എന്റെ ഒരു പഴയ പോസ്റ്റിൽ കത്തോലിക്കാ സഭയിലും ബൈബിളിലും സ്ത്രീകൾക്ക് കൊടുത്തിരിക്കുന്ന വളരെ മോശമായ പരിഗണനയെക്കുറിച്ച് പരാമർശം ഉണ്ടായപ്പോൾ ഞാൻ പിച്ചും പേയും പറയുന്നു എന്ന മട്ടിൽ സഭയിലെ വിശുദ്ധകളുടെ സെൻസസും ഒക്കെ ആയി ചിലർ മുന്നോട്ട് വന്നിരുന്നു. എന്നാൽ സ്ത്രീകളെ എന്നും രണ്ടാം നിരയിൽ മാത്രം കാണുന്ന കത്തോലിക്കാ അധികാരികൾ അടിച്ചമർത്തപ്പെട്ട മുറുമുറുപ്പുകൾക്ക് ശബ്ദം കൂടി വരുന്നത് തിരിച്ചറിഞ്ഞ് സ്ത്രീ ശാക്തീകരണ പരിപാടികളുമായി കുറെ നാളുകൾക്കു മുൻപേ മുതൽ തന്നെ വിശ്വാസികളുടെ കണ്ണിൽ പൊടി ഇടാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. 2008 ഫെബ്രുവരിയിൽ തന്നെ സ്ത്രീ ശാക്തീകരണത്തിനുള്ള നിരവധി തീരുമാനങ്ങൾ സി ബി സി ഐ കൈക്കൊണ്ടിരുന്നു. കുടുംബത്തിലും സമൂഹത്തിലും സഭയിലും ലിംഗ തുല്യത എന്നതായിരുന്നു തീരുമാനങ്ങളുടെ കാതൽ. ഇതിലെ നിർദ്ദേശങ്ങളിൽ ഇങ്ങനെയും പറഞ്ഞിരിക്കുന്നു: സ്ത്രീകളെ എല്ലാവിധ പ്രവർത്തനങ്ങളിലും അംഗമാക്കുക, പുരുഷന്മാരുടെയും സ്ത്രീകളുടെയും മനസ്സിൽനിന്നും ലിംഗ വേർതിരിവ് മാറ്റി എടുക്കുക. സഭയിൽ തീരുമാനങ്ങൾ എടുക്കുന്ന എല്ലാ വിഭാഗത്തിലും സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം നൽകുക, ബൈബിളിൽ സ്ത്രീകളെ താഴ്ത്തിക്കെട്ടി പറയുന്ന ഭാഗങ്ങൾ പള്ളിയിലെ വായനകളിൽ നിന്ന് ഒഴിവാക്കുക,വൈദികരും സന്യസ്തരും സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന വിധത്തിൽ പ്രസംഗിക്കുകയും പെരുമാറുകയും ചെയ്യുക അങ്ങനെ ധാരാളം. (അവലംബം:13 ജനുവരി 2010 ലെ സത്യദീപത്തിൽ വന്ന ഗ്രേയ്സ് മങ്കുഴിക്കരി തേറാട്ടിലിന്റെ ലേഖനം)
സ്ത്രീ ശാക്തീകരണത്തിന് ലോകത്തെമ്പാടും ഉള്ള ഗവൺമെന്റുകൾ പല രീതിയിലും ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്നെ ആണ് ഇതും നടക്കുന്നത്. എന്നാൽ ശുപാർശകളോ തീരുമാനങ്ങളോ അധികാരികൾ കണ്ടിട്ടില്ല എന്നു വേണം മനസ്സിലാക്കാൻ. ഇന്നും സ്ത്രീകളുടെ അവസ്ഥ അങ്ങനെ തന്നെ. മേലെ പ്രതിപാദിച്ച ലേഖനത്തിൽ ഇടവക ട്രസ്റ്റികൾ പുരുഷന്മാർ മാത്രം ആകുന്നതിനെയും ശുശ്രൂഷികളായി ആൺകുട്ടികളെ മാത്രം തെരഞ്ഞെടുക്കുന്നതിനെയും വിൻസെന്റ് ഡി പോൾ തുടങ്ങിയവയിൽ സ്ത്രീകൾക്ക് അംഗത്വം