Saturday, April 24, 2010

ഹാക്കിങ്ങും ക്രാക്കിങ്ങും

പോസ്റ്റ്‌ കണ്ടപ്പോള്‍ ഒരു ചെറിയ മനപ്രയാസം തോന്നി. ഹാക്കിങ്ങും ക്രാക്കിങ്ങും ഇപ്പോള്‍ പൊതുവേ ഒരേ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കപ്പെടുന്ന രണ്ടു വാക്കുകള്‍ ആണ്. എന്നാല്‍ ഇത് രണ്ടും ഒരിക്കലും ഒന്നല്ല എന്ന് മാത്രമല്ല തമ്മില്‍ നൈതികമായ വലിയ വ്യത്യാസങ്ങള്‍ ഉണ്ടുതാനും.

ആദ്യമേ തന്നെ ക്രാക്കിംഗ് എന്താണെന്ന് പറയാം. ഈ പരിപാടി പൊതുവേ ചെയ്യുന്നവര്‍ അവരെ തന്നെ ഹാക്കര്‍മാര്‍ എന്ന് വിളിക്കുന്നതുകാരണം ഈ വാക്ക്‌ പൊതുവേ ഉപയോഗിക്കപ്പെടുന്നില്ല. ഒരു ക്രാക്കര്‍ പൊതുവേ:
  1. മറ്റുള്ളവരെ ഉപദ്രവിക്കുക എന്നാ ഉദ്ദേശ്യത്തോടെ കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറുകയും വിവരങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്നു.
  2. ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെയും മറ്റും വിവരങ്ങള്‍ കരസ്ഥമാക്കുകയും പണം മോഷ്ടിക്കുകയും ചെയ്യുന്നു.
  3. ഓര്‍ക്കുട്ടിലും ഫെയിസ് ബുക്കിലും മെയിലുകളിലും മറ്റും നുഴഞ്ഞു കയറി അവയിലെ യഥാര്‍ത്ഥ അക്കൌണ്ട് ഉടമകള്‍ക്ക്‌ അപകീര്‍ത്തികരമായ രീതിയില്‍ വ്യക്തിപരമായ വിവരങ്ങള്‍ (പലപ്പോഴും തെറ്റായവ) നല്‍കുകയും അവരുടെ മെയില്‍ അക്കൌണ്ടുകള്‍ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു.
  4. പണം നല്‍കി വാങ്ങേണ്ടുന്ന സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകള്‍ റിവേഴ്സ് എങ്ങിനീയറിംഗ് വഴി ഉണ്ടാക്കുകയോ പണം നല്‍കാതെ തന്നെ അവയെ ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റുകയോ ചെയ്യുന്നു.
  5. വ്യാജമായ വെബ്‌ പേജുകള്‍ ഉണ്ടാക്കി വിവരങ്ങള്‍ വഴി തിരിച്ചു വിടുന്നു. (വ്യാജമായ ലോഗിന്‍, ഷോപ്പിംഗ്‌ പേജുകള്‍ )
  6. കീ ലോഗര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് പാസ്‌വേഡ് പോലെ ഉള്ള വിവരങ്ങള്‍ ചോര്‍ത്തി എടുക്കുകയും അവ ദുരുപയോഗം ചെയ്യുകയും ചെയ്യുക.
ഇവ കൂടാതെ വയര്‍ലെസ്സ്‌ നെറ്റ്വര്‍ക്കുകളുടെ പാസ്‌വേഡ് കണ്ടുപിടിക്കുകയും അവ അനധികൃതമായി ഉപയോഗിക്കുകയും ചെയ്യുക എന്നതൊക്കെ ഇതില്‍ പെടും. മറ്റുള്ളവരെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് പൊതുവേ നടത്തുന്ന ആക്രമണങ്ങള്‍ ആണ് ഇവ. ഈ അടുത്ത കാലത്ത്‌ ചൈനയിലെ ഗൂഗിള്‍ സെര്‍വറുകളില്‍ നടന്ന നുഴഞ്ഞു കയറ്റങ്ങള്‍ ഒക്കെ ഇവയില്‍ പെടും. ഇതിനെ ഒക്കെ ഹാക്കിംഗ് എന്ന് വിളിക്കുന്നത്‌ ഒരു വലിയ സമൂഹത്തിനോട് ചെയ്യുന്ന ക്രൂരമായ അപമാനം ആണ്.

