Friday, January 29, 2010

ഇനിയും അവസാനിക്കാത്ത അടിമത്തം

ലോകത്തിൽ അനേകം സ്വേച്ഛാതിപതികൾ ഉണ്ടായിരുന്നു. ഇന്ന്‌ അവരെല്ലാം ചരിത്രമായി കഴിഞ്ഞു. തങ്ങളുടെ ഭരണാധികാരികളെ ജനങ്ങൾ തന്നെ തെരഞ്ഞെടുക്കുന്ന വ്യവസ്ഥിതി വ്യാപകമായി കഴിഞ്ഞു, ചുരുക്കം ചില രാജ്യങ്ങളിൽ ഒഴികെ. എന്നാൽ തങ്ങളാൽ തെരഞ്ഞെടുക്കപെടുന്ന നേതാക്കളാൽ നയിക്കപ്പെടാൻ ഒരിക്കലും ഭാഗ്യം ലഭിക്കാത്ത ഒരു വിഭാഗമാണ്‌ കത്തോലിക്കർ. തങ്ങൾ കയ്യാളുന്ന അധികാരം ദൈവദത്തമാണ്‌ എന്ന്‌ എക്കാലവും വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിച്ച്‌ കാൽച്ചുവട്ടിലാക്കി ഒരു അധികാരി വർഗ്ഗം തന്നെ വിശ്വാസികളുടെ ചെലവിൽ സുഖിച്ച്‌ താമസിക്കുന്നു. സാധാരണ വിശ്വാസിക്ക്‌ തങ്ങളിലൂടെ അല്ലാതെ ദൈവവുമായി നേരിട്ട്‌ ഒരിടപാടും സാധ്യമല്ല എന്ന്‌ ആവർത്തിച്ച്‌ പറഞ്ഞ്‌ അവർ തങ്ങളുടെ സ്ഥാനമാനങ്ങൾ സംരക്ഷിച്ച്‌ നിർത്തിപ്പോരുന്നു. ഇവരോട്‌ മറുത്ത്‌ പറയാൻ വിശ്വാസികൾക്ക്‌ ഇന്നും ഭയമാണ്‌ അങ്ങനെ ആളുകളെ ഭീഷണിപ്പെടുത്തി വാങ്ങിയെടുക്കുന്ന ബഹുമാനവുമേറ്റ്‌ അവർ സസുഖം വാഴുന്നു, സധാരണ വിശ്വാസികൾ അവർക്ക്‌ വേണ്ടി അടിമവേല നിരന്തരം ചെയ്യുന്നു. സാധാരണ വിശ്വാസികൾ എന്ന്‌ എടുത്ത്‌ പറയാൻ കാര്യമുണ്ട്‌. സമ്പന്ന വിശ്വാസികൾക്ക്‌ അധികാരികളുടെ മുന്നിൽ പ്രത്യേക സ്ഥാനം തന്നെ ഉണ്ട്‌. ഇങ്ങനെ രൂപപ്പെടുന്ന ഒരു അധികാര കേന്ദ്രത്തിന്റെ അടിയിൽ ആണ്‌ സാധാരണ വിശ്വാസികളുടെ സ്ഥാനം. അവരുടെ മേലെ ഒരു ന്യൂനപക്ഷത്തിന്റെ തീരുമാനങ്ങൾക്ക്‌ എന്നും കയ്യടിക്കാനുള്ള ബാധ്യത അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നു.

എന്റെ ഒരു പഴയ പോസ്റ്റിൽ കത്തോലിക്കാ സഭയിലും ബൈബിളിലും സ്ത്രീകൾക്ക്‌ കൊടുത്തിരിക്കുന്ന വളരെ മോശമായ പരിഗണനയെക്കുറിച്ച്‌ പരാമർശം ഉണ്ടായപ്പോൾ ഞാൻ പിച്ചും പേയും പറയുന്നു എന്ന മട്ടിൽ സഭയിലെ വിശുദ്ധകളുടെ സെൻസസും ഒക്കെ ആയി ചിലർ മുന്നോട്ട്‌ വന്നിരുന്നു. എന്നാൽ സ്ത്രീകളെ എന്നും രണ്ടാം നിരയിൽ മാത്രം കാണുന്ന കത്തോലിക്കാ അധികാരികൾ അടിച്ചമർത്തപ്പെട്ട മുറുമുറുപ്പുകൾക്ക്‌ ശബ്ദം കൂടി വരുന്നത്‌ തിരിച്ചറിഞ്ഞ്‌ സ്ത്രീ ശാക്തീകരണ പരിപാടികളുമായി കുറെ നാളുകൾക്കു മുൻപേ മുതൽ തന്നെ വിശ്വാസികളുടെ കണ്ണിൽ പൊടി ഇടാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. 