Tuesday, March 27, 2012

വിശ്വാസിയുടെ സ്വാഭാവിക അസഹിഷ്ണുത പ്രകടമാക്കി മാര്‍പ്പാപ്പയും സോഷ്യലിസ്റ്റിന്റെ സഹിഷ്ണുതയുമായി ക്യൂബയും.

വേറെ ഒരു മതം കാലഹരണപ്പെട്ടതാണ് എന്നും പറഞ്ഞു ആ മതത്തിനു വലിയ സ്വാധീനമുള്ള ഒരു സ്ഥലത്തേക്ക് കയറി ചെന്നാല്‍ വിവരം അറിയും. അത് മതങ്ങളുടെ സഹജമായ അസഹിഷ്ണുത. ഇവിടെ മാര്‍പ്പാപ്പയുടെ വിവരക്കേടിനു മാന്യത കൊണ്ടും സഹിഷ്ണുത കൊണ്ടും മറുപടി കൊടുത്ത ക്യൂബ ഒരു നല്ല സംസ്കാരം തന്നെ കാണിച്ചു. പഴയ നാസി പട്ടാളക്കാരന്‍ (പവ്വത്തിലിന്റെ ഭാഷയില്‍   മഹാ പണ്ഡിതന്‍, ചക്കര കുട്ടന്‍) ക്യൂബയിലെ വിപ്ലവ ചത്വരത്തില്‍ കുര്‍ബാന നടത്തി. പരമ്പരാഗത മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന് വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളോടു പ്രതികരിക്കാനാവുന്നില്ലെന്ന്  ഉള്ള വലിയ കണ്ടുപിടുത്തം നടത്തി വന്ന പണ്ഡിതനെ വര്‍ഷങ്ങളായി മുതലാളിത രാഷ്ട്രങ്ങളുടെ ഉപരോധത്തിന് മുന്നില്‍ പിടിച്ചു നിന്ന ഒരു ജനത, അതും ആകെ ജനസംഖ്യയുടെ പത്തുശതമാനം പോലും കത്തോലിക്കര്‍ ഇല്ലാത്ത ഒരു നാട്ടില്‍ മുഖത്ത് തുപ്പാതെ സ്വീകരിച്ചതു ഇനിയെങ്കിലും മഹാ പണ്ഡിതരെ ഒന്ന് ചിന്തിപ്പിക്കും എന്ന് കരുതുന്നു. ക്യൂബയില്‍ ഇപ്പൊ കത്തോലിക്കാ വോട്ടു കിട്ടാന്‍ ഇലക്ഷന്‍ ഒന്നും നടക്കാനില്ലാത്ത സാഹചര്യത്തില്‍ അവര്‍ കാണിച്ച മാന്യത കമ്യൂണിസ്റ്റ്  സഹജമായ മനുഷ്യത്വം ആയി തന്നെ കാണണം. ഇനി മാര്‍പ്പാപ്പയെ ചീത്ത പറഞ്ഞാല്‍ നരകത്തില്‍ പോകും എന്ന് പേടിച്ചാണ് അവര്‍ അങ്ങനെ ചെയ്തത് എന്ന് പറയാനാണെങ്കില്‍ ഒരു നല്ല നമസ്കാരം. 