A cracker is someone who breaks into someone else's computer system, often on a network; bypasses passwords or licenses in computer programs; or in other ways intentionally breaches computer security. A cracker can be doing this for profit, maliciously, for some altruistic purpose or cause, or because the challenge is there. Some breaking-and-entering has been done ostensibly to point out weaknesses in a site's security system.

The term "cracker" is not to be confused with "hacker". Hackers generally deplore cracking. However, as Eric Raymond, compiler of The New Hacker's Dictionary notes, some journalists ascribe break-ins to "hackers." ( from http://searchsecurity.techtarget.com)

ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങള്‍ ആണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്. ഹാക്കര്‍ ആകുവാന്‍ കമ്പ്യൂട്ടറില്‍ ആഴത്തിലുള്ള അറിവ്‌ അത്യാവശ്യമാണ്. ഒരു കണക്കിന് പറഞ്ഞാന്‍ ഓപ്പണ്‍ സോഴ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും ഹാക്കര്‍മാര്‍ ആണ്. റിച്ചാര്‍ഡ്‌ സ്റ്റാള്‍മാന്‍, ലിനസ്‌ ടോര്‍വാള്‍ഡ്സ് ഒക്കെ. നിലവിലുള്ള ഒരു സംവിധാനത്തെ ആഴത്തില്‍ പഠിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അതിനെ പരിഷ്കരിക്കുകയും ഒക്കെ ഹാക്കര്‍മാരുടെ പ്രവര്‍ത്തികളില്‍ പെടുന്നു. ഒരു കമ്പനി അവരുടെ ഉല്‍പന്നങ്ങളെ പറ്റിരഹസ്യമായി വയ്ക്കുന്ന പല കാര്യങ്ങളും ഇവര്‍ കണ്ടെത്തി പുറത്തു കൊണ്ടുവരുന്നു. ഇതില്‍ ആ ഉല്പന്നത്തിന്റെ സുരക്ഷാ പാളിച്ചകളും ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്ക് മേലെ ഉള്ള കടന്നുകയറ്റങ്ങളും ഒക്കെ ഉണ്ടാകും. ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഉണ്ടായിരുന്ന റ്റി എസ് ആര്‍ സംവിധാനം പുറത്തു കൊണ്ടുവന്നത് ഹാക്കര്‍മാര്‍ ആയിരുന്നു. മൈക്രോസോഫ്റ്റ്‌ ഒരു പ്രിന്‍റ് സ്പൂളറിനു മാത്രം ആദ്യം ഉപയോഗിച്ചിരുന്ന ഈ സംവിധാനം ഡോസില്‍ പിന്നീട് ഉപയോഗപ്രദമായ പല പ്രോഗ്രാമുകളും ഉണ്ടാകുന്നതിന് വഴിവച്ചു. ഇതുകൊണ്ട് മൈക്രോസോഫ്റ്റിന് നഷ്ടങ്ങള്‍ ഒന്നും ഉണ്ടായതായി ആരും പറഞ്ഞു കേട്ടില്ല.

