Saturday, February 6, 2010

ദൈവവിളിയും കരി ഓയിലും കമ്യൂണിസവും

കുര്യാക്കോസ്‌ കുമ്പളക്കുഴി ആരാണ്‌ എന്ന്‌ എനിക്കറിയില്ല. അങ്ങനെ ഒരാൾ ഉണ്ടോ അതോ അത്‌ വെറിമൂത്ത ഏതെങ്കിലും പുരോഹിതന്റെ തൂലികാ നാമം ആണോ എന്നും എനിക്ക്‌ സംശയം ഉണ്ട്‌. ഇങ്ങനെ ഉള്ള സംശയങ്ങൾ മുൻപേ ഇല്ലായിരുന്നു. ചില പോസ്റ്റുകളിൽ കമന്റിടുമ്പോൾ ഒരൊരുത്തർ ഞാൻ ഞാനല്ല എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ തുടങ്ങിയ സശയം ആണ്‌. പിന്നെ കാളിദാസൻ പേരു മാറി എഴുതിയതാണ്‌ എന്ന്‌ പറഞ്ഞതു കൊണ്ട്‌ ചെറിയ സമാധാനം.. വല്ല കെ പി സുകുമാരൻ എന്നോ മറ്റോ വിളിച്ചിരുന്നെങ്കിൽ.. ഹോ.. എങ്ങനെ സഹിച്ചേനെ..

അതല്ല പ്രശ്നം.. കുര്യാക്കോസ്‌ കുമ്പളക്കുഴി എന്ന ഒരാൾ ഉണ്ട്‌. മിക്കവാറും വ്യക്തികളുടെ ആത്മകഥകൾ അയാൾക്ക്‌ മനപാഠമാണ്‌. ജീവചരിത്രം എഴുതുന്ന ആളുകൾ അടുത്ത പരിചയക്കാരും. അങ്ങനെ ആരും കേൾക്കാത്ത കുറേ ഏറെ കഥകൾ ഇദ്ദേഹത്തിന്‌ മനപാഠമാണ്‌. ഈ കഥകൾ കേരളത്തിലെ കത്തോലിക്കരെ ആകമാനം നല്ല വഴി കാണിച്ച്‌ ഉടലോടെ സ്വർഗ്ഗത്തിൽ എത്തിക്കാൻ കച്ച കെട്ടി ഇറങ്ങിയ അച്ചന്‌ ചുളുവിലക്ക്‌ നൽകി മേൽപ്പറഞ്ഞ കത്തോലിക്കരെ നരകത്തിനർഹരാക്കുന്ന, സർവ്വ്വോപരി പുരോഹിതന്മാരെ തീരെ ബഹുമാനമില്ലാത്ത കമ്യൂണിസ്റ്റുകളിൽ നിന്നും അവരെ മോചിപ്പിക്കുന്ന പുണ്യകർമ്മത്തിൽ മേൽപ്പടിയാൻ ആവേശപൂർവ്വ്വം പങ്കു ചേരുന്നു.

കുമ്പളക്കുഴി രാവിലേ ഉണരും. അന്ന്‌ ഫ്രൈ ചെയ്യണ്ട കമ്യൂണിസ്റ്റ്‌ നേതാവിനെ നറുക്കിട്ടെടുക്കും. പിന്നെ ഒരു ചിന്തയാണ്‌. ദൈവ വിളി എന്നൊക്കെ പറയുന്ന ഒരു സംഭവം അപ്പൊ ഉണ്ടാകും. അശരീരികൾ കൊണ്ട്‌ അന്തരീക്ഷം ആകെ നിറയും.. അങ്ങനെ ഇന്ദിരാ ഗാന്ധിയോട്‌ ജ്യോതി ബസുവിന്‌ ഉണ്ടായിരുന്ന ഒരു വല്ലാത്ത അറ്റാച്ച്‌മന്റ്‌, ഇ എം എസ്‌ തന്റെ സ്വത്ത്‌ നഷ്ടപ്പെടാതെ ഭാര്യയുടെ പേരിലാക്കി രഹസ്യ സമ്പാദ്യം കൈക്കലാക്കി വച്ച കഥകൾ.. ഹോ വായിക്കണം.. ക്രൈമിൽ പോലും വരില്ല ഇതൊക്കെ. നേരത്തെ പറഞ്ഞ ജ്യോതി ബസു കഥ ഒന്ന്‌ ഇരുത്തി വായിച്ചാൽ ഒരു ഉത്തരാധുനിക മഞ്ഞമസാല ആണ്‌ കേട്ടൊ..

"അഭിജാത വംശത്തിൽ ജനിച്ചുവളർന്ന്‌, വിദേശത്തുപോയി ഉന്നത വിദ്യാഭ്യാസം നേടി മടങ്ങിയെത്തിയ അദ്ദേഹം ഉള്ളിന്റെയുള്ളിൽ പാവങ്ങളുമായി താദാത്മ്യം പ്രാപിച്ചിരുന്നുവോ? അതല്ല, വിപ്ലവാഭിമുഖ്യവും നിസ്വവർഗ പ്രണയവും ഒരലങ്കാരംപോലെ എടുത്തണിഞ്ഞതേയുള്ളോ!
"

"അദ്ദേഹം സൂചിപ്പിക്കുന്ന 'ദ്വന്ദ്വഭാവം' സത്യസന്ധമായ ഒരു വ്യക്തി കമ്യൂണിസ്റ്റായിരിക്കാൻ നിർബന്ധിതനാകുമ്പോൾ നിരന്തരം അനുഭവിക്കേണ്ടിവരുന്ന ആത്മസംഘർഷത്തിന്റെ അടയാളമാണ്‌."