2008 ഫെബ്രുവരിയിൽ തന്നെ സ്ത്രീ ശാക്തീകരണത്തിനുള്ള നിരവധി തീരുമാനങ്ങൾ സി ബി സി ഐ കൈക്കൊണ്ടിരുന്നു. കുടുംബത്തിലും സമൂഹത്തിലും സഭയിലും ലിംഗ തുല്യത എന്നതായിരുന്നു തീരുമാനങ്ങളുടെ കാതൽ. ഇതിലെ നിർദ്ദേശങ്ങളിൽ ഇങ്ങനെയും പറഞ്ഞിരിക്കുന്നു: സ്ത്രീകളെ എല്ലാവിധ പ്രവർത്തനങ്ങളിലും അംഗമാക്കുക, പുരുഷന്മാരുടെയും സ്ത്രീകളുടെയും മനസ്സിൽനിന്നും ലിംഗ വേർതിരിവ്‌ മാറ്റി എടുക്കുക. സഭയിൽ തീരുമാനങ്ങൾ എടുക്കുന്ന എല്ലാ വിഭാഗത്തിലും സ്ത്രീകൾക്ക്‌ തുല്യ പങ്കാളിത്തം നൽകുക, ബൈബിളിൽ സ്ത്രീകളെ താഴ്ത്തിക്കെട്ടി പറയുന്ന ഭാഗങ്ങൾ പള്ളിയിലെ വായനകളിൽ നിന്ന്‌ ഒഴിവാക്കുക,വൈദികരും സന്യസ്തരും സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന വിധത്തിൽ പ്രസംഗിക്കുകയും പെരുമാറുകയും ചെയ്യുക അങ്ങനെ ധാരാളം. (അവലംബം:13 ജനുവരി 2010 ലെ സത്യദീപത്തിൽ വന്ന ഗ്രേയ്സ്‌ മങ്കുഴിക്കരി തേറാട്ടിലിന്റെ ലേഖനം)

സ്ത്രീ ശാക്തീകരണത്തിന്‌ ലോകത്തെമ്പാടും ഉള്ള ഗവൺമെന്റുകൾ പല രീതിയിലും ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്നെ ആണ്‌ ഇതും നടക്കുന്നത്‌. എന്നാൽ ശുപാർശകളോ തീരുമാനങ്ങളോ അധികാരികൾ കണ്ടിട്ടില്ല എന്നു വേണം മനസ്സിലാക്കാൻ. ഇന്നും സ്ത്രീകളുടെ അവസ്ഥ അങ്ങനെ തന്നെ. മേലെ പ്രതിപാദിച്ച ലേഖനത്തിൽ ഇടവക ട്രസ്റ്റികൾ പുരുഷന്മാർ മാത്രം ആകുന്നതിനെയും ശുശ്രൂഷികളായി ആൺകുട്ടികളെ മാത്രം തെരഞ്ഞെടുക്കുന്നതിനെയും വിൻസെന്റ്‌ ഡി പോൾ തുടങ്ങിയവയിൽ സ്ത്രീകൾക്ക്‌ അംഗത്വം നൽകാത്തതിനെയും പള്ളികളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ആരാധന നടത്തുന്നതിന്‌ വെവ്വേറെ സ്ഥലങ്ങൾ തീരുമാനിച്ചിട്ടുള്ളതിനെയും ഒക്കെ ലേഖിക വിമർശിച്ചിട്ടുണ്ട്‌. സ്ത്രീ പൗരോഹിത്യം സ്വപ്നം പോലും കാണാൻ സാധിക്കാത്തതിനാൽ ആണെന്നു തോന്നുന്നു അവർ അത്‌ പരാമർശിച്ച്‌ കണ്ടില്ല. പക്ഷെ ലേഖികയെപ്പോലെ ചിന്തിക്കാൻ ശ്രമിക്കാത്ത സ്ത്രീകളൊട്‌ ആരാഞ്ഞാൽ അവരുടെ അഭിപ്രായം വ്യത്യസ്തമാകാൻ സാധ്യത ഉണ്ട്‌. ഇതിന്റെ കാരണം വളരെ മനോഹരമായി ആസൂത്രണം ചെയ്ത്‌ അവതരിപ്പിക്കപ്പെട്ട ഒരു നാടകമാണ്‌. സ്ത്രീകളുടെ നോട്ടത്തിൽ മാതൃവേദി തുടങ്ങിയ സംഘടനകൾ പള്ളികൾ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നുണ്ട്‌. മദ്യസ്ഥയായി കന്യകാ മറിയം ഉണ്ട്‌ ( കന്യകാ മറിയത്തിന്റെ കന്യകാത്വം എന്നത്‌ കുറെ നാളുകൾക്ക്‌ മുൻപെ കത്തോലിക്കാ സഭ വിശ്വാസ സത്യം ആയി അംഗീകരിച്ചതാണ്‌. കുറേ ഏറെ ചർച്ചകൾക്ക്‌ ശേഷം. ഇതിന്റെ കാരണം തന്നെ പുരുഷ മേധാവിത്തം മടുത്ത്‌, മന്ത്രവാദിനി വേട്ടയിലും ഒക്കെ മനം നൊന്ത്‌ അകന്ന്‌ പോയിക്കൊണ്ടിരുന്ന സ്ത്രീ വിശ്വാസികളെ തിരിച്ച്‌ കൊണ്ടുവരാൻ വേണ്ടി ആയിരുന്നു എന്നൊരു വാദവും ഉണ്ട്‌ ). പക്ഷെ മാതൃവേദി പോലുള്ള