ഹാക്കിങ്ങിനെയും ഹാക്കര്‍മാരെയും പറ്റി കൂടുതല്‍ അറിയാന്‍ ഇത് കൂടി വായിക്കുക. ഒരു നല്ല സംസ്കാരത്തെ അതിന്റെ ഭാഗമെന്നു സ്വയം അവകാശപ്പെടുന്ന ഒരു കൂട്ടം വക്ര ബുദ്ധികളുടെ തന്തയില്ലായ്മ കാരണം വെറുക്കരുത്. ഹാക്കര്‍മാര്‍ തങ്ങളുടെ പരിജ്ഞാനവും കഴിവുകളും ഒരു സമൂഹത്തിന്റെ നന്മക്കും മെച്ചപ്പെടുതലുകള്‍ക്കും വേണ്ടി ഉപയോഗിക്കുന്നവര്‍ ആണ്. നെറ്റ്വര്‍ക്കുകളുടെ സുരക്ഷാ പരിശോധനകള്‍ക്കായി അവര്‍ തയ്യാറാക്കിയ പല പ്രോഗ്രാമുകളും ആണ് ക്രാക്കര്‍ മാരുടെആയുധം എന്നുകൂടി അറിയുക. എയര്‍ക്രാക്കും വയര്‍ഷാര്‍ക്കും ഒക്കെ ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നവയില്‍ മുന്‍പിലാണ്. മറ്റുള്ളവരുടെ നല്ല പ്രവര്‍ത്തികള്‍ സ്വന്തം ലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്ന ഒരു സമൂഹത്തെ ആദ്യത്തെ ആളുകളുടെ ഗണത്തില്‍ പെടുത്തി എല്ലാവരെയും ഒരുമിച്ചു വെറുക്കുന്ന ഈ ഒരു അവസ്ഥ മാറേണ്ടത് തന്നെ ആണ്.

13 comments:

സുബിന്‍ said...

ഹാക്കിങ്ങും ക്രാക്കിങ്ങും ഇപ്പോള്‍ പൊതുവേ ഒരേ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കപ്പെടുന്ന രണ്ടു വാക്കുകള്‍ ആണ്. എന്നാല്‍ ഇത് രണ്ടും ഒരിക്കലും ഒന്നല്ല എന്ന് മാത്രമല്ല തമ്മില്‍ നൈതികമായ വലിയ വ്യത്യാസങ്ങള്‍ ഉണ്ടുതാനും.

prasanth waiting 4 u said...

തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കുന്നു....
എന്നിരുന്നാലും ചില സംശയങ്ങള്‍ ചോദിച്ചു കൊള്ളട്ടേ?
ഹാക്കിംഗ് എന്നത് ഒരു പോസിറ്റീവ് വേര്‍ഡ് ആണ് എങ്കില്‍ എത്തിക്കല്‍ ഹാക്കിംഗ് എന്ന് എടുത്ത് പറയുന്നതിന്റെ ഉദ്ദേശമെന്താണ്?
അടുത്തത്, സാങ്കേതീക പദങ്ങള്‍ക്ക് ഉചിതമായ ഡെഫനിഷനുകള്‍ ചില പ്രശസ്ഥ സ്റ്റാന്‍ഡേര്‍ഡൈസിങ്ങ് കൂട്ടായ്മകള്‍ നല്‍കാറുണ്ടല്ലോ അത് പോലെ ഹാക്കിങ്ങ് എന്നതിന് ഡെഫനിഷന്‍ ഉണ്ടോ?
പിന്നെ ക്രാക്കര്‍ ഒരു ലോ ഗ്രേഡ് ഹാക്കര്‍ എന്ന് പല ഫോറങ്ങളിലും വായിച്ചിട്ടുണ്ട്, അത് ശരിയാണോ?(മാത്രമല്ല ക്രാക്കര്‍ എന്നത് അധികം ബുദ്ധി വേണ്ടാത്ത ഹാക്കിങ്ങ് പരിപാടി ആണെന്നും)
നാം ഗൂഗിളില്‍ ഓര്‍ക്കൂട്ട് ഹാക്കിംഗ് മെതേഡുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഫിഷിങ്ങിനെ ഒരു ഹാക്കിഗ് മെതേര്‍ഡായി പലരും എഴുതിക്കാണുന്നുണ്ട്. ഉദാഹരണത്തിന്
ഇവിടെ.
പിന്നെ ദേ കിടക്കുന്നു.
ഇങ്ങനെ പല പല ആര്‍ട്ടിക്കിളുകളില്‍ പോലും നമുക്ക് ഇതിനെ ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു.
ഇനി മറ്റുചില സൈറ്റുകളില്‍ ഹാക്കിംഗ് എന്നത് ഒരു സിസ്റ്റത്തിന്റെ അഡ്മിനിസ്രേറ്റീവ് പവ്വര്‍ പിടിച്ചെടുക്കുന്നതിനെ എന്ന് പറയുന്നു. മറ്റു ചിലയിടങ്ങളില്‍ ഹാക്കിങ്ങിനെ വിവരങ്ങള്‍ അനധിക്രതമായി ചോര്‍ത്തല്‍ എന്ന് പറയുന്നു. "ഫിഷിങ്ങിലും" ഇത്തരത്തില്‍ ഒരനധിക്രത ചോര്‍ത്തല്‍ അല്ലേ?
മാത്രമല്ല മറ്റ് ചിലയിടങ്ങളില്‍ ബുദ്ധിപരമായ രീതിയില്‍ അതിവേഗം കംപ്യൂട്ടര്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനെ ഹാക്കിംഗ് എന്ന് പയോഗിച്ചു കണ്ടു. പിന്നെ ഈ എത്തിക്കല്‍ ഹാക്കിംഗ് എന്ന് എടുത്ത് പറയുന്നതിന്റെ ഉദ്ദേശവും ഒന്ന് പറയണേ. പിന്നെ ആ പോസ്റ്റ് , ഇങ്ങനെ വായിച്ചറിഞ്ഞ് എനിക്ക് കിട്ടിയ അറിവ് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനുള്ള വ്യഗ്രതയിലായിരുന്നു.ആര്‍ക്കും ഇങ്ങനെയൊരു അബദ്ധം പറ്റാതിരിക്കുവാന്‍ :-) .തെറ്റുപറ്റിക്കാണാം. എങ്കിലും താങ്കള്‍ക്ക് ഇത് "മനപ്രയാസം" ഉണ്ടാക്കി എന്നറിയുന്നതില്‍ എനിക്കും മനോവിഷമം ഉണ്ട്.
നീട്ടുന്നില്ല. കമന്റ് അല്ലേ? :‌)

Anonymous said...

പിന്നെ ചൈനയിലെ ഗൂഗിളിലേക്കുള്ള നുഴഞ്ഞുകേറ്റത്തിനെ ലോക പത്രമാധ്യമങ്ങള്‍ "ഹാക്കിംഗ്" എന്ന ലേബലോടെ വിശദീകരിച്ചപ്പോള്‍ ആരും പ്രതികരിച്ചു കണ്ടില്ല. എന്തിന് BBC പോലും. അതുപോലെ നടക്കുന്ന സൈബര്‍ അക്രമണങ്ങളെ ഒട്ടുമുക്കാലും എല്ലാവരും ഹാക്കിങ്ങ് എന്ന് പറഞ്ഞും കണ്ടിട്ടുണ്ട്

സുബിന്‍ said...

ക്രാക്കിങ്ങിനെ കൂടി ഹാക്കിംഗ് എന്ന് പൊതുവേ പറഞ്ഞു വരുന്ന ഒരു സാഹചര്യത്തില്‍ ആണ് എത്തിക്കല്‍ ഹാക്കിംഗ് എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയത് എന്ന് തോന്നുന്നു. അത് തികച്ചും അനാവശ്യമാണ്. ഹാക്കിംഗ് എന്നത് എല്ലാ അര്‍ത്ഥത്തിലും എത്തിക്കല്‍ തന്നെ ആണ്. ഒരു പക്ഷെ തങ്ങളുടെ ഉല്പന്നങ്ങളില്‍ ഒളിച്ചു വച്ച പലതും പുറത്തു കൊണ്ടുവന്ന, അല്ലെങ്കില്‍ തങ്ങളെ കൊണ്ട് സാധിക്കാതിരുന്ന പലതും ചുരുങ്ങിയ സമയത്തില്‍ ചെയ്തു തീര്‍ത്ത ഒരു സമൂഹത്തോട് കോര്‍പ്പറേറ്റ്കള്‍ പക തീര്‍ത്തതും ആവാം എല്ലാത്തിനെയും ഹാക്കിംഗ് എന്ന് വിളിച്ച് തുടങ്ങാന്‍ കാരണം. ബിസിനസ് വശത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ഫ്രീ ആയി ഒരു സംവിധാനത്തെ മെച്ചപ്പെടുത്തി കൊടുക്കുന്നു എന്നത് അത്ര നല്ല ഒരു കാര്യമല്ലല്ലോ..

Digan said...

ശ്ശൊ!! കഷ്ടായിപ്പോയി

സുബിന്‍ said...

പിന്നെ ചൈനയിലെ ഗൂഗിളിലേക്കുള്ള നുഴഞ്ഞുകേറ്റത്തിനെ ലോക പത്രമാധ്യമങ്ങള്‍ "ഹാക്കിംഗ്" എന്ന ലേബലോടെ വിശദീകരിച്ചപ്പോള്‍ ആരും പ്രതികരിച്ചു കണ്ടില്ല. എന്തിന് BBC പോലും
ഇതിന്റെ കാരണവും ഞാന്‍ നേരത്തെ പറഞ്ഞത് തന്നെ ആവണം.. ഹാക്കര്‍മാര്‍ ഒരു വലിയ വിഭാഗത്തിന് സ്വീകാര്യര്‍ അല്ല എന്നത് തന്നെ. അപ്പൊ ആ സമൂഹത്തെ താറടിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒക്കെ ഉപയോഗിക്കപ്പെടുന്നു. മാത്രമല്ല ക്രാക്കര്മാര്‍ പൊതുവെ ചെയ്യുന്ന കാര്യങ്ങള്‍ ഒക്കെ നല്ല അറിവ് വേണ്ടവ ആണ് എന്ന ഒരു ധാരണ നില നില്‍ക്കുന്നതിനാല്‍ അവരെ ഹാക്കര്‍മാര്‍ എന്ന് വിളിച്ചാലും ആര്‍ക്കും അതില്‍ തെറ്റ് തോന്നാന്‍ വഴിയില്ലല്ലോ..

Anonymous said...

നമ്മുടെ എംടിസാറിന് കിട്ടിയ പണി എല്ലാരും അറിഞ്ഞു കാണുമെല്ലോ? ഇല്ലേല്‍ നോക്കിക്കേ....
അവന്മാരും എഴുതിവെച്ചേക്കണൂ ഹാക്കിംഗ്
http://www.mtvasudevannair.com/

യാരിദ്‌|~|Yarid said...

:)

Captain Haddock said...

സംഭവം മനസില്ലക്കാന്‍ ഉള്ള വിവരം എനിക്ക് ഇല്ല, ഒരു ട്രാക്ക്‌ കിടക്കട്ടെ. നാളെ മനസിലായാലോ, അല്ലെ ?

ഞാന്‍ said...

Ethical hacking is a misnomer, as hacking is always ethical.

സുബിന്‍ said...

^^ That is my whole point

സുബിന്‍ said...

പ്രശാന്ത്‌,
താങ്കളെ മാത്രം ഉദ്ദേശിച്ചു എഴുതിയ ഒരു ലേഖനം അല്ല ഇത്. ഉദാഹരണമായി ഒരു പോസ്റ്റ്‌ കൊടുത്തു എന്ന് മാത്രമേ ഉള്ളൂ. ഇതിനെ പേഴ്സണല്‍ ആയി എടുക്കരുത്.

ദിഗന്‍, യാരിദ്‌, ക്യാപ്റ്റന്‍ പിന്നെ വായിക്കാന്‍ സമയം കണ്ടെത്തിയ എല്ലാവര്‍ക്കും വളരെ നന്ദി.

Anonymous said...

ഇവിടെ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടു്. ഇവിടെ ക്രാക്കിങ്ങ് ആയി പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും (1, 3, 6) ‘സ്ക്രിപ്റ്റ് കിഡ്ഡി’ എന്ന പരിഹാസപ്പേരില്‍ അറിയപ്പെടുന്നവര്‍ ചെയ്യുന്ന കാര്യങ്ങളാണു്. അവരെ ക്രാക്കര്‍മാര്‍ തങ്ങളുടെ കൂട്ടത്തില്‍ കണക്കാക്കാറില്ല. കാരണം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ വലിയ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല എന്നതു തന്നെ. ഫിഷിങ്ങ് (5) ആകട്ടെ ഒരു 'social engineering’ technique മാത്രമാണു് .