നൽകാത്തതിനെയും പള്ളികളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ആരാധന നടത്തുന്നതിന് വെവ്വേറെ സ്ഥലങ്ങൾ തീരുമാനിച്ചിട്ടുള്ളതിനെയും ഒക്കെ ലേഖിക വിമർശിച്ചിട്ടുണ്ട്. സ്ത്രീ പൗരോഹിത്യം സ്വപ്നം പോലും കാണാൻ സാധിക്കാത്തതിനാൽ ആണെന്നു തോന്നുന്നു അവർ അത് പരാമർശിച്ച് കണ്ടില്ല. പക്ഷെ ലേഖികയെപ്പോലെ ചിന്തിക്കാൻ ശ്രമിക്കാത്ത സ്ത്രീകളൊട് ആരാഞ്ഞാൽ അവരുടെ അഭിപ്രായം വ്യത്യസ്തമാകാൻ സാധ്യത ഉണ്ട്. ഇതിന്റെ കാരണം വളരെ മനോഹരമായി ആസൂത്രണം ചെയ്ത് അവതരിപ്പിക്കപ്പെട്ട ഒരു നാടകമാണ്. സ്ത്രീകളുടെ നോട്ടത്തിൽ മാതൃവേദി തുടങ്ങിയ സംഘടനകൾ പള്ളികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മദ്യസ്ഥയായി കന്യകാ മറിയം ഉണ്ട് ( കന്യകാ മറിയത്തിന്റെ കന്യകാത്വം എന്നത് കുറെ നാളുകൾക്ക് മുൻപെ കത്തോലിക്കാ സഭ വിശ്വാസ സത്യം ആയി അംഗീകരിച്ചതാണ്. കുറേ ഏറെ ചർച്ചകൾക്ക് ശേഷം. ഇതിന്റെ കാരണം തന്നെ പുരുഷ മേധാവിത്തം മടുത്ത്, മന്ത്രവാദിനി വേട്ടയിലും ഒക്കെ മനം നൊന്ത് അകന്ന് പോയിക്കൊണ്ടിരുന്ന സ്ത്രീ വിശ്വാസികളെ തിരിച്ച് കൊണ്ടുവരാൻ വേണ്ടി ആയിരുന്നു എന്നൊരു വാദവും ഉണ്ട് ). പക്ഷെ മാതൃവേദി പോലുള്ള സംഘടനകൾ അൽമായ സ്ത്രീകൾക്ക് വീണ്ടൂം അടിമത്തം തന്നെ ആണ്. ഇതിന്റെ സർവ്വാധികാരി വീണ്ടും പുരോഹിതൻ തന്നെ ആണ്. സ്ത്രീകളുടെ തുറന്ന ചിന്തകൾക്ക് അവസരം കൊടുക്കാതെ അവരിലൂടെ അധികാരികളുടെ പുതിയ തീരുമാനങ്ങൾ കുടുംബങ്ങളിൽ എളുപ്പത്തിൽ എത്തിക്കാൻ സാധിക്കും. പ്രതിഷേധ പ്രകടനങ്ങൾ, വിശ്വാസ പ്രഘോഷണ പരിപാടികൾ തുടങ്ങിയവയിൽ പുരുഷന്മാരെ പങ്കെടുപ്പിക്കാൻ സ്ത്രീകൾ വിചാരിച്ചാൽ എളുപ്പം സാധിക്കും, അതിന് പുരുഷനെ നിർബന്ധിക്കാൻ ഒറ്റപ്പെടുത്തൽ പോലെ ഉള്ള് കാര്യങ്ങളും മക്കളുടെ പഠനത്തിനും വിവാഹത്തിനും ഒക്കെ തടസ്സം ഉണ്ടാകുമെന്നും പ്രത്യക്ഷമല്ലാത്ത ഭീഷണികളിലൂടെ സ്ത്രീകളെ അറിയിക്കും. ഇതിനായി കന്യാസ്ത്രീകളെയും ഉപയോഗിക്കും. പോയില്ലെങ്കിൽ പിന്നെ വലിയ പ്രശ്നമാകും ചേച്ചി എന്ന് വളരെ ന്യൂട്രലായി കാര്യം ബോധിപ്പിക്കും. പിന്നെ ഇടദിവസങ്ങളിലെ പ്രത്യേക പ്രാർത്ഥനകളും ഒക്കെ ആകുമ്പോൾ ശരാശരി സ്ത്രീകൾ സമ്പൂർണ്ണ ചട്ടുകങ്ങൾ ആയി മാറിയിരിക്കും. ഗ്രെയ്സ് പറഞ്ഞ കാര്യങ്ങൾ ചിന്തിക്കുന്നത് പോയിട്ട് അധികാരികൾക്കെതിരെ പുരുഷന്മാർ സംസാരിക്കുമ്പോൾ പോലും കണ്ണീരൊഴുക്കുന്ന ഒരു സ്ത്രീ വിശ്വാസി സമൂഹം അങ്ങനെ സൃഷ്ടീക്കപ്പെടൂം, അല്ല സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിനൊപ്പം തന്നെ മതബോധന ക്ലാസ്സുകളിലും ചേർക്കണം. മതബോധന ക്ലാസ്സുകളിൽ ശാസ്ത്രത്തിനും, പുരോഗമന ചിന്തകൾക്കും എതിരെ കുട്ടികളെ പാകപ്പെടുത്തി എടുക്കൽ തന്നെ ആണ് നടക്കുന്നത്. പരിണാമ സിദ്ധാന്തവും മറ്റും ശുദ്ധ മണ്ടത്തരമാണെന്നും അല്ലെങ്കിൽ മനുഷ്യൻ എന്താ മറ്റു ജീവികൾ ഒന്നും ആയി മാറാത്തതെന്നും ഒക്കെയുള്ള പാഠങ്ങൾ കുഞ്ഞു മനസ്സുകളിൽ കുത്തി നിറക്കപ്പെടുന്നു. പരിണാമം നടക്കുന്നത് പൊതുവെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാകുമ്പോൾ ആണ് എന്നും അതിന് ലക്ഷക്കണക്കിന് വർഷങ്ങൾ വേണമെന്നും മനുഷ്യ പരിണാമം ഇന്നും പൂർത്തിയായില്ലെന്നും, അല്ലെങ്കിൽ വിവിധ സ്ഥലങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്ക് ആ സ്ഥലത്തെ സാഹചര്യത്തിനനുസരിച്ച് ശരീര ഘടനയും കഴിവുകളും ഒക്കെ ഉള്ളത് എന്തുകൊണ്ട് എന്നും വാദിച്ച കുട്ടിക്ക് കിട്ടിയ മറുപടി ചുട്ട അടിയായിരുന്നു. മനുഷ്യ ലൈംഗികത പ്രത്യുൽപാദനത്തിനു വേണ്ടി മാത്രം ഉള്ള അതി വിശുദ്ധമായ ഒന്നാണെന്നും അതിനെ സുഖാസ്വാദനത്തിന് വേണ്ടി ഉപയോഗിക്കുന്നത് മാരകമായ പാപം ആണെന്നും കുട്ടി പഠിക്കുന്നു. സംശയങ്ങൾ അനുവദിക്കപ്പെടുകയില്ല. ഈ ഒരു പാഠ്യ രീതി അവലംബിക്കുന്നത് കൊണ്ടാണ് എസ് എസ് എ യിലും മറ്റും വന്ന പരിഷ്കരിച്ച പാഠ്യ പദ്ധതിയെ കത്തോലിക്കാ അധികാരികൾ എതിർക്കുന്നത്. കുട്ടികൾ ചിന്തിച്ച് വളരുന്നതോ അധ്യാപകനോട് ചോദ്യം ചോദിക്കുന്നതോ അവർക്ക് സഹിക്കാൻ സാധിക്കില്ല. അതിന്റെ കൂടെ ആണ് കുട്ടികളെ തല്ലരുത് എന്ന് കൂടി പറയുന്നത്. ഇതിനൊക്കെ എതിരെ പലതവണ തങ്ങളുടെ ബ്ലോഗുകളിലും പ്രസ്താവനകളിലും അവർ വിഷം ചീറ്റുന്നത് നമ്മൾ എല്ലാവരും കണ്ടതാണ്. നളിനി ജമീലയുടെ പുസ്തകം ഒരു കുട്ടി വായിക്കുന്നത് കൊണ്ട് ഇവിടെ അല്ലെങ്കിൽ ഏത് ആകാശമാണ് ഇടിഞ്ഞു വീഴാൻ പോകുന്നത്? ഇതിലൊക്കെ നമ്മൾ മനസ്സിലാക്കേണ്ടത് കത്തോലിക്കാ അധികാരികളുടെ അഹങ്കാരം നിറഞ്ഞ അസഹിഷ്ണുതയാണ്.
മുൻ കാലങ്ങളിൽ ഈ അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്യുന്നവരെ കൊന്നു തള്ളുക തന്നെ ആയിരുന്നു കത്തോലിക്കാ സഭയുടെ രീതി. പിശാച് ബാധ ആരോപിച്ച് കന്യാസ്ത്രീയെ കുരിശിൽ തറച്ച പുരോഹിതന് റുമാനിയയിൽ തടവ് ശിക്ഷ കൊടുത്ത വാർത്ത വായിച്ചിട്ട് അധികം വർഷങ്ങൾ ആയില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പിശാച് ബാധ! ആ സ്ത്രീ പുരോഹിതനെ എത്തിർത്തത് തന്നെ ആയിരിക്കണം. ഒരു പക്ഷെ ഈ സർവാധിപത്യത്തിനെതിരെ സംഘടിതമായ ഒരു സ്വരം കേൾക്കരുത് എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കണം അൽമായ കൂട്ടായ്മകളെ വരെ പുരോഹിതന്മാരുടെ അധികാരത്തിന്റെ കീഴിൽ ആക്കിയിരിക്കുന്നത്. പൊതുവെ സാമൂഹിക നെറികേടുകൾക്കെതിരെ എന്നും ഉയർന്നു കേൾക്കുന്നത് യുവജന ശബ്ദം ആണ്. എന്നാൽ കെ സി വൈ എം പോലുള്ള ക്രിസ്തീയ യുവജന സംഘടനകൾ ഇന്ന് ഈ അധികാരികളുടെ വെറും ചട്ടുകവും സർവ്വോപരി മാറിവരുന്ന സഭയുടെ രാഷ്ട്രീയ നിലപാടുകളിൽ വോട്ടു പിടുത്തത്തിന്റെ റോൾ മാത്രവും ഉള്ളവർ ആയി അധപതിച്ച് കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താനും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താനും കെ സി വൈ എം എടുത്തിട്ടുള്ള പുതിയ തീരുമാനം ജാതി രാഷ്ട്രീയം പയറ്റുക എന്നതിനപ്പുറം കോൺഗ്രസ്സുമായി സഭക്കുള്ള അവിശുദ്ധ വോട്ട് ബാങ്ക് സഖ്യത്തിന് കൂടുതൽ ഉപകാരങ്ങൾ ചെയ്യുക എന്ന ലക്ഷ്യം മുൻ നിർത്തി ഉള്ളതാണ് എന്ന് വ്യക്തം. ഗുരുനാഥനെ ചവിട്ടിക്കൊല്ലുന്നത് വരെ ഒരു പാഠ പുസ്തക വിവാദത്തെ എത്തിച്ചിട്ടും അത് വേണ്ടത്ര ഗുണം ചെയ്തില്ല എന്ന് മനസ്സിലാക്കിയവർ മടുത്ത് തുടങ്ങിയ വിശ്വാസികളെ തിരികെ കൊണ്ടുവരാൻ പുതിയ നാടകങ്ങൾ രചിക്കുന്നത് നമുക്ക് കാണേണ്ടിവരും എന്ന് തീച്ച.
വിശ്വാസികളുടെ വിയർപ്പിന്റെ ഉൽപന്നങ്ങളായ കൊട്ടാരം പോലെ ഉള്ള പള്ളികളും അതിനോടനുബന്ധിച്ചുള്ള സ്വത്ത് വകകളും വിശ്വാസികൾക്ക് ഒരു അവകാശവും ഇല്ലാത്തതും മെത്രാന്റെയും അതു വഴി മാർപ്പാപ്പയുടെയും ഉടമസ്ഥതയിൽ വരുന്നതും ആണ്. ഒരു രാജ്യത്ത് വിശേഷാവകാശങ്ങൾ അനുഭവിക്കുകയും കൂടുതൽ കിട്ടുന്നതിനു വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്റെ അധ്വാന ഫലം പൂർണ്ണമായും മറ്റൊരു രാജ്യത്തിന്റെ തലവന്റെ അധികാരത്തിൽ വരുന്ന ഈ സവിശേഷ അവസ്ഥ വേറെ ഒരു സമൂഹത്തിലും കാണാൻ സാധിക്കുകയില്ല. ഉദയംപേരൂർ സൂനഹദോസ് വഴി കേരളത്തിലെ ക്രിസ്തീയ വിശ്വാസികളെ വത്തിക്കാന്റെ കീഴിൽ കൊണ്ടുവന്ന കഥ ഒക്കെ ചരിത്രം. ഈ അധികാര നെറികേടുകൾക്കെതിരെ ഒന്നും ശബ്ദിക്കാതെ വിശ്വാസികളെ പ്രാർഥനയിലും വർഗ്ഗീയതയിലും മുക്കി ഒതുക്കി ഇരുത്തുന്നതിലും ശബ്ദിക്കുന്നവരെ ഒക്കെ മുളയിലേ ഒതുക്കുന്നതിലും ഇവർ നേടിയ വിജയം അദ്ഭുതാവഹം തന്നെ. ഒരു അൽമായ ഉയർത്തെഴുന്നേൽപ്പ് എന്ന് കാണാൻ കഴിയും എന്നത് ഇനിയും നൂറ്റാണ്ടുകൾ ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെ അവശേഷിക്കും എന്നതിൽ സംശയമില്ല. അടിച്ചേൽപ്പിക്കപ്പെടുന്ന അച്ചടക്കങ്ങളെ കുറിച്ചുള്ള ഈ അധികാരികളുടെ മുതലക്കണ്ണീർ കൂടി കാണേണ്ടിവരുന്നു എന്നത് നമ്മുടെ ദുർ വിധിയും.

7 അഭിപ്രായ(ങ്ങള്‍):
മികച്ച വായന സമ്മനിച്ച സുബിന് ആശംസകള്‍
സ്ത്രീ ശാക്തീകരണം ഇനിയും സാദ്ധ്യമാകാത്ത ഒന്നു തന്നെയാണ്
www.tomskonumadam.blogspot.com
Good one as usual, Subin
റ്റോംസ്, കാൽവിൻ.. നന്ദി. ഇക്കാര്യങ്ങൾ പകൽ പോലെ വ്യക്തമായിട്ടും ആരും എതിർക്കാൻ തയ്യാറാവാത്തതിൽ അദ്ഭുതം തോന്നുന്നു. പോട്ടയിലെ കള്ളികൾ തുറന്നു കാണിച്ച് ദിവ്യാദ്ഭുത കച്ചവടക്കാരുടെ വായടക്കാൻ കിട്ടിയ അവസരം വോട്ടു ബാങ്കുകൾ കണ്ട് വേണ്ടെന്നു വച്ച ഇടതു മുന്നണി നിലപാടിൽ അതൃപ്തിയും.. ഇത്തരം പ്രചരണങ്ങൾ തന്നെ ആണ് ആളുകളെ വീണ്ടും വീണ്ടും ഇവരുടെ കാൽ ചുവട്ടിൽ എത്തിക്കുന്നത്.
വിശ്വാസികളുടെ വിയർപ്പിന്റെ ഉൽപന്നങ്ങളായ കൊട്ടാരം പോലെ ഉള്ള പള്ളികളും അതിനോടനുബന്ധിച്ചുള്ള സ്വത്ത് വകകളും വിശ്വാസികൾക്ക് ഒരു അവകാശവും ഇല്ലാത്തതും മെത്രാന്റെയും അതു വഴി മാർപ്പാപ്പയുടെയും ഉടമസ്ഥതയിൽ വരുന്നതും ആണ്...
that well said Sebin... poor idiot followers keep on paying money for building mansions all over the world.. recently that trend reduced in western world.. may be church is reducing their income.... but the roman catholic kerala is flourishing all over the world..
did you happen to see this link??
http://syromalabarvoice.blogspot.com/2008/11/blog-post_10.html
നല്ല പോസ്റ്റ്.......
ചാണക്യൻ, മുക്കുവൻ നന്ദി. മുക്കുവൻ, താങ്കൾ തന്ന ലിങ്ക് വായിക്കുന്നു. ആദ്യം സംഗതി ഒന്നു നന്നായി മനസ്സിലാക്കട്ടെ..
എഴുത്ത് കൊള്ളാം.... വളരെ Inert ആയ ഒരു Mass ഇവിടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു മത നേതൃത്വം ഇവിടെ നിലനില്‍ക്കുന്നത് എന്ന് ഞാന്‍ പറയും.എന്റെ വീടിനടുത്തുള്ള ഒരമ്പലത്തിലെ ചില അനാചാരങ്ങളെ എതിര്‍ക്കാനായി ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്നത് നാലും- മൂന്ന് ഏഴ് യുക്തിവാദികള്‍ മാത്രം.തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ "ഭൂരിപക്ഷം" തൊണ്ട തുറക്കാതെ "പലതും" കഴിവ് കെട്ട മുണ്ടം......
Post a Comment