ആധുനിക ലോകത്തിനു വളരെ ഒത്തു പോകാവുന്ന ഒരു സംഭവം ആണ് കത്തോലിക്കാ വിശ്വാസം എന്ന കാര്യം മാര്‍പ്പാപ്പ കഴിഞ്ഞ തവണത്തെ കൃത്രിമഗര്‍ഭധാരണ രീതികളോടുള്ള സമീപനം വ്യക്തമാക്കിയത് വഴി എല്ലാവര്ക്കും മനസ്സിലാക്കി കൊടുത്തതാണ്. കാര്യം ശരിയാണ്. അബോര്‍ഷന്‍ ദൈവ ഇഷ്ടത്തിന് വിരുദ്ധമാണെങ്കില്‍ ഐ വി എഫും എന്തിനു, രോഗത്തിന് ചികിത്സ തേടുന്നത് വരെ ദൈവ വിരുദ്ധം തന്നെ ആണ്. സര്‍വ്വ ശക്തനായ ദൈവം അവന്റെ ഇഷ്ട പ്രകാരം മനുഷ്യന് കൊടുക്കുന്ന രോഗത്തെ ചികിത്സിക്കാന്‍ പരമ പുഴു ആയ മനുഷ്യന് എന്തവകാശം? എന്തോ കേരളത്തിലെ പണ്ഡിതന്മാര്‍ ഒന്നും ഇതിനെ പറ്റി അഭിപ്രായം പറഞ്ഞുകണ്ടില്ല. ചെലപ്പോ ഇലക്ഷന്‍ ബഹളത്തില്‍ മുങ്ങിക്കാണും. (അതോ ഇനി വിശ്വാസികള്‍ തന്നെ മുഖത്ത്  തുപ്പിയാലോ എന്ന് പേടിച്ചാകാനും മതി. സ്വന്തം തൊഴിലും മാന്യതയും ഒക്കെ ആര്‍ക്കാണ് വിലയില്ലാത്തത്). പ്രാര്‍ഥനയുടെ ശക്തി കൊണ്ട് ശത്രുക്കളുടെ ആക്രമണം വരെ ഒഴിവായ കഥകള്‍ വലിയ വായില്‍ പ്രഘോഷിച്ച്  എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു ഭയമില്ലാതെ ജീവിക്കാനും വിശ്വാസത്തിന്റെ ശക്തിയില്‍ അപകടങ്ങള്‍ തനിയെ മാറുമെന്നും രോഗങ്ങള്‍ ഭേദമാകുമെന്നും വിളിച്ചു കൂവി നാവു വായിലിട്ട ഉടനെ നാലിഞ്ചു കനത്തില്‍ ബുള്ളറ്റ്പ്രൂഫ്‌  കവചത്തിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങുന്ന വലിയ ഇടയന്‍ തീര്‍ച്ചയായും വലിയ വിശ്വാസി തന്നെ ആയിരിക്കണം. ഒരു സാധാരണ വിശ്വാസി പോലും ഒന്ന് അറിഞ്ഞു വിളിച്ചാല്‍ നേരിട്ട് വന്നു സഹായിക്കുന്ന ദൈവം കോടിക്കണക്കിനു വിശ്വാസികളുടെ ഇടയനെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ മിനിമം ആയുധധാരികളായ രണ്ടു മാലാഖമാരെ എങ്കിലും വിട്ടു കൊടുക്കില്ലേ?

ആരും അബോര്‍ഷന്‍ നടത്താത്ത, ഗര്‍ഭനിരോധന ഉറകള്‍ക്ക്  സ്ഥാനമില്ലാത്ത, കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ അതിന്റെ പേരില്‍ ദൈവത്തിനു നന്ദി പറഞ്ഞു ജീവിക്കുന്ന, കുഴപ്പമൊന്നും ഇല്ലാത്തവര്‍ നൂറു കണക്കിന് സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന, ആയുധങ്ങള്‍ വെടിഞ്ഞു ആള്‍ക്കാര്‍ പ്രാര്‍ത്ഥന കൊണ്ട് ശത്രുക്കളെ അകറ്റി നിര്‍ത്തുന്ന, രോഗങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറഞ്ഞു മരുന്ന് വാങ്ങാതെ ഇരിക്കുന്ന, വര്‍ഗ്ഗീയ വിഷം തുപ്പി ആരാലും തെരഞ്ഞെടുക്കപ്പെടാതെ വിശ്വാസികളെ ഭരിക്കാനും  ആ വിശ്വാസിയുടെ വിയര്‍പ്പുകൊണ്ട്  മേലനങ്ങാതെ ജീവിക്കാന്‍ അധികാരവുമുള്ള ഇടയന്മാരെ എല്ലാ കാലവും തീറ്റി പോറ്റുകയും ചെയ്യുന്ന സമത്വസുന്ദരമായ കത്തോലിക്കാ ലോകം എത്രയും വേഗം വരട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു. ഇത് മാത്രമാണ് ആധുനിക ലോകത്തിനു യോജിച്ചത് .

No comments: