭീഷണികളിലൂടെ സ്ത്രീകളെ അറിയിക്കും. ഇതിനായി കന്യാസ്ത്രീകളെയും ഉപയോഗിക്കും. പോയില്ലെങ്കിൽ പിന്നെ വലിയ പ്രശ്നമാകും ചേച്ചി എന്ന്‌ വളരെ ന്യൂട്രലായി കാര്യം ബോധിപ്പിക്കും. പിന്നെ ഇടദിവസങ്ങളിലെ പ്രത്യേക പ്രാർത്ഥനകളും ഒക്കെ ആകുമ്പോൾ ശരാശരി സ്ത്രീകൾ സമ്പൂർണ്ണ ചട്ടുകങ്ങൾ ആയി മാറിയിരിക്കും. ഗ്രെയ്സ്‌ പറഞ്ഞ കാര്യങ്ങൾ ചിന്തിക്കുന്നത്‌ പോയിട്ട്‌ അധികാരികൾക്കെതിരെ പുരുഷന്മാർ സംസാരിക്കുമ്പോൾ പോലും കണ്ണീരൊഴുക്കുന്ന ഒരു സ്ത്രീ വിശ്വാസി സമൂഹം അങ്ങനെ സൃഷ്ടീക്കപ്പെടൂം, അല്ല സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിനൊപ്പം തന്നെ മതബോധന ക്ലാസ്സുകളിലും ചേർക്കണം. മതബോധന ക്ലാസ്സുകളിൽ ശാസ്ത്രത്തിനും, പുരോഗമന ചിന്തകൾക്കും എതിരെ കുട്ടികളെ പാകപ്പെടുത്തി എടുക്കൽ തന്നെ ആണ്‌ നടക്കുന്നത്‌. പരിണാമ സിദ്ധാന്തവും മറ്റും ശുദ്ധ മണ്ടത്തരമാണെന്നും അല്ലെങ്കിൽ മനുഷ്യൻ എന്താ മറ്റു ജീവികൾ ഒന്നും ആയി മാറാത്തതെന്നും ഒക്കെയുള്ള പാഠങ്ങൾ കുഞ്ഞു മനസ്സുകളിൽ കുത്തി നിറക്കപ്പെടുന്നു. പരിണാമം നടക്കുന്നത്‌ പൊതുവെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാകുമ്പോൾ ആണ്‌ എന്നും അതിന്‌ ലക്ഷക്കണക്കിന്‌ വർഷങ്ങൾ വേണമെന്നും മനുഷ്യ പരിണാമം ഇന്നും പൂർത്തിയായില്ലെന്നും, അല്ലെങ്കിൽ വിവിധ സ്ഥലങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്ക്‌ ആ സ്ഥലത്തെ സാഹചര്യത്തിനനുസരിച്ച്‌ ശരീര ഘടനയും കഴിവുകളും ഒക്കെ ഉള്ളത്‌ എന്തുകൊണ്ട്‌ എന്നും വാദിച്ച കുട്ടിക്ക്‌ കിട്ടിയ മറുപടി ചുട്ട അടിയായിരുന്നു. മനുഷ്യ ലൈംഗികത പ്രത്യുൽപാദനത്തിനു വേണ്ടി മാത്രം ഉള്ള അതി വിശുദ്ധമായ ഒന്നാണെന്നും അതിനെ സുഖാസ്വാദനത്തിന്‌ വേണ്ടി ഉപയോഗിക്കുന്നത്‌ മാരകമായ പാപം ആണെന്നും കുട്ടി പഠിക്കുന്നു. സംശയങ്ങൾ അനുവദിക്കപ്പെടുകയില്ല. ഈ ഒരു പാഠ്യ രീതി അവലംബിക്കുന്നത്‌ കൊണ്ടാണ്‌ എസ്‌ എസ്‌ എ യിലും മറ്റും വന്ന പരിഷ്കരിച്ച പാഠ്യ പദ്ധതിയെ കത്തോലിക്കാ അധികാരികൾ എതിർക്കുന്നത്‌. കുട്ടികൾ ചിന്തിച്ച്‌ വളരുന്നതോ അധ്യാപകനോട്‌ ചോദ്യം ചോദിക്കുന്നതോ അവർക്ക്‌ സഹിക്കാൻ സാധിക്കില്ല. അതിന്റെ കൂടെ ആണ്‌ കുട്ടികളെ തല്ലരുത്‌ എന്ന്‌ കൂടി പറയുന്നത്‌. ഇതിനൊക്കെ എതിരെ പലതവണ തങ്ങളുടെ ബ്ലോഗുകളിലും പ്രസ്താവനകളിലും അവർ വിഷം ചീറ്റുന്നത്‌ നമ്മൾ എല്ലാവരും കണ്ടതാണ്‌. നളിനി ജമീലയുടെ പുസ്തകം ഒരു കുട്ടി വായിക്കുന്നത്‌ കൊണ്ട്‌ ഇവിടെ അല്ലെങ്കിൽ ഏത്‌ ആകാശമാണ്‌ ഇടിഞ്ഞു വീഴാൻ പോകുന്നത്‌? ഇതിലൊക്കെ നമ്മൾ മനസ്സിലാക്കേണ്ടത്‌ കത്തോലിക്കാ അധികാരികളുടെ അഹങ്കാരം നിറഞ്ഞ അസഹിഷ്ണുതയാണ്‌.

മുൻ കാലങ്ങളിൽ ഈ അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്യുന്നവരെ കൊന്നു തള്ളുക തന്നെ ആയിരുന്നു കത്തോലിക്കാ സഭയുടെ രീതി. പിശാച്‌ ബാധ ആരോപിച്ച്‌ കന്യാസ്ത്രീയെ കുരിശിൽ തറച്ച പുരോഹിതന്‌ റുമാനിയയിൽ തടവ്‌ ശിക്ഷ കൊടുത്ത വാർത്ത വായിച്ചിട്ട്‌ അധികം വർഷങ്ങൾ ആയില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പിശാച്‌ ബാധ! ആ സ്ത്രീ പുരോഹിതനെ എത്തിർത്തത്‌ തന്നെ ആയിരിക്കണം. ഒരു പക്ഷെ ഈ സർവാധിപത്യത്തിനെതിരെ സംഘടിതമായ ഒരു സ്വരം കേൾക്കരുത്‌ എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കണം അൽമായ കൂട്ടായ്മകളെ വരെ പുരോഹിതന്മാരുടെ അധികാരത്തിന്റെ കീഴിൽ ആക്കിയിരിക്കുന്നത്‌. പൊതുവെ സാമൂഹിക നെറികേടുകൾക്കെതിരെ എന്നും ഉയർന്നു കേൾക്കുന്നത്‌ യുവജന ശബ്ദം ആണ്‌. എന്നാൽ കെ സി വൈ എം പോലുള്ള ക്രിസ്തീയ യുവജന സംഘടനകൾ ഇന്ന്‌ ഈ അധികാരികളുടെ വെറും ചട്ടുകവും സർവ്വോപരി മാറിവരുന്ന സഭയുടെ രാഷ്ട്രീയ നിലപാടുകളിൽ വോട്ടു പിടുത്തത്തിന്റെ റോൾ മാത്രവും ഉള്ളവർ ആയി അധപതിച്ച്‌ കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താനും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താനും കെ സി വൈ എം എടുത്തിട്ടുള്ള പുതിയ തീരുമാനം ജാതി രാഷ്ട്രീയം പയറ്റുക എന്നതിനപ്പുറം കോൺഗ്രസ്സുമായി സഭക്കുള്ള അവിശുദ്ധ വോട്ട്‌ ബാങ്ക്‌ സഖ്യത്തിന്‌ കൂടുതൽ ഉപകാരങ്ങൾ ചെയ്യുക എന്ന ലക്ഷ്യം മുൻ നിർത്തി ഉള്ളതാണ്‌ എന്ന്‌ വ്യക്തം. ഗുരുനാഥനെ ചവിട്ടിക്കൊല്ലുന്നത്‌ വരെ ഒരു പാഠ പുസ്തക വിവാദത്തെ എത്തിച്ചിട്ടും അത്‌ വേണ്ടത്ര ഗുണം ചെയ്തില്ല എന്ന്‌ മനസ്സിലാക്കിയവർ മടുത്ത്‌ തുടങ്ങിയ വിശ്വാസികളെ തിരികെ കൊണ്ടുവരാൻ പുതിയ നാടകങ്ങൾ രചിക്കുന്നത്‌ നമുക്ക്‌ കാണേണ്ടിവരും എന്ന്‌ തീച്ച.

വിശ്വാസികളുടെ വിയർപ്പിന്റെ ഉൽപന്നങ്ങളായ കൊട്ടാരം പോലെ ഉള്ള പള്ളികളും അതിനോടനുബന്ധിച്ചുള്ള സ്വത്ത്‌ വകകളും വിശ്വാസികൾക്ക്‌ ഒരു അവകാശവും ഇല്ലാത്തതും മെത്രാന്റെയും അതു വഴി മാർപ്പാപ്പയുടെയും ഉടമസ്ഥതയിൽ വരുന്നതും ആണ്‌. ഒരു രാജ്യത്ത്‌ വിശേഷാവകാശങ്ങൾ അനുഭവിക്കുകയും കൂടുതൽ കിട്ടുന്നതിനു വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്റെ അധ്വാന ഫലം പൂർണ്ണമായും മറ്റൊരു രാജ്യത്തിന്റെ തലവന്റെ അധികാരത്തിൽ വരുന്ന ഈ സവിശേഷ അവസ്ഥ വേറെ ഒരു സമൂഹത്തിലും കാണാൻ സാധിക്കുകയില്ല. ഉദയംപേരൂർ സൂനഹദോസ്‌ വഴി കേരളത്തിലെ ക്രിസ്തീയ വിശ്വാസികളെ വത്തിക്കാന്റെ കീഴിൽ കൊണ്ടുവന്ന കഥ ഒക്കെ ചരിത്രം. ഈ അധികാര നെറികേടുകൾക്കെതിരെ ഒന്നും ശബ്ദിക്കാതെ വിശ്വാസികളെ പ്രാർഥനയിലും വർഗ്ഗീയതയിലും മുക്കി ഒതുക്കി ഇരുത്തുന്നതിലും ശബ്ദിക്കുന്നവരെ ഒക്കെ മുളയിലേ ഒതുക്കുന്നതിലും ഇവർ നേടിയ വിജയം അദ്ഭുതാവഹം തന്നെ. ഒരു അൽമായ ഉയർത്തെഴുന്നേൽപ്പ്‌ എന്ന്‌ കാണാൻ കഴിയും എന്നത്‌ ഇനിയും നൂറ്റാണ്ടുകൾ ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെ അവശേഷിക്കും എന്നതിൽ സംശയമില്ല. അടിച്ചേൽപ്പിക്കപ്പെടുന്ന അച്ചടക്കങ്ങളെ കുറിച്ചുള്ള ഈ അധികാരികളുടെ മുതലക്കണ്ണീർ കൂടി കാണേണ്ടിവരുന്നു എന്നത്‌ നമ്മുടെ ദുർ വിധിയും.

Thursday, January 21, 2010

എന്തിനു കത്തോലിക്കാ അധികാരികള്‍ പേടിക്കുന്നു?