സംഘടനകൾ അൽമായ സ്ത്രീകൾക്ക്‌ വീണ്ടൂം അടിമത്തം തന്നെ ആണ്‌. ഇതിന്റെ സർവ്വാധികാരി വീണ്ടും പുരോഹിതൻ തന്നെ ആണ്‌. സ്ത്രീകളുടെ തുറന്ന ചിന്തകൾക്ക്‌ അവസരം കൊടുക്കാതെ അവരിലൂടെ അധികാരികളുടെ പുതിയ തീരുമാനങ്ങൾ കുടുംബങ്ങളിൽ എളുപ്പത്തിൽ എത്തിക്കാൻ സാധിക്കും. പ്രതിഷേധ പ്രകടനങ്ങൾ, വിശ്വാസ പ്രഘോഷണ പരിപാടികൾ തുടങ്ങിയവയിൽ പുരുഷന്മാരെ പങ്കെടുപ്പിക്കാൻ സ്ത്രീകൾ വിചാരിച്ചാൽ എളുപ്പം സാധിക്കും, അതിന്‌ പുരുഷനെ നിർബന്ധിക്കാൻ ഒറ്റപ്പെടുത്തൽ പോലെ ഉള്ള്‌ കാര്യങ്ങളും മക്കളുടെ പഠനത്തിനും വിവാഹത്തിനും ഒക്കെ തടസ്സം ഉണ്ടാകുമെന്നും പ്രത്യക്ഷമല്ലാത്ത ഭീഷണികളിലൂടെ സ്ത്രീകളെ അറിയിക്കും. ഇതിനായി കന്യാസ്ത്രീകളെയും ഉപയോഗിക്കും. പോയില്ലെങ്കിൽ പിന്നെ വലിയ പ്രശ്നമാകും ചേച്ചി എന്ന്‌ വളരെ ന്യൂട്രലായി കാര്യം ബോധിപ്പിക്കും. പിന്നെ ഇടദിവസങ്ങളിലെ പ്രത്യേക പ്രാർത്ഥനകളും ഒക്കെ ആകുമ്പോൾ ശരാശരി സ്ത്രീകൾ സമ്പൂർണ്ണ ചട്ടുകങ്ങൾ ആയി മാറിയിരിക്കും. ഗ്രെയ്സ്‌ പറഞ്ഞ കാര്യങ്ങൾ ചിന്തിക്കുന്നത്‌ പോയിട്ട്‌ അധികാരികൾക്കെതിരെ പുരുഷന്മാർ സംസാരിക്കുമ്പോൾ പോലും കണ്ണീരൊഴുക്കുന്ന ഒരു സ്ത്രീ വിശ്വാസി സമൂഹം അങ്ങനെ സൃഷ്ടീക്കപ്പെടൂം, അല്ല സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിനൊപ്പം തന്നെ മതബോധന ക്ലാസ്സുകളിലും ചേർക്കണം. മതബോധന ക്ലാസ്സുകളിൽ ശാസ്ത്രത്തിനും, പുരോഗമന ചിന്തകൾക്കും എതിരെ കുട്ടികളെ പാകപ്പെടുത്തി എടുക്കൽ തന്നെ ആണ്‌ നടക്കുന്നത്‌. പരിണാമ സിദ്ധാന്തവും മറ്റും ശുദ്ധ മണ്ടത്തരമാണെന്നും അല്ലെങ്കിൽ മനുഷ്യൻ എന്താ മറ്റു ജീവികൾ ഒന്നും ആയി മാറാത്തതെന്നും ഒക്കെയുള്ള പാഠങ്ങൾ കുഞ്ഞു മനസ്സുകളിൽ കുത്തി നിറക്കപ്പെടുന്നു. പരിണാമം നടക്കുന്നത്‌ പൊതുവെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാകുമ്പോൾ ആണ്‌ എന്നും അതിന്‌ ലക്ഷക്കണക്കിന്‌ വർഷങ്ങൾ വേണമെന്നും മനുഷ്യ പരിണാമം ഇന്നും പൂർത്തിയായില്ലെന്നും, അല്ലെങ്കിൽ വിവിധ സ്ഥലങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്ക്‌ ആ സ്ഥലത്തെ സാഹചര്യത്തിനനുസരിച്ച്‌ ശരീര ഘടനയും കഴിവുകളും ഒക്കെ ഉള്ളത്‌ എന്തുകൊണ്ട്‌ എന്നും വാദിച്ച കുട്ടിക്ക്‌ കിട്ടിയ മറുപടി ചുട്ട അടിയായിരുന്നു. മനുഷ്യ ലൈംഗികത പ്രത്യുൽപാദനത്തിനു വേണ്ടി മാത്രം ഉള്ള അതി വിശുദ്ധമായ ഒന്നാണെന്നും അതിനെ സുഖാസ്വാദനത്തിന്‌ വേണ്ടി ഉപയോഗിക്കുന്നത്‌ മാരകമായ പാപം ആണെന്നും കുട്ടി പഠിക്കുന്നു. സംശയങ്ങൾ അനുവദിക്കപ്പെടുകയില്ല. ഈ ഒരു പാഠ്യ രീതി അവലംബിക്കുന്നത്‌ കൊണ്ടാണ്‌ എസ്‌ എസ്‌ എ യിലും മറ്റും വന്ന പരിഷ്കരിച്ച പാഠ്യ പദ്ധതിയെ കത്തോലിക്കാ അധികാരികൾ എതിർക്കുന്നത്‌. കുട്ടികൾ ചിന്തിച്ച്‌ വളരുന്നതോ അധ്യാപകനോട്‌ ചോദ്യം ചോദിക്കുന്നതോ അവർക്ക്‌ സഹിക്കാൻ സാധിക്കില്ല. അതിന്റെ കൂടെ ആണ്‌ കുട്ടികളെ തല്ലരുത്‌ എന്ന്‌ കൂടി പറയുന്നത്‌. ഇതിനൊക്കെ എതിരെ പലതവണ തങ്ങളുടെ ബ്ലോഗുകളിലും പ്രസ്താവനകളിലും അവർ വിഷം ചീറ്റുന്നത്‌ നമ്മൾ എല്ലാവരും കണ്ടതാണ്‌. നളിനി ജമീലയുടെ പുസ്തകം ഒരു കുട്ടി വായിക്കുന്നത്‌ കൊണ്ട്‌ ഇവിടെ അല്ലെങ്കിൽ ഏത്‌ ആകാശമാണ്‌ ഇടിഞ്ഞു വീഴാൻ പോകുന്നത്‌? ഇതിലൊക്കെ നമ്മൾ മനസ്സിലാക്കേണ്ടത്‌ കത്തോലിക്കാ അധികാരികളുടെ അഹങ്കാരം നിറഞ്ഞ അസഹിഷ്ണുതയാണ്‌.

മുൻ കാലങ്ങളിൽ ഈ അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്യുന്നവരെ കൊന്നു തള്ളുക തന്നെ ആയിരുന്നു കത്തോലിക്കാ സഭയുടെ രീതി. പിശാച്‌ ബാധ ആരോപിച്ച്‌ കന്യാസ്ത്രീയെ കുരിശിൽ തറച്ച പുരോഹിതന്‌ റുമാനിയയിൽ തടവ്‌ ശിക്ഷ കൊടുത്ത വാർത്ത വായിച്ചിട്ട്‌ അധികം വർഷങ്ങൾ ആയില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പിശാച്‌ ബാധ! ആ സ്ത്രീ പുരോഹിതനെ എത്തിർത്തത്‌ തന്നെ ആയിരിക്കണം. ഒരു പക്ഷെ ഈ സർവാധിപത്യത്തിനെതിരെ സംഘടിതമായ ഒരു സ്വരം കേൾക്കരുത്‌ എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കണം അൽമായ കൂട്ടായ്മകളെ വരെ പുരോഹിതന്മാരുടെ അധികാരത്തിന്റെ കീഴിൽ ആക്കിയിരിക്കുന്നത്‌. പൊതുവെ സാമൂഹിക നെറികേടുകൾക്കെതിരെ എന്നും ഉയർന്നു കേൾക്കുന്നത്‌ യുവജന ശബ്ദം ആണ്‌. എന്നാൽ കെ സി വൈ എം പോലുള്ള ക്രിസ്തീയ യുവജന സംഘടനകൾ ഇന്ന്‌ ഈ അധികാരികളുടെ വെറും ചട്ടുകവും സർവ്വോപരി മാറിവരുന്ന സഭയുടെ രാഷ്ട്രീയ നിലപാടുകളിൽ വോട്ടു പിടുത്തത്തിന്റെ റോൾ മാത്രവും ഉള്ളവർ ആയി അധപതിച്ച്‌ കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താനും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താനും കെ സി വൈ എം എടുത്തിട്ടുള്ള പുതിയ തീരുമാനം ജാതി രാഷ്ട്രീയം പയറ്റുക എന്നതിനപ്പുറം കോൺഗ്രസ്സുമായി സഭക്കുള്ള അവിശുദ്ധ വോട്ട്‌ ബാങ്ക്‌ സഖ്യത്തിന്‌ കൂടുതൽ ഉപകാരങ്ങൾ ചെയ്യുക എന്ന ലക്ഷ്യം മുൻ നിർത്തി ഉള്ളതാണ്‌ എന്ന്‌ വ്യക്തം. ഗുരുനാഥനെ ചവിട്ടിക്കൊല്ലുന്നത്‌ വരെ ഒരു പാഠ പുസ്തക വിവാദത്തെ എത്തിച്ചിട്ടും അത്‌ വേണ്ടത്ര ഗുണം ചെയ്തില്ല എന്ന്‌ മനസ്സിലാക്കിയവർ മടുത്ത്‌ തുടങ്ങിയ വിശ്വാസികളെ തിരികെ കൊണ്ടുവരാൻ പുതിയ നാടകങ്ങൾ രചിക്കുന്നത്‌ നമുക്ക്‌ കാണേണ്ടിവരും എന്ന്‌ തീച്ച.

വിശ്വാസികളുടെ വിയർപ്പിന്റെ ഉൽപന്നങ്ങളായ കൊട്ടാരം പോലെ ഉള്ള പള്ളികളും അതിനോടനുബന്ധിച്ചുള്ള സ്വത്ത്‌ വകകളും വിശ്വാസികൾക്ക്‌ ഒരു അവകാശവും ഇല്ലാത്തതും മെത്രാന്റെയും അതു വഴി മാർപ്പാപ്പയുടെയും ഉടമസ്ഥതയിൽ വരുന്നതും ആണ്‌. ഒരു രാജ്യത്ത്‌ വിശേഷാവകാശങ്ങൾ അനുഭവിക്കുകയും കൂടുതൽ കിട്ടുന്നതിനു വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്റെ അധ്വാന ഫലം പൂർണ്ണമായും മറ്റൊരു രാജ്യത്തിന്റെ തലവന്റെ അധികാരത്തിൽ വരുന്ന ഈ സവിശേഷ അവസ്ഥ വേറെ ഒരു സമൂഹത്തിലും കാണാൻ സാധിക്കുകയില്ല. ഉദയംപേരൂർ സൂനഹദോസ്‌ വഴി കേരളത്തിലെ ക്രിസ്തീയ വിശ്വാസികളെ വത്തിക്കാന്റെ കീഴിൽ കൊണ്ടുവന്ന കഥ ഒക്കെ ചരിത്രം. ഈ അധികാര നെറികേടുകൾക്കെതിരെ ഒന്നും ശബ്ദിക്കാതെ വിശ്വാസികളെ പ്രാർഥനയിലും വർഗ്ഗീയതയിലും മുക്കി ഒതുക്കി ഇരുത്തുന്നതിലും ശബ്ദിക്കുന്നവരെ ഒക്കെ മുളയിലേ ഒതുക്കുന്നതിലും ഇവർ നേടിയ വിജയം അദ്ഭുതാവഹം തന്നെ. ഒരു അൽമായ ഉയർത്തെഴുന്നേൽപ്പ്‌ എന്ന്‌ കാണാൻ കഴിയും എന്നത്‌ ഇനിയും നൂറ്റാണ്ടുകൾ ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെ അവശേഷിക്കും എന്നതിൽ സംശയമില്ല. അടിച്ചേൽപ്പിക്കപ്പെടുന്ന അച്ചടക്കങ്ങളെ കുറിച്ചുള്ള ഈ അധികാരികളുടെ മുതലക്കണ്ണീർ കൂടി കാണേണ്ടിവരുന്നു എന്നത്‌ നമ്മുടെ ദുർ വിധിയും.

Thursday, January 21, 2010

എന്തിനു കത്തോലിക്കാ അധികാരികള്‍ പേടിക്കുന്നു?