ഹൊ.. എന്താല്ലേ.. ഇതൊക്കെ നമ്മൾ ആരെങ്കിലും അറിഞ്ഞതാണോ? ദൈവവിളി ഇതായിരിക്കുമോ?

അപ്പോ കുമ്പളക്കുഴി ഒരു കമ്യൂണിസ്റ്റ്‌ വേട്ടക്കാരൻ മാത്രമാണ്‌. ടിയാൻ കമ്യൂണിസ്റ്റ്‌ നേതാക്കളുടെ അല്ലാതെ ആരുടെയും ജീവചരിത്രമോ ആത്മകഥയോ വായിക്കാറില്ല. ഗാന്ധിയുടെ ആത്മകഥയോ ബൈബിളൊ കണ്ടിട്ടു പോലുമില്ല. അല്ല, അതൊക്കെ വായിക്കുന്നുണ്ടേൽ അവരെ ആരേം കുറ്റം പറഞ്ഞ ലേഖനങ്ങളും കാണണ്ടതല്ലേ? ആത്മകഥയിൽ ഗാന്ധി തന്നെ കുമ്പളക്കുഴിക്ക്‌ മസാലക്ക്‌ വക നൽകാൻ ഇഷ്ടം പോലെ സംഭവങ്ങൾ എഴുതിയിട്ടുണ്ടല്ലോ.. പണ്ട്‌ ഏതൊ പെണ്ണുങ്ങൾക്ക്‌ ഗാന്ധി വസ്ത്രങ്ങൾ ഒക്കെ നൽകിയ സംഭവം ഒരു രഹസ്യ പുടവ കൊടുക്കൽ ഒക്കെ ആക്കാൻ കുഴിസാറിന്‌ ഒരു പ്രയാസവും ഉണ്ടാകില്ലല്ലോ.. പിന്നെ ചെകുത്താന്റെ പരീക്ഷണ സമയത്ത്‌ മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്‌ അതിന്‌ വചനം ആയാലും മതി എന്ന്‌ പറഞ്ഞ ജീസസ്‌ അയ്യായിരം പേരെ ഒന്നിച്ച്‌ കണ്ടപ്പോൾ അവർക്കെല്ലാം അപ്പം കൊടുത്തത്‌ ഒറ്റയടിക്ക്‌ ഹീറോ ആകാനാണെന്നും പറഞ്ഞു കണ്ടില്ല. അല്ലെങ്കിൽ തന്റെ പ്രസംഗം കേട്ട്‌ ബോറടിച്ച്‌ ആളുകൾ പിരിഞ്ഞുപോകാതെ ഇരിക്കാനാണെന്നത്‌ ഒരു നല്ല ന്യായം ആകുമായിരുന്നു. അദ്ഭുതം കാണിച്ച്‌ ആളെ ഞെട്ടിച്ച്‌ നേതാവാകുന്ന സ്വഭാവം അങ്ങേർക്കുണ്ടായിരുന്നെങ്കിൽ അങ്ങേർ കുരിശിൽ നിന്ന്‌ ഇറങ്ങി വന്ന്‌ ഒറ്റയടിക്ക്‌ ലോകം മുഴുവനേയും വിശ്വാസികൾ ആക്കില്ലായിരുന്നോ? അല്ലാതെ ആരും കാണാതെ ഉയർക്കുകയും ഒളിച്ചും പാത്തും സ്വർഗ്ഗത്തിലേക്ക്‌ മുങ്ങി അവിശ്വാസികൾക്ക്‌ അവിശ്വസിക്കാൻ ഒരു കാരണം കൊടുക്കാൻ മെനക്കെടുമോ? പക്ഷേ ഇതൊക്കെ വായിച്ചാൽ ഷെവലിയാർ ആകാൻ കുടുമ്പത്തിൽ നിന്നും കാശു കൊടുക്കണ്ട അവസ്ഥ വരും. മേലനങ്ങാതെ സ്വയം നേതാക്കന്മാരായി തിന്നു കുടിച്ച്‌ ആർമാദിക്കുന്നവന്റെ കാലുനക്കാൻ ഒരു കാശു ചെലവും ഇല്ലെന്ന്‌ മാത്രമല്ല പലവിധ ആനുകൂല്യങ്ങൾ കിട്ടുകയും ചെയ്യും. അൽമായരുടെ ഇടയിൽ ചാരപ്പണി ചെയ്യുന്നവന്‌ അരമനയിൽ സ്ഥാനം വലതു വശത്ത്‌ തന്നെ ആണ്‌. അല്ലാത്തവന്‌ തൊലിച്ചുകൊണ്ട്‌ എച്ചിലു തിന്നാം. അതായത്‌ ളോഹയിട്ടാൽ അധികാരം സുഖജീവിതം. അൽമായ ചാരന്മാർക്ക്‌ കത്തോലിക്കർ എന്ന പേര്‌. അല്ലാത്ത വിശ്വാസിക്ക്‌ എല്ലാം കാണാം ബാക്കി വല്ലതും ഉണ്ടെങ്കിൽ നക്കാം.. എതിർക്കുന്നവർക്ക്‌ സലിം കുമാർ പറഞ്ഞ പോലെ അൽ ഫത്തലൂ.. അതായത്‌.. തീ നരകം..

ചുമ്മാ അല്ല കാർന്നോന്മാർ പറയുന്നത്‌ കാശുള്ളവൻ ക-ത്തോലിക്കൻ, കാ ഇല്ലെങ്കിൽ വെറും തൊലിക്കാൻ..