ദീപികയുടെ ഈ ദിവസങ്ങളിലെ എഡിറ്റോറിയലുകൾ വായിക്കുമ്പോൾ ( പ്രത്യേകിച്ച്‌ 20/01/2010 ) തോന്നിപ്പോകുന്ന ചില കാര്യങ്ങൾ കുറിക്കണം എന്നു തോന്നി. കെ എസ്‌ മനോജ്‌ സി പി എം വിട്ടതും അതിനെ ചുറ്റിപ്പറ്റി ഉയർന്നുവന്ന വാദങ്ങളും നിരത്തി ലേഖകൻ സമർത്ഥിക്കുന്ന ചില കാര്യങ്ങൾ ചില കമന്റുകളിൽ ഒരു കത്തോലിക്കാ ബ്ലോഗറും പറഞ്ഞവയാണ്‌. ലേഖകൻ പറയുന്ന വാക്കുകളുടെ ചുരുക്കം ഇങ്ങനെ.. പാർട്ടിയിലേക്ക്‌ വിശ്വാസികൾക്ക്‌ വരുന്നതിന്‌ ഒരു തടസ്സവും ഇല്ല എന്ന്‌ അഖിലേന്ത്യാ സെക്രട്ടറി പറയുന്നു. എന്നാൽ പാർട്ടിക്ക്‌ വിശ്വാസികളെ വേണ്ടത്‌ അക്രമം നടത്താനും കൊടി പിടിക്കാനും വേണ്ടി മാത്രം. സ്ഥാനമാനങ്ങൾ ഒക്കെ അവിശ്വാസികളായ നേതാക്കൾക്ക്‌ മാത്രം. വിശ്വാസികൾക്ക്‌ മന്ത്രി സ്ഥാനമോ ഇലക്ഷനിൽ സീറ്റോ ഒന്നും നൽകപ്പെടുകയില്ല. അവർ പാർട്ടിയിൽ വേലക്കാരും അടിമകളും ആയിരിക്കും. പിന്നെ പാർട്ടിയിൽ വിശ്വാസി ചേർന്നാൽ അവനെ നിരീശ്വരവാദി ആക്കി എടുക്കാൻ പാർട്ടി തയ്യാറാണ്‌. ശാസ്ത്രീയ വിശ്വാസം എന്നാണ്‌ പാർട്ടിക്കാർ നിരീശ്വര ഭൗതിക വാദത്തെ വിളിക്കുന്നത്‌. എന്നാൽ ശാസ്ത്രീയം എന്ന വാക്ക്‌ അവർ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഉപയോഗിക്കുന്ന ഒരു വാക്കാണ്‌.

ഈ ലേഖനം മുഴുവനും കമ്യൂണിസ്റ്റ്‌ പാർട്ടിക്കെതിരെ വിഷം ചീറ്റുന്നതും വിശ്വാസികളെ പുരോഹിത അടിമത്വത്തിലേക്ക്‌ തിരിച്ചു വരേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നതും ആണ്‌. ഏതെങ്കിലും പുരോഗമന ഇടതുപക്ഷ പ്രസ്ഥാനത്തിൽ അൽപമെങ്കിലും പ്രവർത്തിച്ച ആർക്കും ഈ ലേഖനത്തിൽ ആരോപിക്കപ്പെടുന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന്‌ അറിയാൻ സാധിക്കും. എന്നാൽ ഭയ ഭക്തി ബഹുമാനങ്ങളൊടെ പുരോഹിതന്മാർ പറയുന്നത്‌ അപ്പാടെ വിഴുങ്ങുന്ന സാധാരണക്കാരനായ വിശ്വാസികൾക്ക്‌ ഇത്‌ വായിക്കുമ്പോൾ തോന്നുക കത്തോലിക്കാ സഭ ആകമാനം ഇന്നു വലിയ അപകടത്തിൽ ആണ്‌ എന്നാകും. വിശ്വാസികളെ ഇളക്കിവിട്ട്‌ വിമോചന സമരം നടത്താൻ പണ്ടും കേരളത്തിലെ സഭ പ്രയോഗിച്ച തന്ത്രം ഇതുതന്നെ ആണ്‌. അന്നത്തെ സഭാ മേലധികാരികളുടെ ലക്ഷ്യങ്ങൾ എന്തൊക്കെ ആയിരുന്നു എന്ന കാര്യം പകൽ പോലെ വ്യക്തമാണല്ലോ. കത്തോലിക്കർക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതും ആണു കാരണങ്ങൾ എങ്കിൽ കത്തോലിക്കർക്ക്‌ ജീവിക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒറീസ്സയിൽ വിമോചന സമരങ്ങൾ നടക്കേണ്ടതാണല്ലോ. സമരങ്ങൾ പോയിട്ട്‌ ഒരു പ്രതിഷേധക്കുറിപ്പു പോലും അധികാരികൾ ഇറക്കിയില്ല, പ്രാർഥനാ ആഹ്വാനങ്ങൾ ഒന്നും നടന്നില്ല. പോരാത്തതിന്‌ മലയാളത്തിൽ പ്രതിഷേധിച്ചാൽ ഒറീസ്സക്കാർക്ക്‌ മനസ്സിലാകില്ലല്ലോ എന്നൊരു ന്യായവും കേട്ടു.
ഈ ലേഖനങ്ങൾ മുഴുവൻ സൂചിപ്പിക്കുന്നത്‌ ഒന്ന്‌ മാത്രമാണ്‌. കത്തോലിക്കാ മേലധികാരികൾ നന്നായി ഭയന്നിരിക്കുന്നു. ഈ ഭയത്തിന്റെ കാരണം എന്താണെന്ന്‌ മനസ്സിലാകുന്നില്ല. ഈ പറയുന്നവ കേരളത്തിലെ കത്തോലിക്കാ അധികാരികളെ മാത്രം ഉദ്ദേശിച്ചാണ്‌. കർണ്ണാടക അടക്കം ഉള്ള നിരവധി ക്രിസ്ത്യൻ ആരാധനാലയങ്ങൾ ഈ വർഷങ്ങളിൽ തകർക്കപ്പെട്ടു. പലയിടത്തും കത്തോലിക്കർക്കെതിരെ അക്രമങ്ങൾ ഉണ്ടായി. ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പോയിട്ട്‌ എതിർത്ത്‌ ഒരു പ്രസ്താവന ഇറക്കാൻ പോലും കേന്ദ്രത്തിലെ കോൺഗ്രസ്സ്‌ തയ്യാറായില്ല. പക്ഷെ സി പി ഐ(എം) പ്രശ്നങ്ങളിൽ വ്യക്തത ഉള്ള നിലപാടുകൾ സ്വീകരിച്ചിരുന്നു. പാർട്ടി ഓഫീസുകളിൽ കുർബാന നടത്താൻ അനുവദിച്ചതടക്കം ശക്തമായ നിലപാടുകൾ. സി ബി സി ഐ ഇതിന്റെ ഒക്കെ നന്ദി കാണിക്കുകയും ചെയ്തിരുന്നു.കെ സി ബി സി കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കമ്യൂണിസ്റ്റ്‌ പാർട്ടികൾക്കെതിരെ ഉറഞ്ഞുതുള്ളലുകളുമായി വന്നപ്പോളും ഇടയലേഖനങ്ങളിലൂടെ അവർ കോമരം തുള്ളിയപ്പോളും സി ബി സി ഐ കമ്യൂണിസ്റ്റ്‌ പാർട്ടികൾക്കെതിരെ ഒരു നിലപാടും സ്വീകരിക്കാതെ മനസ്സാക്ഷി വോട്ടിന്‌വിശ്വാസികളെ ആഹ്വാനം ചെയ്തതിന്റെ കാരണവും മറ്റൊന്നല്ല. വടക്കെ ഇന്ത്യയിൽ മിഷനറി പ്രവർത്തനം നടത്തുന്ന നിരവധി വൈദികർ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ചെയ്തു കൊടുത്ത സഹായങ്ങൾ നന്ദിയോടെ സ്മരിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്‌. പക്ഷെ കേരളത്തിലെ സഭാ അധികാരികൾക്ക്‌ മാത്രം എന്താണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടികളെ ഇത്ര ഭയം? റുബിൻ പോലുള്ള ബ്ലോഗർമാർ കോമാളികൾ എന്നല്ലാതെ കമ്യൂണിസ്റ്റുകളെ പറയാറില്ല. ആരാലും തെരഞ്ഞെടുക്കപ്പെടാതെ നേതാക്കളായി സ്വയം ചമഞ്ഞ്‌ വിശ്വാസിക്കളുടെ ചെലവിൽ ഉണ്ടുറങ്ങി ഇരിക്കുന്നവന്റെ തീൻ കുത്തൽ ആയിരിക്കാം ഇതൊക്കെ. മറ്റു പല സംസ്ഥാനങ്ങളിലും സ്വസ്ഥമായി ജീവിക്കാൻ പോലും ഉള്ള സ്ഥിതി ഇല്ലെന്നിരിക്കെ കേരളത്തിൽ നിർഭയം വർഗ്ഗീയ വിഷം തുപ്പി ലാഭം കൊയ്യാൻ ഉള്ള സൗകര്യ്ം എങ്ങനെ ഉണ്ടായി എന്ന്‌ ഇക്കൂട്ടർ ഒരിക്കലും ചിന്തിക്കുന്നില്ല. ചിലപ്പോ പറഞ്ഞേക്കും അത്‌ ഭരണഘടന ഉറപ്പ്‌ നൽകിയ ന്യൂനപക്ഷ അവകാശം ആണെന്ന്‌. ചിരിക്കാം എന്നല്ലാതെ എന്ത്‌ പറയാൻ.. ഒറീസ്സയിലും മറ്റും കത്തോലിക്കാ സ്ഥാപനങ്ങൾ തീയിലെരിഞ്ഞപ്പോ ന്യൂനപക്ഷ അവകാശം ഫാത്തിമയിൽ തീഥാടനത്തിനു പോയിരുന്നോ? ന്യൂനപക്ഷ അവകാശം മാനിക്കുന്ന, ന്യൂനപക്ഷ അഹങ്കാരം സഹിക്കുന്ന ഒരു ഭൂരിപക്ഷം കേരളത്തിൽ ഉണ്ടായതിന്റെ ക്രെഡിറ്റ്‌ മൊത്തം ഇനി ദൈവത്തിനു വിട്ടു കൊടുക്കുമോ ആവൊ..
ആഗോള കത്തോലിക്കാ സഭ വലിയ ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന അവസരം ആണ്‌ ഇത്‌. വിശ്വാസികളുടെ കൊഴിഞ്ഞു പോക്ക്‌. പെന്തക്കോസ്ത്‌ അടക്കം ഉള്ള വിഭാഗങ്ങളിലേക്ക്‌ നിരവധി വിശ്വാസികൾ ചേക്കേറുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ അടക്കം യുവാക്കൾ വിശ്വാസ്ങ്ങളെ തള്ളിപ്പറയുന്നു. സെമിനാരികളിലും മറ്റും പോകാൻ ആളില്ലാത്തതിനാൽ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നും പുരോഹിതന്മാരെ സപ്ലൈ ചെയ്യേണ്ട ഗതികേട്‌ വന്നിരിക്കുന്നതിന്റെ ഇടയിൽ ആണ്‌ ഇത്തരം പൃശ്നങ്ങൾ. ദേവസ്യ മുല്ലക്കര, യോഹന്നാൻ തുടങ്ങിയ സുവിശേഷകരുടെ പുറകെ വിശ്വാസികൾ പോകുന്നു. ഒരു ക്രിസ്തീയ പ്രസിദ്ധീകരണമായ സത്യദീപത്തിൽ (പുസ്തകം 83, ലക്കം 22, 2010 ജനുവരി 13, പേജ്‌ 3) തന്നെ ഈ അടുത്ത്‌ ഇതിനെ സംബന്ധിച്ച ഒരു ലേഖനം കണ്ടിരുന്നു. കാലഹരണപ്പെട്ട ആചാരങ്ങളും പുരോഹിത - അധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യം നിറഞ്ഞ നിലപാടുകളും ആളുകളെ ഇങ്ങനെ പോകാൻ പ്രേരിപ്പിക്കുന്നതായി കത്തോലിക്കൻ ആയ ലേഖകൻ പറയുന്നു. ദേവസ്യ മുല്ലക്കര വലിയ ഒരു ധ്യാനഗുരു ആയി പേരെടുത്തിട്ട്‌ അധികം ഒന്നും ആയില്ല. അദ്ദേഹത്തിന്‌ വർദ്ധീച്ച്‌ വന്ന വിശ്വാസ്യതയും, പിന്നെ അതിൽ നിന്നും ഉള്ള കാശുവരവ്‌ തലശ്ശേരി രൂപതാ അധികാരികളുമായി പങ്കു വക്കുന്നതിൽ അദ്ദേഹം കാട്ടിയ വിമുഖതയും സഭയിൽ നിന്നും അദ്ദേഹം പുറത്താക്കപ്പെടാൻ കാരണമായി. അദ്ദേഹത്തിനും ഇന്ന്‌ ധാരാളം അനുയായികൾ ഉണ്ട്‌. സംഘ പരിവാർ അക്രമം ഒക്കെ പേടി ഉള്ളതിനാൽ പാൽപ്പൊടിയും അരിയും കാശും വാങ്ങി മതം മാറുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. പുരോഹിത ധാർഷ്ട്യവും അടിമകളൊടെന്നപോലെ വിശ്വാസികളോട്‌ പെരുമാറുന്നതും സഹിക്കാൻ കഴിയാത്ത പലരും കമ്യൂണിസ്റ്റ്‌ ആശയങ്ങൾ ഭാഗികമായി സ്വീകരിക്കുകയും പാർട്ടിയോട്‌ ചേർന്ന്‌ പ്രവർത്തിക്കുകയും അതെ സമയം ദൈവ വിശ്വാസികൾ ആയി തുടരുകയും ചെയ്യുന്നു. ഇപ്പോൾ ഇവരെ സമ്പൂർണ്ണ അടിമത്വത്തിലേക്ക്‌ തിരിച്ച്‌ കൊണ്ടുവരാൻ ഉള്ള ശ്രമം വ്യാപകമായി നടക്കുന്നു, പ്രത്യേകിച്ച്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം. നിരന്തരമായ പ്രചരണങ്ങളും കുത്തുവാക്കുകളും ഒറ്റപ്പെടുത്തലുകളും ഇതിനായി ഉപയോഗിക്കപ്പെടുന്നു. ഇപ്പോൾ ദീപികയും റുബിനും പൗവ്വത്തിലും ഒക്കെ ഉന്നയിക്കുന്ന കഴമ്പില്ലാത്ത ആരോപണങ്ങളും വ്യാജ പ്രചരണങ്ങളും ഒക്കെ വെകിളി പിടിച്ചു പോയ അധികാര മോഹികളുടെ ജൽപനങ്ങൾ മാത്രം. സാമൂഹിക പ്രവർത്തനവും സേവനവും ഒക്കെ ഇക്കൂട്ടർക്ക്‌ അധികാരത്തിലേക്കുള്ള കുറുക്കുവഴികൾ മാത്രമാണെന്ന്‌ തെളിയിക്കാൻ ഈ കമന്റ്‌ തന്നെ അധികമായിരിക്കും . പക്ഷെ നിസ്വാർഥ സേവനം ലക്ഷ്യമാക്കിയ പലരുടെയും വെളിച്ചം സ്വന്തം സമൂഹത്തിലും മനസ്സിലും തല്ലിക്കെടുത്തുകയാണ്‌ ഇവർ സത്യത്തിൽ ചെയ്യുന്നത്‌.