ദീപികയുടെ ഈ ദിവസങ്ങളിലെ എഡിറ്റോറിയലുകൾ വായിക്കുമ്പോൾ ( പ്രത്യേകിച്ച്‌ 20/01/2010 ) തോന്നിപ്പോകുന്ന ചില കാര്യങ്ങൾ കുറിക്കണം എന്നു തോന്നി. കെ എസ്‌ മനോജ്‌ സി പി എം വിട്ടതും അതിനെ ചുറ്റിപ്പറ്റി ഉയർന്നുവന്ന വാദങ്ങളും നിരത്തി ലേഖകൻ സമർത്ഥിക്കുന്ന ചില കാര്യങ്ങൾ ചില കമന്റുകളിൽ ഒരു കത്തോലിക്കാ ബ്ലോഗറും പറഞ്ഞവയാണ്‌. ലേഖകൻ പറയുന്ന വാക്കുകളുടെ ചുരുക്കം ഇങ്ങനെ.. പാർട്ടിയിലേക്ക്‌ വിശ്വാസികൾക്ക്‌ വരുന്നതിന്‌ ഒരു തടസ്സവും ഇല്ല എന്ന്‌ അഖിലേന്ത്യാ സെക്രട്ടറി പറയുന്നു. എന്നാൽ പാർട്ടിക്ക്‌ വിശ്വാസികളെ വേണ്ടത്‌ അക്രമം നടത്താനും കൊടി പിടിക്കാനും വേണ്ടി മാത്രം. സ്ഥാനമാനങ്ങൾ ഒക്കെ അവിശ്വാസികളായ നേതാക്കൾക്ക്‌ മാത്രം. വിശ്വാസികൾക്ക്‌ മന്ത്രി സ്ഥാനമോ ഇലക്ഷനിൽ സീറ്റോ ഒന്നും നൽകപ്പെടുകയില്ല. അവർ പാർട്ടിയിൽ വേലക്കാരും അടിമകളും ആയിരിക്കും. പിന്നെ പാർട്ടിയിൽ വിശ്വാസി ചേർന്നാൽ അവനെ നിരീശ്വരവാദി ആക്കി എടുക്കാൻ പാർട്ടി തയ്യാറാണ്‌. ശാസ്ത്രീയ വിശ്വാസം എന്നാണ്‌ പാർട്ടിക്കാർ നിരീശ്വര ഭൗതിക വാദത്തെ വിളിക്കുന്നത്‌. എന്നാൽ ശാസ്ത്രീയം എന്ന വാക്ക്‌ അവർ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഉപയോഗിക്കുന്ന ഒരു വാക്കാണ്‌.

ഈ ലേഖനം മുഴുവനും കമ്യൂണിസ്റ്റ്‌ പാർട്ടിക്കെതിരെ വിഷം ചീറ്റുന്നതും വിശ്വാസികളെ പുരോഹിത അടിമത്വത്തിലേക്ക്‌ തിരിച്ചു വരേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നതും ആണ്‌. ഏതെങ്കിലും പുരോഗമന ഇടതുപക്ഷ പ്രസ്ഥാനത്തിൽ അൽപമെങ്കിലും പ്രവർത്തിച്ച ആർക്കും ഈ ലേഖനത്തിൽ ആരോപിക്കപ്പെടുന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന്‌ അറിയാൻ സാധിക്കും. എന്നാൽ ഭയ ഭക്തി ബഹുമാനങ്ങളൊടെ പുരോഹിതന്മാർ പറയുന്നത്‌ അപ്പാടെ വിഴുങ്ങുന്ന സാധാരണക്കാരനായ വിശ്വാസികൾക്ക്‌ ഇത്‌ വായിക്കുമ്പോൾ തോന്നുക കത്തോലിക്കാ സഭ ആകമാനം ഇന്നു വലിയ അപകടത്തിൽ ആണ്‌ എന്നാകും. വിശ്വാസികളെ ഇളക്കിവിട്ട്‌ വിമോചന സമരം നടത്താൻ പണ്ടും കേരളത്തിലെ സഭ പ്രയോഗിച്ച തന്ത്രം ഇതുതന്നെ ആണ്‌. അന്നത്തെ സഭാ മേലധികാരികളുടെ ലക്ഷ്യങ്ങൾ എന്തൊക്കെ ആയിരുന്നു എന്ന കാര്യം പകൽ പോലെ വ്യക്തമാണല്ലോ. കത്തോലിക്കർക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതും ആണു കാരണങ്ങൾ എങ്കിൽ കത്തോലിക്കർക്ക്‌ ജീവിക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒറീസ്സയിൽ വിമോചന സമരങ്ങൾ നടക്കേണ്ടതാണല്ലോ. സമരങ്ങൾ പോയിട്ട്‌ ഒരു പ്രതിഷേധക്കുറിപ്പു പോലും അധികാരികൾ ഇറക്കിയില്ല, പ്രാർഥനാ ആഹ്വാനങ്ങൾ ഒന്നും നടന്നില്ല. പോരാത്തതിന്‌ മലയാളത്തിൽ പ്രതിഷേധിച്ചാൽ ഒറീസ്സക്കാർക്ക്‌ മനസ്സിലാകില്ലല്ലോ എന്നൊരു ന്യായവും കേട്ടു.
ഈ ലേഖനങ്ങൾ മുഴുവൻ സൂചിപ്പിക്കുന്നത്‌ ഒന്ന്‌ മാത്രമാണ്‌. കത്തോലിക്കാ മേലധികാരികൾ നന്നായി ഭയന്നിരിക്കുന്നു. ഈ ഭയത്തിന്റെ കാരണം എന്താണെന്ന്‌ മനസ്സിലാകുന്നില്ല. ഈ പറയുന്നവ കേരളത്തിലെ കത്തോലിക്കാ അധികാരികളെ മാത്രം ഉദ്ദേശിച്ചാണ്‌. കർണ്ണാടക അടക്കം ഉള്ള നിരവധി ക്രിസ്ത്യൻ ആരാധനാലയങ്ങൾ ഈ വർഷങ്ങളിൽ തകർക്കപ്പെട്ടു. പലയിടത്തും കത്തോലിക്കർക്കെതിരെ അക്രമങ്ങൾ ഉണ്ടായി. ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പോയിട്ട്‌ എതിർത്ത്‌ ഒരു പ്രസ്താവന ഇറക്കാൻ പോലും കേന്ദ്രത്തിലെ കോൺഗ്രസ്സ്‌ തയ്യാറായില്ല. പക്ഷെ സി പി ഐ(എം) പ്രശ്നങ്ങളിൽ വ്യക്തത ഉള്ള നിലപാടുകൾ സ്വീകരിച്ചിരുന്നു. പാർട്ടി ഓഫീസുകളിൽ കുർബാന നടത്താൻ അനുവദിച്ചതടക്കം ശക്തമായ നിലപാടുകൾ. സി ബി സി ഐ ഇതിന്റെ ഒക്കെ നന്ദി കാണിക്കുകയും ചെയ്തിരുന്നു.കെ സി ബി സി കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കമ്യൂണിസ്റ്റ്‌ പാർട്ടികൾക്കെതിരെ ഉറഞ്ഞുതുള്ളലുകളുമായി വന്നപ്പോളും ഇടയലേഖനങ്ങളിലൂടെ അവർ കോമരം തുള്ളിയപ്പോളും സി ബി സി ഐ കമ്യൂണിസ്റ്റ്‌ പാർട്ടികൾക്കെതിരെ ഒരു നിലപാടും സ്വീകരിക്കാതെ മനസ്സാക്ഷി വോട്ടിന്‌വിശ്വാസികളെ ആഹ്വാനം ചെയ്തതിന്റെ കാരണവും മറ്റൊന്നല്ല. വടക്കെ ഇന്ത്യയിൽ മിഷനറി പ്രവർത്തനം നടത്തുന്ന നിരവധി വൈദികർ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ചെയ്തു കൊടുത്ത സഹായങ്ങൾ നന്ദിയോടെ സ്മരിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്‌. പക്ഷെ കേരളത്തിലെ സഭാ അധികാരികൾക്ക്‌ മാത്രം എന്താണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടികളെ ഇത്ര ഭയം? റുബിൻ പോലുള്ള ബ്ലോഗർമാർ കോമാളികൾ എന്നല്ലാതെ കമ്യൂണിസ്റ്റുകളെ പറയാറില്ല. ആരാലും തെരഞ്ഞെടുക്കപ്പെടാതെ നേതാക്കളായി സ്വയം ചമഞ്ഞ്‌ വിശ്വാസിക്കളുടെ ചെലവിൽ ഉണ്ടുറങ്ങി ഇരിക്കുന്നവന്റെ തീൻ കുത്തൽ ആയിരിക്കാം ഇതൊക്കെ. മറ്റു പല സംസ്ഥാനങ്ങളിലും സ്വസ്ഥമായി ജീവിക്കാൻ പോലും ഉള്ള സ്ഥിതി ഇല്ലെന്നിരിക്കെ കേരളത്തിൽ നിർഭയം വർഗ്ഗീയ വിഷം തുപ്പി ലാഭം കൊയ്യാൻ ഉള്ള സൗകര്യ്ം എങ്ങനെ ഉണ്ടായി എന്ന്‌ ഇക്കൂട്ടർ ഒരിക്കലും ചിന്തിക്കുന്നില്ല. ചിലപ്പോ പറഞ്ഞേക്കും അത്‌ ഭരണഘടന ഉറപ്പ്‌ നൽകിയ ന്യൂനപക്ഷ അവകാശം ആണെന്ന്‌. ചിരിക്കാം എന്നല്ലാതെ എന്ത്‌ പറയാൻ.. ഒറീസ്സയിലും മറ്റും കത്തോലിക്കാ സ്ഥാപനങ്ങൾ തീയിലെരിഞ്ഞപ്പോ ന്യൂനപക്ഷ അവകാശം ഫാത്തിമയിൽ തീഥാടനത്തിനു പോയിരുന്നോ? ന്യൂനപക്ഷ അവകാശം മാനിക്കുന്ന, ന്യൂനപക്ഷ അഹങ്കാരം സഹിക്കുന്ന ഒരു ഭൂരിപക്ഷം കേരളത്തിൽ ഉണ്ടായതിന്റെ ക്രെഡിറ്റ്‌ മൊത്തം ഇനി ദൈവത്തിനു വിട്ടു കൊടുക്കുമോ ആവൊ..
ആഗോള കത്തോലിക്കാ സഭ വലിയ ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന അവസരം ആണ്‌ ഇത്‌. വിശ്വാസികളുടെ കൊഴിഞ്ഞു പോക്ക്‌. പെന്തക്കോസ്ത്‌ അടക്കം ഉള്ള വിഭാഗങ്ങളിലേക്ക്‌ നിരവധി വിശ്വാസികൾ ചേക്കേറുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ അടക്കം യുവാക്കൾ വിശ്വാസ്ങ്ങളെ തള്ളിപ്പറയുന്നു. സെമിനാരികളിലും മറ്റും പോകാൻ ആളില്ലാത്തതിനാൽ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നും പുരോഹിതന്മാരെ സപ്ലൈ ചെയ്യേണ്ട ഗതികേട്‌ വന്നിരിക്കുന്നതിന്റെ ഇടയിൽ ആണ്‌ ഇത്തരം പൃശ്നങ്ങൾ. ദേവസ്യ മുല്ലക്കര, യോഹന്നാൻ തുടങ്ങിയ സുവിശേഷകരുടെ പുറകെ വിശ്വാസികൾ പോകുന്നു. ഒരു ക്രിസ്തീയ പ്രസിദ്ധീകരണമായ സത്യദീപത്തിൽ (പുസ്തകം 83, ലക്കം 22, 2010 ജനുവരി 13, പേജ്‌ 3) തന്നെ ഈ അടുത്ത്‌ ഇതിനെ സംബന്ധിച്ച ഒരു ലേഖനം കണ്ടിരുന്നു. കാലഹരണപ്പെട്ട ആചാരങ്ങളും പുരോഹിത - അധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യം നിറഞ്ഞ നിലപാടുകളും ആളുകളെ ഇങ്ങനെ പോകാൻ പ്രേരിപ്പിക്കുന്നതായി കത്തോലിക്കൻ ആയ ലേഖകൻ പറയുന്നു. ദേവസ്യ മുല്ലക്കര വലിയ ഒരു ധ്യാനഗുരു ആയി പേരെടുത്തിട്ട്‌ അധികം ഒന്നും ആയില്ല. അദ്ദേഹത്തിന്‌ വർദ്ധീച്ച്‌ വന്ന വിശ്വാസ്യതയും, പിന്നെ അതിൽ നിന്നും ഉള്ള കാശുവരവ്‌ തലശ്ശേരി രൂപതാ അധികാരികളുമായി പങ്കു വക്കുന്നതിൽ അദ്ദേഹം കാട്ടിയ വിമുഖതയും സഭയിൽ നിന്നും അദ്ദേഹം പുറത്താക്കപ്പെടാൻ കാരണമായി. അദ്ദേഹത്തിനും ഇന്ന്‌ ധാരാളം അനുയായികൾ ഉണ്ട്‌. സംഘ പരിവാർ അക്രമം ഒക്കെ പേടി ഉള്ളതിനാൽ പാൽപ്പൊടിയും അരിയും കാശും വാങ്ങി മതം മാറുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. പുരോഹിത ധാർഷ്ട്യവും അടിമകളൊടെന്നപോലെ വിശ്വാസികളോട്‌ പെരുമാറുന്നതും സഹിക്കാൻ കഴിയാത്ത പലരും കമ്യൂണിസ്റ്റ്‌ ആശയങ്ങൾ ഭാഗികമായി സ്വീകരിക്കുകയും പാർട്ടിയോട്‌ ചേർന്ന്‌ പ്രവർത്തിക്കുകയും അതെ സമയം ദൈവ വിശ്വാസികൾ ആയി തുടരുകയും ചെയ്യുന്നു. ഇപ്പോൾ ഇവരെ സമ്പൂർണ്ണ അടിമത്വത്തിലേക്ക്‌ തിരിച്ച്‌ കൊണ്ടുവരാൻ ഉള്ള ശ്രമം വ്യാപകമായി നടക്കുന്നു, പ്രത്യേകിച്ച്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം. നിരന്തരമായ പ്രചരണങ്ങളും കുത്തുവാക്കുകളും ഒറ്റപ്പെടുത്തലുകളും ഇതിനായി ഉപയോഗിക്കപ്പെടുന്നു. ഇപ്പോൾ ദീപികയും റുബിനും പൗവ്വത്തിലും ഒക്കെ ഉന്നയിക്കുന്ന കഴമ്പില്ലാത്ത ആരോപണങ്ങളും വ്യാജ പ്രചരണങ്ങളും ഒക്കെ വെകിളി പിടിച്ചു പോയ അധികാര മോഹികളുടെ ജൽപനങ്ങൾ മാത്രം. സാമൂഹിക പ്രവർത്തനവും സേവനവും ഒക്കെ ഇക്കൂട്ടർക്ക്‌ അധികാരത്തിലേക്കുള്ള കുറുക്കുവഴികൾ മാത്രമാണെന്ന്‌ തെളിയിക്കാൻ ഈ കമന്റ്‌ തന്നെ അധികമായിരിക്കും . പക്ഷെ നിസ്വാർഥ സേവനം ലക്ഷ്യമാക്കിയ പലരുടെയും വെളിച്ചം സ്വന്തം സമൂഹത്തിലും മനസ്സിലും തല്ലിക്കെടുത്തുകയാണ്‌ ഇവർ സത്യത്തിൽ ചെയ്യുന്നത്‌.